'​ഗോള്‍ഡ്' ടൈറ്റിലിലെ ഒളിപ്പിച്ചുവച്ച ബ്രില്യന്‍സ് കണ്ടെത്താമോ? എന്തെന്ന് വെളിപ്പെടുത്തി അല്‍ഫോന്‍സ് പുത്രന്‍

By Web TeamFirst Published Dec 4, 2023, 8:26 PM IST
Highlights

മഞ്ഞയും നീലയും നിറങ്ങളില്‍ ഇം​ഗ്ലീഷ് ക്യാപിറ്റല്‍ അക്ഷരങ്ങളിലായിരുന്നു ചിത്രത്തിന്‍റെ ടൈറ്റില്‍

കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്ന പ്രേമത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ ​ഗോള്‍ഡ്. എന്നാല്‍ പ്രേക്ഷകപ്രീതി നേടാന്‍ ചിത്രത്തിന് ആകാതെപോയി. പ്രതീക്ഷിച്ചത് കിട്ടാതെപോയ പ്രേക്ഷകരില്‍ നിന്ന് വലിയ രീതിയില്‍ ചിത്രത്തിനെതിരെ ട്രോളുകളും ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുത്തിരുന്നു. ഇപ്പോഴിതാ ​ഗോള്‍ഡ് സിനിമയുടെ ടൈറ്റിലില്‍ തങ്ങള്‍ ഒളിപ്പിച്ചുവച്ചിരുന്ന, ഇതുവരെ ആരും കണ്ടെത്താതിരുന്ന ഒരു കാര്യം വിശദീകരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.

മഞ്ഞയും നീലയും നിറങ്ങളില്‍ ഇം​ഗ്ലീഷ് ക്യാപിറ്റല്‍ അക്ഷരങ്ങളിലായിരുന്നു ചിത്രത്തിന്‍റെ ടൈറ്റില്‍. ഇതില്‍ 'ഒ' എന്ന ഇം​ഗ്ലീഷ് അക്ഷരത്തിലാണ് ഒളിപ്പിച്ചുവച്ച ബ്രില്യന്‍സ്. ഒയുടെ പുറം വൃത്താകൃതിയിലും അകം ചതുരാകൃതിയിലുമാണ് ഉള്ളത്. എന്നാല്‍ ടൈറ്റിലിലെ ഈ 'ഒ' വലുതാക്കിനോക്കിയാല്‍ ഒരു കാര്യം കാണാനാവും. ഒരു ബ്ലൂടൂത്ത് സ്പീക്കറാണ് ആ അക്ഷരത്തില്‍ കാണാനാവുക. ചിത്രത്തിന്‍റെ കഥ അറിയാവുന്നവരെ സംബന്ധിച്ച് ആ സ്പീക്കറിന് ചുറ്റുമുള്ള മഞ്ഞ നിറം സ്വര്‍ണ്ണത്തെ സൂചിപ്പിക്കുന്നതാണെന്നും വ്യാഖ്യാനിക്കാം. 

Latest Videos

ചിത്രത്തിന്‍റെ കഥയുമായി ഏറെ ബന്ധമുള്ള ഒന്നാണ് ഇത്. പൃഥ്വിരാജ് അവതരിപ്പിച്ച നായകന്‍റെ വീടിന് മുന്നില്‍ ഒരു അപരിചിതവാഹനം വന്ന് നില്‍ക്കുകയാണ്. ഒപ്പമുള്ളവര്‍ ഉപേക്ഷിച്ചുപോയ വാഹനത്തിനുള്ളില്‍ ബ്ലൂടൂത്ത് സ്പീക്കറുകളാണ്. എന്നാല്‍ ഇവയ്ക്കുള്ളില്‍ ഒളിപ്പിച്ച് കടത്തുന്ന സ്വര്‍ണ്ണമാണെന്ന് അയാള്‍ തിരിച്ചറിയുന്നിടത്താണ് സിനിമയുടെ ട്വിസ്റ്റ്. ഇതിനെ സൂചിപ്പിക്കുന്നതാണ് ഫോണ്ടിലെ ബ്രില്യന്‍സ്.

 

അതേസമയം ചിത്രം താന്‍ പ്രതീക്ഷിച്ചതുപോലെ വരാതിരുന്നതിന്‍റെ കാരണം അല്‍ഫോന്‍സ് ഈയിടെ വെളിപ്പെടുത്തിയിരുന്നു- "നിങ്ങള്‍ കണ്ട ഗോള്‍ഡ് എന്‍റെ ഗോള്‍ഡ് അല്ല. കൊവിഡ് കാലത്തിനുവേണ്ടിയുള്ള പൃഥ്വിരാജിന്‍റെയും ലിസ്റ്റിന്‍ സ്റ്റീഫന്‍റെയും സംരംഭത്തില്‍ ഞാന്‍ എന്‍റെ ലോഗോ വെക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. കൈതപ്രം സാര്‍ എഴുതി, വിജയ് യേശുദാസും ശ്വേത മോഹനും പാടിയ ഗാനം എനിക്ക് ചിത്രീകരിക്കാന്‍ സാധിച്ചില്ല. ആ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ആ പാട്ടിന്‍റെ ചിത്രീകരണത്തിനായി എല്ലാ അഭിനേതാക്കളോടും രണ്ട് ദിവസത്തെ ഡേറ്റ് മാറ്റിവെക്കാന്‍ ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ അത് നടന്നില്ല. അതുപോലെതന്നെ തിരക്കഥ ആവശ്യപ്പെടുന്ന തരത്തിലുള്ള സന്നാഹങ്ങളും സൌകര്യങ്ങളുമൊന്നും ഈ ചിത്രത്തില്‍ എനിക്ക് ലഭിച്ചില്ല. ആ സമയത്ത് എനിക്ക് ക്രോണിക് പാന്‍ക്രിയാറ്റൈറ്റസ് ഉണ്ടായിരുന്നതിനാല്‍ തിരക്കഥയും സംവിധാനവും കളറിംഗും എഡിറ്റിംഗും മാത്രമേ എനിക്ക് ചെയ്യാന്‍ സാധിച്ചുള്ളൂ. അതിനാല്‍ ഗോള്‍ഡ് മറന്നേക്കുക", എന്നായിരുന്നു അല്‍ഫോന്‍സ് പുത്രന്‍റെ വാക്കുകള്‍.

ALSO READ : മമ്മൂട്ടിക്ക് അടുത്ത ഹിറ്റ്? 'കാതല്‍' കേരളത്തില്‍ നിന്ന് 11 ദിവസം കൊണ്ട് നേടിയ കളക്ഷനും ഷെയറും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!