'ഭാരിച്ച ദുഖത്തോടെ ഇത് അറിയിക്കുന്നു': കങ്കണയുടെ പ്രഖ്യാപനം, ഭരണപക്ഷ എംപിക്ക് ഇതോ അവസ്ഥയെന്ന് ഫാന്‍സ് !

By Web TeamFirst Published Sep 7, 2024, 4:11 PM IST
Highlights

സിഖ് സംഘടനകളുടെ എതിർപ്പ് ശക്തമായതിനെ തുടർന്ന് കങ്കണ റണൗട്ട് സംവിധാനം ചെയ്ത് മുഖ്യവേഷത്തില്‍ എത്തുന്ന ‘എമർജൻസി’ എന്ന ചിത്രത്തിന്‍റെ റിലീസ് വീണ്ടും മാറ്റിവച്ചു. 

ദില്ലി: സിഖ് സംഘടനകളുടെ എതിർപ്പ് ശക്തമായതിന് കങ്കണ റണൗട്ട് സംവിധാനം ചെയ്ത് മുഖ്യവേഷത്തില്‍ എത്തിയ ‘എമർജൻസി’ ചിത്രത്തിന്‍റെ റിലീസ് വീണ്ടും മാറ്റിവച്ചു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്‍റെ (സിബിഎഫ്‌സി) സർട്ടിഫിക്കേഷൻ ഇതുവരെ ചിത്രത്തിന് ലഭിച്ചിട്ടില്ല. ഇത് വ്യക്തമാക്കി നടിയും എംപിയുമായ കങ്കണ വെള്ളിയാഴ്ച എക്സില്‍ പോസ്റ്റിട്ടു.

"ഭാരിച്ച ദുഖത്തോടെ, എന്‍റെ സംവിധായക സംരംഭം ‘എമർജൻസി’ റിലീസ് മാറ്റിവച്ചതായി ഞാൻ അറിയിക്കുന്നു. സെൻസർ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കേഷനായി ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ്. പുതിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. നിങ്ങളുടെ ക്ഷമയ്ക്ക് നന്ദി" എന്നാണ് കങ്കണ എക്സ് പോസ്റ്റില്‍ പറയുന്നത്. 

Latest Videos

എന്തായാലും കങ്കണയ്ക്ക് പിന്തുണയുമായി പലരും രംഗത്ത് വരുന്നുണ്ട്. ഭരണകക്ഷി എംപിക്ക് പോലും ഇവിടെ ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലെ എന്നത് അടക്കം പലതരം മറുപടികള്‍ കങ്കണയുടെ പോസ്റ്റിന് അടിയില്‍ വരുന്നുണ്ട്. 

കങ്കണയുടെ മണികർണിക ഫിലിംസും സീ സ്റ്റുഡിയോയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്തംബർ 6 ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ നിര്‍മ്മാതാക്കളായ സീ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചു. 

എന്നാല്‍ വിഷയത്തില്‍ പെട്ടെന്ന് ഇടപെടാന്‍ കോടതി തയ്യാറായില്ല. ഇതോടെ ചിത്രത്തിന്‍റെ റിലീസ് ഇപ്പോൾ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. സെൻസർ ബോർഡ് സാക്ഷ്യപ്പെടുത്തുന്നതിന് മുമ്പ് സിനിമയെക്കുറിച്ചുള്ള എതിർപ്പുകൾ പരിഗണിക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി പുറപ്പെടുവിച്ച നിർദ്ദേശത്തിന്‍റെ പശ്ചാത്തലത്തിൽ ബുധനാഴ്ച, ബോംബെ ഹൈക്കോടതി അടിയന്തര ഇളവ് നൽകാൻ വിസമ്മതിക്കുകയായിരുന്നു. 

1975-ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം, വിവാദപരമായ 21 മാസത്തെ ഇന്ത്യന്‍ അടിയന്തരാവസ്ഥയാണ് കഥയുടെ ഇതിവൃത്തം. കങ്കണ റണൗട്ട് ഇന്ദിരാഗാന്ധിയുടെ വേഷം ചെയ്യുന്നു ചിത്രത്തില്‍ അടിയന്തരാവസ്ഥ, ഇന്ദിരാഗാന്ധിയുടെ വധം, 1980-കളിൽ ജർണയിൽ സിംഗ് ഭിന്ദ്രൻവാലയുടെ കീഴിലുള്ള ഖാലിസ്ഥാൻ പ്രസ്ഥാനത്തിന്‍റെ ഉദയം തുടങ്ങിയ പ്രധാന ചരിത്ര സംഭവങ്ങളും ഉള്‍പ്പെടുന്നുണ്ട്. 

'എമര്‍ജന്‍സി' പടത്തിന് വന്‍ പണി: രാജ്യത്തെ നിലവിലെ അവസ്ഥയില്‍ ഖേദമുണ്ടെന്ന് കങ്കണ

പൊളിയെന്ന് ചിലര്‍, പോരെന്ന് മറ്റു ചിലര്‍: വിജയ്‍യുടെ 'ഗോട്ടിന്' രണ്ടാം ദിനം സംഭവിച്ചത് !
 

click me!