2024ൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്ന് വിനയന്‍.
വ്യത്യസ്തവും അസാധാരണവുമായ കഥപറച്ചിലിൽ മുന്നൂറോളം കൊച്ചു മനുഷ്യരെ വെച്ച് വിനയൻ സംവിധാനം ചെയ്ത ചിത്രം ആണ് 'അത്ഭുതദ്വീപ്'. മലയാളത്തിലെ ഏറ്റവും മികച്ച ഫാന്റസി മൂവി എന്ന് വിശേഷിപ്പിക്കുന്ന ചിത്രത്തിൽ ഗിന്നസ് പക്രുവിനൊപ്പം പൃഥ്വിരാജും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ സിനിമ പുറത്തിറങ്ങി 18 വര്‍ഷങ്ങള്‍ക്ക് ശേഷം 'അത്ഭുതദ്വീപ് 2' വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് വിനയൻ.
ഗിന്നസ് പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും ഉണ്ടാകുമെന്നും വിനയൻ അറിയിച്ചു. സിജു വില്‍സണ് ഒപ്പമുള്ള സിനിമയ്ക്ക് ശേഷം 2024ൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു. അഭിലാഷ് പിള്ളയാകും തിരക്കഥ. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരെയും മറ്റ് അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. വിനയന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ നിരവധി പേരാണ് ചിത്രത്തിന് ആശംസയുമായി രംഗത്തെത്തുന്നത്.
"18 വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുതദ്വീപിലെ കാഴ്ച്ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര തുടങ്ങുന്നു. ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയുമുണ്ട് കൂട്ടിന്. സിജു വില്‍സണുമായുള്ള ചിത്രത്തിന് ശേഷം 2024ല്‍ ഞങ്ങള്‍ അത്ഭുതദ്വീപിലെത്തും", എന്നാണ് വിനയൻ കുറിച്ചത്.
'അത്ഭുതദ്വീപി'ന്റെ രണ്ടാം വരവിന്‍റെ സന്തോഷം ഗിന്നസ് പക്രുവും പങ്കുവച്ചു. "അങ്ങനെ 18 വർഷങ്ങൾക്കു ശേഷം ഞാനും അത്ഭുത ദ്വീപിനെ സ്നേഹിക്കുന്ന നിങ്ങളും കാത്തിരുന്ന ആ പ്രഖ്യാപനം വിനയൻ സറിൽ നിന്നും വന്നെത്തിയിരിക്കുന്നു... ഒരുപാടു സന്തോഷവും അതിലേറെ ആവേശവും..കാരണം രണ്ടാം ഭാഗത്തിൽ ഞങ്ങൾക്കൊപ്പം പ്രിയപ്പെട്ട ഉണ്ണിയും, അഭിലാഷ് പിള്ളയും ഉണ്ട്..അത്‍ഭുത ദ്വീപിലെ പുതിയ വിസ്മയ കാഴ്ചകൾക്കായി നമുക്ക് കാത്തിരിക്കാം", എന്നാണ് അദ്ദേഹം കുറിച്ചത്.
മുത്തുവേൽ പാണ്ഡ്യന്റെ വൈകാരിക ലോകം; ബന്ധങ്ങളുടെ ആഴം പറഞ്ഞ് 'ജയിലർ' സോംഗ്
2005 ഏപ്രിലില്‍ റിലീസ് ചെയ്ത ചിത്രം ആണ് അത്ഭുതദ്വീപ്. അന്ന് നാല് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ചിത്രം നേടിയിരുന്നു. ഗിന്നസ് പക്രുവിനും പൃഥ്വിരാജിനും ഒപ്പം മല്ലിക കപൂര്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്, കല്പന, ബിന്ദു പണിക്കര്‍,പൊന്നമ്മ ബാബു, ഇന്ദ്രന്‍സ് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..