സിജി കുറവ്, മഴ പോലും ഒറിജിനൽ! നിര്‍മ്മാതാവ് വീടും കാറും വിറ്റു; വിസ്മയിപ്പിച്ച ആ ചിത്രം വീണ്ടും

By Web TeamFirst Published Sep 7, 2024, 4:12 PM IST
Highlights

2018 ല്‍ തിയറ്ററുകളിലെത്തിയ ചിത്രം

അതാത് സമയത്തെ ട്രെന്‍ഡിന്‍റെ ചുവട് പിടിച്ച് എത്തുന്ന സിനിമകള്‍ പലപ്പോഴും വിജയം നേടാറുണ്ട്. എന്നാല്‍ അത്തരം ഫ്രെയ്മുകളിലൊന്നും ഒതുങ്ങാതെ ഒറിജിനാലിറ്റി കൊണ്ട് കാലത്തെ അതിജയിക്കുന്ന മറ്റ് ചില ചിത്രങ്ങള്‍ ഉണ്ട്. വീഞ്ഞ് പോലെ പഴകുന്തോറും വീര്യം കൂടുന്ന സിനിമകള്‍. അത്തരത്തിലൊരു ചിത്രം പ്രേക്ഷകരിലേക്ക് വീണ്ടും എത്താന്‍ ഒരുങ്ങുകയാണ്. രാഹി അനില്‍ ബാര്‍വെയുടെ സംവിധാനത്തില്‍ 2018 ല്‍ തിയറ്ററുകളിലെത്തിയ ഹിന്ദി ഫോക്ക് ഹൊറര്‍ ചിത്രം തുമ്പാഡ് ആണ് റീ റിലീസിന് ഒരുങ്ങുന്നത്. 

സംവിധായകന്‍ രാഹി അനില്‍ ബാര്‍വെയും നായകനും നിര്‍മ്മാതാവുമായ സോഹം ഷായുമൊക്കെ ഈ സിനിമയ്ക്ക് വേണ്ടി നടത്തിയ അര്‍പ്പണം കേട്ടാല്‍  ഒരു സിനിമാപ്രേമി സല്യൂട്ട് അടിക്കും. അത്രയ്ക്കുണ്ട് തുമ്പാടിന്‍റെ നിര്‍മ്മാണവേളയില്‍ ഇവര്‍ സഹിച്ച കഷ്ടപ്പാടുകള്‍. സിനിമ 2018 ലാണ് ഇറങ്ങിയതെങ്കില്‍ തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റ് രാഹി അനില്‍ ബാര്‍വെ എഴുതിയത് 1997 ലാണ്. ശ്രീപദ് നാരായണ്‍ പെന്‍ഡ്‍സെ എഴുതിയ മറാഠി നോവല്‍ തുമ്പാട്ച്ചെ ഖോടിന്‍റ പേരില്‍ നിന്നാണ് ചിത്രത്തിന് പേര് കിട്ടിയത്. 2009- 2010 കാലത്ത് ചിത്രീകരണത്തിനായി 700 പേജുള്ള ഒരു സ്റ്റോറി ബോര്‍ഡും രാഹി അനില്‍ ബാര്‍വെ തയ്യാറാക്കി. പക്ഷേ നിര്‍മ്മാതാവിനെ കിട്ടിയില്ല.

Latest Videos

ഏഴ് നിര്‍മ്മാണ കമ്പനികളാണ് ഈ തിരക്കഥ തങ്ങള്‍ക്ക് നിര്‍മ്മിക്കാനാവില്ലെന്ന് തീര്‍ത്ത് പറഞ്ഞത്. എന്നാല്‍ 2012 ല്‍ ചിത്രം നിര്‍മ്മാണത്തിലേക്ക് കടന്നു. എന്നാല്‍ എഡിറ്റിംഗ് സമയത്ത് തന്‍റെ മനസിലുള്ളതല്ല സിനിമയായിക്കൊണ്ടിരിക്കുന്നതെന്ന് സംവിധായകന്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് അദ്ദേഹം തിരക്കഥ വീണ്ടും തിരുത്തി എഴുതുന്നു. 2015 ല്‍ പുതിയ തിരക്കഥയില്‍ ചിത്രീകരണവും നടത്തി. 

വിഷ്വല്‍ എഫക്റ്റ്സിനെ അധികമായി ആശ്രയിക്കേണ്ടെന്ന പക്ഷക്കാരനായിരുന്നു രാഹി അനില്‍ ബാര്‍ബെ. 
മഹാരാഷ്ട്രയിലെ തുമ്പാഡ് എന്ന യഥാര്‍ഥ ഗ്രാമത്തില്‍ തന്നെയാണ് സിനിമ ചിത്രകരിച്ചത്. ചിത്രത്തില്‍ എപ്പോഴും പെയ്തുകൊണ്ടിരിക്കുന്ന മഴ പോലും യഥാര്‍ഥമാണ്. അതിനായി നാല് മണ്‍സൂണ്‍ കാലങ്ങളിലൂടെ അഞ്ച് വര്‍ഷമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഫിലിംഗേറ്റ് ഫിലിംസിന്‍റെ ടീം ആണ് അവശ്യം ആവശ്യമായ വിഎഫ്എക്സ് പിന്തുണ നല്‍കിയത്. 

റീ ഷൂട്ടിന്‍റെ സമയത്ത് ചിത്രത്തിന്‍റെ ബജറ്റ് പ്രതീക്ഷിച്ചതിലും മുകളില്‍ പോയി. പ്രധാന നടന്‍ കൂടിയായ നിര്‍മ്മാതാവ് സോഹം ഷായെ സംബന്ധിച്ച് വലിയ മന:പ്രയാസത്തിന് ഇടയാക്കിയ കാര്യമായിരുന്നു ഇത്. ചിത്രം ഉപേക്ഷിച്ചാലോ എന്നുപോലും അദ്ദേഹം കരുതി. എന്നാല്‍ ഇത്രയും പ്രയത്നം വൃഥാവിലാക്കാനില്ലെന്ന തീരുമാനത്തിലെത്തി. തന്‍റെ പേരിലുണ്ടായിരുന്ന വീടും ചില വസ്തുവകകളും അവസാനമായി കാറുമൊക്കെ സിനിമ പൂര്‍ത്തിയാക്കാനായി അദ്ദേഹം വിറ്റു.

അവസാന സമയം ആയപ്പോഴേക്ക് സംവിധായകന്‍ ആനന്ദ് എല്‍ റായ് സാമ്പത്തിക സഹായവുമായി എത്തി. 2018 ഒക്ടോബര്‍ 5 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. 5 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം കാര്യമായ പ്രേക്ഷകപ്രീതി നേടി. 15 കോടി ആയിരുന്നു ബോക്സ് ഓഫീസ് കളക്ഷന്‍. ഒടിടി വിപ്ലവത്തിന് ശേഷം സാധാരണ സിനിമാപ്രേമിയും കൂടുതല്‍ ദൃശ്യസാക്ഷരനായ ഈ കാലത്ത് റീ റിലീസില്‍ തുമ്പാഡ് കൂടുതല്‍ സ്വീകരിക്കപ്പെടുമെന്നാണ് ബോളിവുഡിന്‍റെ പ്രതീക്ഷ. സെപ്റ്റംബര്‍ 13 നാണ് ചിത്രത്തിന്‍റെ റീ റിലീസ്. 

ALSO READ : 'മീനച്ചിലാറിന്‍റെ തീരം'; ബിജിബാലിന്‍റെ മനോഹര ഈണത്തില്‍ 'സ്വര്‍ഗ'ത്തിലെ ഗാനം

click me!