നിരാശാജനകമായ നിശബ്ദത ഭേദിക്കുന്ന ഉത്തരവ്; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സ്വാഗതംചെയ്ത് ഡബ്ല്യുസിസി

By Web TeamFirst Published Jul 7, 2024, 11:54 AM IST
Highlights

വരും തലമുറകൾക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പ് വരുത്താൻ ഉതകുന്ന, ജനങ്ങൾ നൽകുന്ന നികുതിപ്പണം ഉപയോഗിച്ച് നടത്തിയ ഒരു സുപ്രധാനമായ പഠനമാണിതെന്ന് വിമെൻ ഇൻ സിനിമ കളക്ടീവ്

കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവ് സ്വാഗതം ചെയ്ത് വിമെൻ ഇൻ സിനിമ കളക്ടീവ് (WCC). 2019 മുതൽ 2024 വരെ നീണ്ട നിരാശാജനകമായ നിശബ്ദത ഭേദിക്കുന്ന ഈ ഉത്തരവ് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് വീണ്ടും ചർച്ചാ വിഷയമാകുമ്പോൾ, വർഷങ്ങളായി മുന്നോട്ട് വെച്ച ചില ചോദ്യങ്ങൾ വീണ്ടും ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഡബ്ല്യുസിസി വ്യക്തമാക്കി.

കണ്ടെത്തലുകൾ പുറത്തു വിടാതെ നിർദ്ദേശങ്ങൾ നടപ്പിലാക്കാം എന്ന വാദം സിസ്റ്റത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ഡബ്ല്യുസിസി പറയുന്നു. സുതാര്യതയോടു കൂടി റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ പുറത്തു വരുന്നത് ഉപയോഗപ്രദമായ പരിഹാര നടപടികൾ പ്രാവർത്തികമാക്കുന്നതിനും പുരോഗമനപരമായ നല്ല മാറ്റങ്ങൾ കൊണ്ട് വരുന്നതിനും ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു. വരും തലമുറകൾക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പ് വരുത്താൻ ഉതകുന്ന, ജനങ്ങൾ നൽകുന്ന നികുതിപ്പണം ഉപയോഗിച്ച് നടത്തിയ ഒരു സുപ്രധാനമായ പഠനമാണിത്. തുറന്ന് പറച്ചിലുകൾ നടത്തിയ അതിജീവിതരെ സംരക്ഷിച്ച് കൊണ്ട്  തന്നെ, ആ പഠന റിപ്പോർട്ടിലുള്ള നിർദേശങ്ങളും നിലവിൽ സിനിമ വ്യവസായത്തെ അപകടത്തിലാക്കുന്ന അനീതികളും അസന്തുലനാവസ്ഥയും നിർബന്ധമായും പുറത്ത് വരേണ്ടതാണെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി. 

Latest Videos

ഇത് കൂടാതെ സിനിമാ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന വിവേചനങ്ങളും അനീതികളും തുറന്ന് കാണിക്കുന്ന ഷിഫ്റ്റ് ഫോക്കസ് പോലെയുള്ള പഠനങ്ങൾ നടത്തി, ബെസ്റ്റ് പ്രാക്ടീസസ് റെക്കമെൻഡേഷൻസ് അടക്കം കളക്ടീവ് ഇതിന് മുൻപും സർക്കാരിന് നൽകിയിട്ടുണ്ട്. പിന്തുണച്ച  മാധ്യമ സുഹൃത്തുക്കൾക്കും ഡബ്ല്യുസിസി നന്ദി അറിയിച്ചു. നിലനിൽക്കുന്ന അനീതികളെ പൊളിച്ചെഴുതി കൂടുതൽ ലിംഗ സമത്വമുള്ള തൊഴിലിടങ്ങൾ ഉണ്ടാകട്ടെ. വിവരാവകാശ കമ്മീഷന്റെ ഇടപെടലോടു കൂടിയെങ്കിലും അതിജീവിതർക്ക് നീതി ലഭിക്കുമെന്നും ഭാവിയിലെങ്കിലും നിർഭയരായി വിവേചനവും വേർതിരിവും ചൂഷണങ്ങളും ഇല്ലാത്ത തൊഴിലിടങ്ങളിലേക്ക് തിരിച്ച് പോകാൻ സാധിക്കുമെന്നും പ്രത്യാശിക്കുന്നുവെന്നും ഡബ്ല്യുസിസി പ്രതികരിച്ചു. 

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാൻ ഉത്തരവിട്ട് വിവരാവകാശ കമ്മീഷൻ; സ്വകാര്യ വിവരങ്ങൾ കൈമാറരുതെന്ന് നിർദേശം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!