എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരങ്ങളില്‍ ഒരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇസ്ലാം മതവിശ്വാസം സ്വീകരിച്ചു എന്നാണ് ചിത്രങ്ങള്‍ സഹിതമുള്ള സോഷ്യല്‍ മീഡിയ പ്രചാരണം
പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇസ്ലാം മതവിശ്വാസം സ്വീകരിച്ചോ? എക്‌സ് (പഴയ ട്വിറ്റര്‍) അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ക്കൊപ്പമുള്ള കുറിപ്പുകളില്‍ പറയുന്നത് സിആര്‍7 ഇസ്ലാം വിശ്വാസിയായി മാറിയെന്നാണ്. ഈ അവകാശവാദം സത്യമാണോ എന്ന് ഫാക്ട് ചെക്കിലൂടെ പരിശോധിക്കാം.
പ്രചാരണം
undefined
ഇസ്ലാം വിശ്വാസം സ്വീകരിച്ച ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പങ്കാളിയും മക്കയിലെ ഹറം പള്ളി സന്ദര്‍ശിച്ചു എന്ന തരത്തിലാണ് എക്‌സിലെ പ്രചാരണം. എക്‌സില്‍ അഞ്ച് ചിത്രങ്ങള്‍ സഹിതം ഹിന്ദി തലക്കെട്ടിലുള്ള ഒരു പോസ്റ്റിന്‍റെ മലയാള തര്‍ജ്ജമ ഇങ്ങനെ... 'ലോകത്തെ ഏറ്റവും പ്രശസ്‌തനായ ഫുട്ബോളറായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇസ്ലാം മതവിശ്വാസം സ്വീകരിച്ചു, അദേഹം ഹറം പള്ളിയിലെത്തി ഭാര്യക്കൊപ്പം നമസ്‌കരിച്ചു'.
माशाअल्लाह: दुनियां के सबसे मशहूर फुटबॉलर क्रिस्टियानो रोनाल्डो ने अपनाया और हरम शरीफ में अपनी पत्नी के साथ नमाज़ अदा की...! ❤️ pic.twitter.com/M9iUMx6NLn
— Adv.Nazneen Akhtar (@NazneenAkhtar23)വസ്‌തുതാ പരിശോധന
ലോകത്തെ ഏറ്റവും പ്രശസ്തനായ കായിക താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇസ്ലാം മതവിശ്വാസം സ്വീകരിച്ചുവെങ്കില്‍ അത് ലോക മാധ്യമങ്ങളിലെല്ലാം വലിയ വാര്‍ത്തയാവേണ്ടതായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള ഒരു വാര്‍ത്തയും ഫാക്ട് ചെക്കിന്‍റെ ഭാഗമായുള്ള പരിശോധനയില്‍ കണ്ടെത്താനായില്ല. അതേസമയം ഹറം പള്ളിയിലെ കഅബയ്ക്ക് മുഖംതിരിച്ച് ഏറെ ദൂരം മാറി നിന്ന് ക്രിസ്റ്റ്യാനോയും ഭാര്യയും പ്രാര്‍ഥിക്കുന്നത് സംശയാസ്‌പദമാവുകയും ചെയ്തു. കൈവിരിച്ച് പിടിച്ച് ക്രിസ്റ്റ്യാനോ പ്രാര്‍ഥിക്കുന്ന ഒരു ചിത്രത്തില്‍ കയ്യില്‍ ആറ് വിരലുകള്‍ കാണാം. ഇതോടെ ചിത്രങ്ങള്‍ എഐ നിര്‍മിതം ആണെന്ന ആദ്യ സൂചന ലഭിച്ചു. എഐ ചിത്രങ്ങളില്‍ ഇത്തരത്തിലുള്ള പിഴവുകള്‍ പതിവായി സംഭവിക്കാറുണ്ട്.
ചുവടെയുള്ള ചിത്രം ശ്രദ്ധിക്കുക
എഐ ചിത്രങ്ങള്‍ തിരിച്ചറിയാനുള്ള ഓണ്‍ലൈന്‍ ടൂളുകള്‍ ഉപയോഗിച്ച് പിന്നാലെ നടത്തിയ വിശദ പരിശോധനയിലും ഫോട്ടോകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വഴി നിര്‍മിച്ചതാണെന്ന സൂചന ലഭിച്ചു.
നിഗമനം
ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇസ്ലാം മതവിശ്വാസം സ്വീകരിച്ചു എന്നതിന് വിശ്വസനീയമായ തെളിവുകളൊന്നും ഇപ്പോള്‍ ലഭ്യമല്ല. പ്രചരിക്കുന്ന ചിത്രങ്ങള്‍ എഐ നിര്‍മിതമാണ് എന്ന് മനസിലാക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം