പരീക്ഷയ്ക്കിടെ മൊബൈല്‍ ഉപയോഗിച്ച് കോപ്പി അടിക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ പിടികൂടി. ഇതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും വിദ്യാര്‍ത്ഥി അധ്യാപകനെ തല്ലുകയുമായിരുന്നു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പരീക്ഷാ നടത്തിപ്പുകൾ പലപ്പോഴും വിവാദമാണ്. അടുത്ത കാലത്താണ് യുപിഎസ്‍സി ചോദ്യപ്പേപ്പറുകൾ ചോരുന്നു എന്ന വിവാദം ഉയര്‍ന്നത്. പരീക്ഷകളില്‍ കോപ്പിയടി ഒരു സ്ഥിരം സംഭവം. ഇതിനിടെയാണ് രാജസ്ഥാനിലെ ജോധ്പൂരിൽ പരീക്ഷയ്ക്കിടെ വിദ്യാർത്ഥിയും അധ്യാപകനും തമ്മിലുള്ള അടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിന് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ പിടിച്ചതായിരുന്നു സംഭവം.
പരീക്ഷയ്ക്കിടെയാണ് ഹാളിലേക്ക് ഇന്‍വിജിലേറ്റര്‍ കയറി വന്നത്. ഈ സമയം കോപ്പിയടിക്കുകയായിരുന്ന വിദ്യാര്‍ത്ഥി ഇന്‍വിജിലേറ്ററിന്‍റെ പിടിയിലായി. പിന്നാലെ, നടന്ന സംഘർഷത്തിനിടെ വിദ്യാര്‍ത്ഥി അധ്യാപകനെ തല്ലുകയായിരുന്നു. വീഡിയോയുടെ തുടക്കത്തില്‍ തന്നെ അടി പൊട്ടുന്നത് പോലുള്ള ശബ്ദം കേൾക്കാം. പിന്നാലെ ഒന്ന് രണ്ട് പേര്‍ ചേര്‍ന്ന് ഒരു യുവാവിനെ തള്ളിമാറ്റുന്നതും കാണാം. മറ്റുള്ളവര്‍ ഇയാളെ പിടിക്കുമ്പോൾ, 'അവന്‍ എന്നെ അടിച്ചെന്ന്' ഒരാൾ പറയുന്നത് കേൾക്കാം. ഈ സമയം അവന്‍ എന്‍റെ നേരെ കൈയോങ്ങിയെന്ന് യുവാവും പറയുന്നു. ഇതിനിടെ താന്‍ വീഡിയോ പകര്‍ത്തുകയാണെന്നും എല്ലാവരും പ്രശ്നം അവസാനിപ്പിക്കാനും ഒരാൾ വിളിച്ച് പറയുന്നു. ഒരു ടീച്ചർ കയറി വന്ന് യുവാവിനെ പിടിച്ച് വയ്ക്കാന്‍ പറയുമ്പോൾ മറ്റ് ചിലര്‍ പോലീസിനെ വിളിക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേൾക്കാം.
Kalesh b/w Student and Examiner during exam, Student got caught cheating during Exam, Jodhpur RJ
pic.twitter.com/QklA5IHdYR
ദമ്പതികളുടെ റിട്ടയർമെന്‍റ് ജീവിതം കാറില്‍; 'എല്‍ ആന്‍റ് ടി ചെയർമാന്' പണിയാകുമെന്ന് സോഷ്യല്‍ മീഡിയ
ഘർ കെ കലേഷ് എന്ന ജനപ്രീയ എക്സ് ഹാന്‍റിലില്‍ നിന്നും പങ്കുവച്ച് മണിക്കൂറുകൾക്കുള്ളില്‍ അരലക്ഷത്തിന് മേലെ ആളുകൾ വീഡിയോ കണ്ടു. ജോധ്പൂരിലെ എംബിബി എഞ്ചിനീയറിംഗ് യൂണിവേഴ്സിറ്റിയിലാണ് സംഭവം നടന്നതെന്നാണ് ഒരാൾ കുറിപ്പിലെഴുതി. എംടെക് പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ചത് പിടിച്ചതിനെ തുടർന്ന് വിദ്യാർത്ഥി അധ്യാപകനെ തല്ലുകയായിരുന്നു. സമാധാന്തരീക്ഷം തകർത്തതിന് വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത പോലീസ് പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടു.
വീഡിയോയ്ക്ക് താഴെ നിരവധി പേർ, രാജ്യത്തിന്‍റെ രാഷ്ട്രീയ നേതൃത്വങ്ങളാണ് ഇത്തരം കുഴപ്പങ്ങള്‍ക്ക് സഹായം നല്‍കുന്നതെന്ന് ആരോപിക്കുകയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. മറ്റൊരാൾ രാജ്യത്തെ സുപ്രസിദ്ധ ഗുണ്ടയായ ലോറന്‍സ് ബിഷ്ണോയി സമാനമായ ഒരു കേസില്‍ ജയിലില്‍ പോയതിന് ശേഷമാണ് ഇപ്പോഴത്തെ നിലയില്‍ എത്തിയതെന്ന് സൂചിപ്പിച്ചു. ഗുരുവിനെ ദൈവമായി കാണുന്നതില്‍ നിന്നും ഇന്നത്തെ തലമുറ തിരിച്ചടിച്ച് തുടങ്ങിയെന്നായിരുന്നു ചിലര്‍ കുറിച്ചത്.