'വര്‍ഷങ്ങള്‍ക്ക് ശേഷം' റിലീസ് എപ്പോള്‍? വെളിപ്പെടുത്തി വിനീത് ശ്രീനിവാസന്‍

By Web TeamFirst Published Dec 20, 2023, 4:02 PM IST
Highlights

40 ദിവസം കൊണ്ടാണ് വിനീതും സംഘവും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്

ഹൃദയത്തിന് ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ചിത്രം എന്നത് മാത്രമായിരുന്നില്ല വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രം വലിയ പ്രീ റിലീസ് ഹൈപ്പ് നേടാനുള്ള കാരണം. മറിച്ച് അതിലെ വലിയ താരനിര കൂടിയാണ്. കല്യാണി പ്രിയദര്‍ശന്‍, നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ് എന്നിവര്‍ക്കൊപ്പം വിനീത് ശ്രീനിവാസനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇന്നാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. 

40 ദിവസം കൊണ്ടാണ് വിനീതും സംഘവും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അന്‍പതിലധികം ലൊക്കേഷനുകള്‍ ഉണ്ടായിരുന്ന ചിത്രീകരണത്തില്‍ 132 അഭിനേതാക്കളും ഇരുനൂറ് പേരോളമടങ്ങുന്ന ക്രൂവും പങ്കെടുത്തു. ഒപ്പം ആയിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും. ധ്യാന്‍ ശ്രീനിവാസന്‍റെ പിറന്നാള്‍ ദിനമായ ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് വിനീത് പാക്കപ്പ് പറഞ്ഞത്. സിനിമയുടെ റിലീസ് എന്നായിരിക്കുമെന്നത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നേരത്തേ പ്രചരണം നടന്നിരുന്നു. ഇപ്പോഴിതാ അത് സംബന്ധിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് വിനീത്. ചിത്രം 2024 ഏപ്രിലില്‍ എത്തുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ വിനീത് അറിയിച്ചിട്ടുണ്ട്. അതായത് അടുത്ത വര്‍ഷത്തെ വിഷു റിലീസ് ആയിരിക്കും വര്‍ഷങ്ങള്‍ക്ക് ശേഷം.

Latest Videos

സിനിമയെക്കുറിച്ച് വിനീത് ശ്രീനിവാസന്‍ നേരത്തേ പറഞ്ഞത്

ആ സിനിമയെക്കുറിച്ച് ഇപ്പോഴേ എന്തെങ്കിലും പറയാനാവില്ല. ഹൃദയത്തില്‍ തൊടുന്ന ഒരു സിനിമ ചെയ്യണമെന്ന് തന്നെയാണ് നമ്മുടെ ആഗ്രഹം. എല്ലാ തലമുറയ്ക്കും ആസ്വദിക്കാന്‍ പറ്റുന്ന സിനിമ. എന്‍റെ അച്ഛന്‍റെ പ്രായത്തിലുള്ള തലമുറ മുതല്‍ 2010 ല്‍ ജനിച്ച കുട്ടികള്‍ ഉണ്ടല്ലോ, ഇപ്പോഴത്തെ കൌമാരക്കാര്‍.. അവര്‍ക്കടക്കം എല്ലാവര്‍ക്കും തിരിച്ചരിയാനാവുന്ന ഒരു സിനിമ ഉണ്ടാക്കണമെന്നാണ് ആഗ്രഹം. അതിന് ഏറ്റവും നല്ല വഴി എന്ന് പറയുന്നത് വളരെ സിംപിള്‍ ആയിട്ടുള്ള, ഒരു സ്വീറ്റ് സിംപിള്‍ ഫിലിം എടുക്കുക എന്നതാണ്. എന്‍റെ അച്ഛന്‍റെ തലമുറയിലൊക്കെ വയലന്‍സ് ഇഷ്ടമില്ലാത്ത ഒരുപാട് ആള്‍ക്കാര്‍ ഉണ്ട്. അവര്‍ അത്തരം സിനിമകളിലേക്ക് പോവില്ല. അങ്ങനത്തെ ഒരു കാര്യങ്ങളും ഇല്ലാത്ത, മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണത മാത്രം സംസാരിച്ച് പോകുന്ന ഒരു സിനിമ. ഓരോ അഭിനേതാക്കളോട് ഈ സിനിമയെക്കുറിച്ച് സംസാരിക്കുമ്പോഴും അവര്‍ ഇത് ചെയ്യില്ലായിരിക്കുമെന്നാണ് ഞാന്‍ കരുതാറ്. സ്വന്തം കരിയര്‍ മൊത്തത്തില്‍ നോക്കുമ്പോള്‍ ഈ സിനിമ എന്തിന് ചെയ്യണമെന്ന് അവര്‍ ചിന്തിച്ചേക്കുമെന്നൊക്കെ തോന്നും. അങ്ങനെ വിചാരിച്ചിട്ടാണ് ഓരോ ആള്‍ക്കാരെയും വിളിച്ചിട്ടുള്ളത്. പക്ഷേ വിളിച്ച എല്ലാവരും ഈ സിനിമയിലേക്ക് വരാന്‍ സമ്മതിച്ചു. അതൊരു ഭയങ്കര ഭാഗ്യമാണ്. ഈ സിനിമയിലേക്ക് ഇത്രയും ആളുകളെ സംഘടിപ്പിക്കാന്‍ പറ്റുമെന്ന് ഞാനും വിചാരിച്ചിട്ടില്ല.

ALSO READ : 'കൊത്തയുടെ രാജാവ്' മാത്രമല്ല, ഏഷ്യാനെറ്റ് ചാനലുകളില്‍ ക്രിസ്‍മസിന് 17 സിനിമകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!