ആദ്യദിനം 6.35 കോടിയാണ് അല്ലു അർജുൻ ചിത്രം കേരളത്തിൽ നിന്നും നേടിയത്.
ആര്യ എന്ന ചിത്രത്തിലൂടെയാണ് മലയാളികൾക്കിടയിൽ അല്ലു അർജുൻ ശ്രദ്ധനേടുന്നത്. പിന്നീട് ഇങ്ങോട് റിലീസ് ചെയ്ത എല്ലാ അല്ലു അർജുൻ ചിത്രവും മലയാളത്തിൽ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യാൻ തുടങ്ങി. ഒടുവിൽ മല്ലു അർജുൻ എന്ന ഓമനപ്പേരും താരത്തിന് സ്വന്തം. ആര്യ ഫ്രാഞ്ചൈസിയ്ക്ക് ശേഷം സംവിധായകൻ സുകുമാറും അല്ലു അർജുനും ഒന്നിച്ച ചിത്രമായിരുന്നു പുഷ്പ. വൻ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി മലയാളികളും ഏറെ ആവേശത്തോടെയാണ് കാത്തിരുന്നത്.
നാല് മണി മുതൽ കേരളത്തിൽ പുഷ്പ 2ന് ഷോകൾ ഉണ്ടായിരുന്നു. ആദ്യ ഷോ കഴിഞ്ഞത് മുതൽ സംസ്ഥാനത്ത് സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇത് കളക്ഷനെയും ബാധിച്ചുവെന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിൽ 11.2 കോടിയാണ് പുഷ്പ 2 കേരളത്തിൽ നിന്നു നേടിയതെന്ന് സാക്നിൽകിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അഞ്ചാം ദിനമായ ഇന്നലെ 60 ലക്ഷം രൂപ മാത്രമാണ് ചിത്രത്തിന് നേടാനായതെന്നും റിപ്പോർട്ടിലുണ്ട്. ഔദ്യോഗിക കണക്കുകൾ പുറത്തുവരേണ്ടിയിരിക്കുന്നു.
അതേസമയം, ആദ്യദിനം 6.35 കോടിയാണ് അല്ലു അർജുൻ ചിത്രം കേരളത്തിൽ നിന്നും നേടിയത്. ഇതോടെ ഫസ്റ്റ് ഡേ സംസ്ഥാനത്തു നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തെലുങ്ക് ചിത്രമായി പുഷ്പ 2 മാറി. കഴിഞ്ഞ ഏഴ് വർഷമായി ബാഹുബലി 2 അടക്കിവച്ചിരുന്ന റെക്കോർഡാണ് ചിത്രം മാറ്റി എഴുതിയത്. ഇതര ഭാഷാ ചിത്രങ്ങളിൽ വിജയ് ചിത്രം ലിയോ ആണ് കേരളത്തിൽ ആദ്യദിന കളക്ഷനിൽ മുന്നിലുള്ളത്. 12 കോടിയാണ് ലിയോ നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം