ഗൗട്ട് വേദന കഠിനമാണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറി...

By Web Team  |  First Published Oct 6, 2023, 8:49 AM IST

ശരീരത്തിൽ അധികമായ യൂറിക് ആസിഡ്, ക്രിസ്റ്റലുകളായി കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടുന്നു. ഇതുമൂലം പെരുവിരലിലെ സന്ധികളില്‍ കഠിനമായ വേദന അനുഭവപ്പെടും. 


യൂറിക് ആസിഡിന്‍റെ തോത് ശരീരത്തില്‍ കൂടുമ്പോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാറുണ്ട്. അതിനെയാണ്  ഗൗട്ട് എന്ന് പറയുന്നത്. മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഒന്നാണ് യൂറിക് ആസിഡ്. അതായത് ഭക്ഷണത്തില്‍ പ്രോട്ടീനിന്റെ അളവ് കൂടുന്നതും യൂറിക് ആസിഡ് രക്തത്തില്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. ശരീരത്തിൽ അധികമായ യൂറിക് ആസിഡ്,  ക്രിസ്റ്റലുകളായി കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടുന്നു. ഇതുമൂലം പെരുവിരലിലെ സന്ധികളില്‍ കഠിനമായ വേദന അനുഭവപ്പെടും. 

നിങ്ങളുടെ ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നത്  ഗൗട്ട് എന്ന ഇൻഫ്ളമേറ്ററി ആർത്രൈറ്റിസിനെ തടയാനും സന്ധി വേദന കുറയ്ക്കാനും സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഗൗട്ടിനെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധനായ ഡാൻ ഗുബ്ലര്‍ പറയുന്നത്. ഓറഞ്ച്, കിവി, ഗ്രേപ്ഫ്രൂട്ട് എന്നിവയേക്കാൾ കൂടുതൽ വിറ്റാമിൻ സി ഉള്ളത് റെഡ് ബെല്‍ പെപ്പര്‍ അഥവാ കാപ്സിക്കത്തിനാണെന്നും അതിനാല്‍ റെഡ് ബെല്‍ പെപ്പര്‍ കഴിക്കുന്നത് ഗൗട്ടിനെ കുറയ്ക്കാന്‍ സഹായിക്കുമെന്നും ഡാൻ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. 

Latest Videos

undefined

റെഡ് ബെല്‍ പെപ്പറിന് കുറഞ്ഞ പ്യൂരിൻ ഉള്ളടക്കം ഉള്ളതിനാൽ ഗൗട്ട് ഉള്ളവര്‍ക്ക് ഇവ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.  റെഡ് ബെല്‍ പെപ്പറിന് ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്. കൂടാതെ ഇവയില്‍ വിറ്റാമിനുകളും ആന്‍റി ഓക്‌സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ശരീര വേദനയുള്ളവര്‍ക്ക് വേദനയില്‍ നിന്ന് ആശ്വാസം നല്‍കാനും ഇത് സഹായിക്കുന്നു. നമ്മുടെ തൊലിയില്‍ നിന്നും സ്പൈനല്‍ കോര്‍ഡിലേക്ക് വേദനയുടെ ആവേഗങ്ങളെ എത്തിക്കുന്നത് തടയുകയും സ്വാഭാവികമായ പെയിന്‍കില്ലറായി കാപ്സിക്കം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ സി അടങ്ങിയ കാപ്സിക്കം രോഗ പ്രതിരോധശേഷി കൂട്ടാനും ക്യാന്‍സര്‍ സാധ്യതകളെ പ്രതിരോധിക്കാനും സഹായിക്കും. വിറ്റാമിനുകളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ബെല്‍ പെപ്പര്‍ കണ്ണിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. വിറ്റാമിന്‍ ബി6 അടങ്ങിയ ബെല്‍ പെപ്പര്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

 

ബെല്‍ പെപ്പറിനെ കൂടാതെ, കാബേജ്, ബീറ്റ്റൂട്ട് തുടങ്ങിയ പച്ചക്കറികളും നിങ്ങളുടെ ഡയറ്റില്‍ ഉൾപ്പെടുത്തുന്നത് ഗൗട്ട് ഉള്ളവര്‍ക്ക് പ്രയോജനകരമാണെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. യൂറിക് ആസിഡിന്‍റെ കൂടുതലുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ കൂടി പരിചയപ്പെടാം... 

നേന്ത്രപ്പഴം, ഫാറ്റ് കുറഞ്ഞ യോഗര്‍ട്ട്, കോഫി, ഓറഞ്ച്, നാരങ്ങ, ചെറി പഴം, ആപ്പിള്‍, ഗ്രീന്‍ ടീ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്നതിനുള്ള അപകടസാധ്യതകൾ കുറയ്ക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാണ് ഉചിതം.

Also read: വൃക്കരോഗ സാധ്യത കുറയ്ക്കാന്‍ കഴിക്കേണ്ട ഒമ്പത് ഭക്ഷണങ്ങള്‍...

youtubevideo

click me!