നടന്‍ മിഥുൻ ചക്രബർത്തി അന്തരിച്ചോ? വാര്‍ത്തകള്‍ പ്രചരിക്കുന്നു, സത്യമിത്- Fact Check

By Jomit JoseFirst Published Feb 19, 2024, 5:37 PM IST
Highlights

മിഥുന്‍ ചക്രബ‍ര്‍ത്തി ആശുപത്രിയില്‍ കിടക്കുന്നത് അടക്കമുള്ള ചിത്രങ്ങള്‍ സഹിതമുള്ള റീല്‍സാണ് പലരും ഷെയ‍ര്‍ ചെയ്യുന്നത്

കൊൽക്കത്ത: വിഖ്യാത ഇന്ത്യന്‍ നടനും രാഷ്ട്രീയ നേതാവുമായ മിഥുൻ ചക്രബർത്തി അന്തരിച്ചതായി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് അദേഹം മരണപ്പെട്ടതായി ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. മിഥുന്‍ ചക്രബര്‍ത്തിയുടെ ആരാധകര്‍ ഏറെ ആശങ്കയിലായ ഈ വാര്‍ത്തയുടെ സത്യം അറിയാം.

പ്രചാരണം

Latest Videos

'പ്രമുഖ ഇന്ത്യന്‍ നടന്‍ മിഥുന്‍ ചക്രബര്‍ത്തി വിടവാങ്ങി. മിഥുന്‍ ചക്രബ‍ര്‍ത്തിക്ക് ആദരാഞ്ജലികള്‍' എന്നിങ്ങനെയുള്ള തലക്കെട്ടുകളോടെയാണ് ചരമ വാര്‍ത്ത ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നത്. മിഥുന്‍ ചക്രബ‍ര്‍ത്തി ആശുപത്രിയില്‍ കിടക്കുന്നത് അടക്കമുള്ള ചിത്രങ്ങള്‍ സഹിതമുള്ള റീല്‍സാണ് പലരും ഷെയ‍ര്‍ ചെയ്യുന്നത്. 

വസ്തുതാ പരിശോധന

വെറ്ററന്‍ നടന്‍ മിഥുൻ ചക്രബർത്തി ജീവിച്ചിരിപ്പുണ്ട് എന്നതാണ് വസ്തുത. മിഥുൻ ചക്രബർത്തി അന്തരിച്ചോ എന്നറിയാന്‍ കീവേഡ് സെര്‍ച്ച് നടത്തിയെങ്കിലും അദേഹത്തിന്‍റെ മരണം സ്ഥിരീകരിക്കുന്ന വാര്‍ത്തകളൊന്നും ഈ വാര്‍ത്ത പ്രസിദ്ധീകരിക്കും വരെ കണ്ടെത്താനായിട്ടില്ല. മിഥുന്‍ ചക്രബര്‍ത്തി വിടവാങ്ങിയാല്‍ അത് ദേശീയ പ്രാധാന്യമുള്ള വാര്‍ത്തയാവേണ്ടതാണ്. 

മാത്രമല്ല, 2024 ഫെബ്രുവരി 10ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സൂപ്പര്‍ താരം തൊട്ടടുത്ത ദിനം ആശുപത്രി വിടുകയും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു. ഞാന്‍ സുഖമായിരിക്കുന്നു, പ്രവര്‍ത്തനങ്ങളിലേക്ക് ഉടന്‍ തിരിച്ചെത്തും എന്നുമായിരുന്നു മിഥുന്‍ ചക്രബര്‍ത്തിയുടെ പ്രതികരണം.   

നിഗമനം

നടന്‍ മിഥുന്‍ ചക്രബര്‍ത്തി അന്തരിച്ചതായുള്ള സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണ്. അദേഹം സുഖമായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

1976 മുതൽ ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ സജീവമാണ് മിഥുന്‍ ചക്രബര്‍ത്തി. മൂന്ന് ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ ഇദ്ദേഹത്തിന്‍റെതായി ഉണ്ടെങ്കിലും ഡിസ്കോ ഡാൻസർ, ജംഗ്, പ്രേം പ്രതിഗ്യ, പ്യാർ ജുക്താ നഹിൻ, മർദ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മിഥുൻ ചക്രബർത്തി അറിയപ്പെടുന്നത്. ഈ വർഷത്തെ പത്മഭൂഷൺ പുരസ്‌കാരം അദേഹത്തെ തേടിയെത്തിയിരുന്നു.

Read more: കർഷക സമരത്തിൽ മദ്യ വിതരണം എന്ന പേരിൽ മറ്റൊരു വീഡിയോ കൂടി; വസ്തുത എന്ത്? Fact Check

click me!