ഇന്ത്യന്‍ 2 ന് ശേഷം ഷങ്കര്‍ സംവിധാനം ചെയ്‍ത ചിത്രം
ഷങ്കര്‍ സംവിധാനം ചെയ്യുന്ന രാം ചരണ്‍ ചിത്രം എന്നതായിരുന്നു ഗെയിം ചേഞ്ചറിന്‍റെ പ്രീ റിലീസ് ഹൈപ്പ്. ആര്‍ആര്‍ആറിന്‍റെ വന്‍ വിജയത്തിന് ശേഷമെത്തുന്ന രാം ചരണിന്‍റെ സോളോ ചിത്രം എന്നതിനൊപ്പം ഇന്ത്യന്‍ 2 ന്‍റെ വലിയ പരാജയത്തിന് ശേഷമെത്തുന്ന ഷങ്കര്‍ ചിത്രം എന്ന നിലയിലും ഇന്‍ഡസ്ട്രി ആകാംക്ഷാപൂര്‍വ്വം കാത്തിരുന്ന ചിത്രമായിരുന്നു ഗെയിം ചേഞ്ചര്‍. എന്നാല്‍ ആദ്യ ദിനം പ്രതീക്ഷ പകരുന്ന വാര്‍ത്തകളല്ല എത്തിയത്. ചിത്രത്തിന് സമ്മിശ്ര അഭിപ്രായങ്ങളാണ് ആദ്യ ദിവസം എത്തിയത്. ഇപ്പോഴിതാ ബോക്സ് ഓഫീസിലും അതിന്‍റെ പ്രതിഫലനമാണ് ആദ്യ വാരാന്ത്യത്തില്‍ കാണുന്നത്.
ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 186 കോടി നേടിയതായാണ് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് വ്യാജ കണക്കാണെന്ന് ആരോപിച്ച് തെലുങ്ക് മാധ്യമങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് അനുസരിച്ച് ആദ്യ ദിനം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ ഗ്രോസ് 61.1 കോടിയാണ്. ശനിയാഴ്ച കളക്ഷനില്‍ വന്‍ ഇടിവാണ് നേരിട്ടത്. 25.7 കോടിയായി ഇന്ത്യന്‍ ഗ്രോസ് ഇടിഞ്ഞു. ഒരു റിലീസ് ചിത്രത്തിന് ഏറ്റവും വലിയ കളക്ഷന്‍ വരേണ്ട ആദ്യ ഞായറാഴ്ചയാണ് ഗെയിം ചേഞ്ചറിന് ഏറ്റവും കുറഞ്ഞ കളക്ഷന്‍ ലഭിച്ചത് എന്നതുതന്നെ ജനപ്രീതി നേടിയെടുക്കുന്നതില്‍ ചിത്രം പരാജയപ്പെട്ടു എന്നതിന് ഏറ്റവും വലിയ തെളിവാണ്.
സാക്നില്‍കിന്‍റെ കണക്കനുസരിച്ച് ഗെയിം ചേഞ്ചറിന്‍റെ ഞായറാഴ്ചത്തെ ഇന്ത്യന്‍ ഗ്രോസ് 18.9 കോടിയാണ്. അതായത് ചിത്രം ആദ്യ വാരാന്ത്യത്തില്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് നേടിയ ഗ്രോസ് ഇതനുസരിച്ച് 105.7 കോടി വരും. 400 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം എന്നത് പരിഗണിക്കുമ്പോള്‍ നിര്‍മ്മാതാക്കളെ നിരാശരാക്കുന്ന സംഖ്യകളാണ് ഇത്. തെലുങ്ക് സിനിമയെ സംബന്ധിച്ച് ഏറ്റവും പ്രധാന ഫെസ്റ്റിവല്‍ സീസണുകളില്‍ (സംക്രാന്തി) ഒന്നുമാണ് ഇത്.
ALSO READ : വീണ്ടും ഔസേപ്പച്ചന്‍ മാജിക്; 'ബെസ്റ്റി'യിലെ വീഡിയോ ഗാനം