കാസര്‍കോട് ബിരിയാണിയില്‍ ഇറച്ചിക്കഷണം കുറഞ്ഞുപോയതിന്‍റെ പേരില്‍ യുവാക്കള്‍ തമ്മിലടിച്ചോ? വീഡിയോയുടെ സത്യമിത്

By Jomit J  |  First Published Jan 1, 2025, 4:27 PM IST

കാസര്‍കോട് ജില്ലയിലെ കളനാട് ബിരിയാണിയില്‍ ഇറച്ചിക്കഷണം കുറഞ്ഞുപോയതിന്‍റെ പേരില്‍ സംഘര്‍ഷമുണ്ടായി എന്നാണ് വീഡിയോ സഹിതമുള്ള പ്രചാരണം 


തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ ബിരിയാണിയില്‍ ഇറച്ചിക്കഷണം കുറഞ്ഞുപോയതിന്‍റെ പേരില്‍ സംഘര്‍ഷമുണ്ടായോ? കുറേ യുവാക്കള്‍ നടുറോഡില്‍ ഏറ്റുമുട്ടുന്നതിന്‍റെ സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ബിരിയാണിത്തല്ല് എന്ന ആരോപണത്തോടെ എഫ്‌ബി പോസ്റ്റ്. എന്താണ് ഈ വീഡിയോടെ യാഥാര്‍ഥ്യം. ഫേസ്‌ബുക്ക് പോസ്റ്റില്‍ അവകാശപ്പെടുന്നത് പോലെ കാസര്‍കോട് ബിരിയാണിയെ ചൊല്ലി നടന്ന തമ്മിലടിയാണോ ഇത്? 

പ്രചാരണം

Latest Videos

'കാസർഗോഡ് കളനാട് ബിരിയാണിയിൽ ഇറച്ചി കഷ്ണം കുറഞ്ഞ് പോയതിനെ തുടർന്ന് കോയാമാർ അവരുടെ തനത് കലാരൂപം അവതരിപ്പിക്കുന്നു'- എന്നാണ് ഒരു സംഘര്‍ഷത്തിന്‍റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഇന്ന് ഒരാള്‍ ഫേസ്‌ബുക്ക് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്. ഏറെ യുവാക്കള്‍ തമ്മില്‍ റോഡിന്‍റെ ഒരുവശത്ത് നിന്ന് ആരംഭിക്കുന്ന കയ്യാങ്കളി കൂട്ടയടിയായി റോഡിന്‍റെ മറുവശം വരെ നീളുന്നതായാണ് വീഡിയോയിലുള്ളത്. കൂട്ടയടിയില്‍ ഒരാള്‍ പരിക്കേറ്റ് നിലത്ത് കിടക്കുന്നതും കാണാം. തമ്മിലടിക്കുന്ന യുവാക്കളെ ചിലരെത്തി പിടിച്ച് മാറ്റുന്നതും ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിട്ടുള്ള വീഡിയോയിലുണ്ട്. 

എഫ്‌ബി പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ

വസ്‌തുതാ പരിശോധന

കാസര്‍കോട് ജില്ലയിലെ കളനാട് ബിരിയാണിയില്‍ ഇറച്ചിക്കഷണം കുറഞ്ഞുപോയതിന്‍റെ പേരില്‍ സംഘര്‍ഷമുണ്ടായി എന്ന ഫേസ്ബുക്ക് പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. എഫ്‌ബിയില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയുടെ യാഥാര്‍ഥ്യം വ്യക്തമാക്കുന്ന വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ 2024 ഡിസംബര്‍ 22ന് പ്രസിദ്ധീകരിച്ചിരുന്നതാണ്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ വാഹനങ്ങള്‍ ഉരസിയതുമായി ബന്ധപ്പെട്ട് വിവാഹ സംഘവും മറ്റൊരു സംഘവും തമ്മിലുണ്ടായ സംഘര്‍ഷത്തെ കുറിച്ചാണ് അന്നത്തെ വാര്‍ത്തയില്‍ പറയുന്നത്. ഇതേ വീഡിയോയാണ് കാസര്‍കോട് ജില്ലയില്‍ ബിരിയാണിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കവും തമ്മിലടിയും എന്ന അവകാശവാദത്തോടെ എഫ്ബിയില്‍ ഇന്ന് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ചുവടെ നല്‍കുന്നു. ഇപ്പോള്‍ വൈറലായ വീഡിയോയില്‍ നിന്നുള്ള സ്ക്രീന്‍ഷോട്ടാണ് വാര്‍ത്തയ്ക്ക് ചിത്രമായി നല്‍കിയിരിക്കുന്നത്. 

Read more: വാഹനങ്ങൾ തമ്മിലുരഞ്ഞു, വിവാഹ പാർട്ടിക്ക് പോയ സംഘവും മറ്റൊരു സംഘവും ഏറ്റുമുട്ടിയത് നടുറോഡിൽ

നിഗമനം

കാസർകോട് കളനാട് ബിരിയാണിയിൽ ഇറച്ചിക്കഷണം കുറഞ്ഞുപോയതിന്‍റെ പേരില്‍ യുവാക്കളുടെ തമ്മിലടിയുണ്ടായി എന്ന വീഡിയോ പ്രചാരണം വ്യാജമാണ്. കോഴിക്കോട് തിരുവമ്പാടിയില്‍ നടന്ന മറ്റൊരു സംഭവത്തിന്‍റെ ദൃശ്യമാണിത്. 

Read more: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇസ്ലാം മതവിശ്വാസം സ്വീകരിച്ചോ? ചിത്രങ്ങളുടെ യാഥാര്‍ഥ്യമെന്ത്? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!