'ഞങ്ങള്‍ ഒന്നിച്ചുള്ള ഫോട്ടോകളില്ല, കാരണം ഇപ്പോഴാണ് മനസിലായത്': മമ്മൂട്ടിക്ക് ജന്മദിനാശംസയുമായി ദുല്‍ഖര്‍

By Web Team  |  First Published Sep 7, 2024, 7:31 PM IST

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ച് മകനും നടനുമായ ദുൽഖർ സൽമാൻ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചു. 


കൊച്ചി: മമ്മൂട്ടിക്ക് ഹൃദ്യമായ പിറന്നാള്‍ ആശംസ നേര്‍ന്ന് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍. തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ദുല്‍ഖര്‍ പിതാവിനൊപ്പമുള്ള മനോഹര ചിത്രത്തിനൊപ്പം ആശംസകള്‍ അറിയിച്ചത്. 

"ഏറ്റവും നല്ല സുഹൃത്തുക്കൾ ഒരുമിച്ചുള്ള ഫോട്ടോകളൊന്നും ഇല്ലെന്ന് വൈകിയാണ് ഞാൻ മനസ്സിലാക്കിയത്. അവര്‍ ഒന്നിച്ചുള്ള നിമിഷങ്ങള്‍ അമൂല്യവും രസകരവുമായിരിക്കും അവിടെ ഒരു സെല്‍ഫിക്കായി പാഴാക്കേണ്ട സമയം പോലും കാണില്ല. രസകരമായ കാര്യം ഓരോ വർഷവും താങ്കളുടെ പിറന്നാൾ ദിനത്തിൽ പോസ്റ്റ് ചെയ്യുന്നതിനായി ഞങ്ങൾ ഫോട്ടോകൾ എടുക്കുന്നത് പതിവാണ്. 

Latest Videos

undefined

എങ്കിലും ഞങ്ങളുടെ രണ്ട് ഫോണുകളിലും നമ്മുടെ രണ്ടുപേരുടെയും മാത്രം ചിത്രങ്ങൾ ഉള്ളതായി തോന്നുന്നില്ല. പക്ഷെ അത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കാനും സ്നേഹിക്കാനും തുടങ്ങിയിരിക്കുന്നു. എന്‍റെ ബെസ്റ്റി, എന്‍റെ ഹീറോ, എന്‍റെ പിതാവിന് ജന്മദിനാശംസകൾ നേരുന്നു" - ദുല്‍ഖറിന്‍റെ പിറന്നാള്‍ സന്ദേശത്തില്‍ പറയുന്നു. 

അതേ സമയം ജന്മദിനത്തിനോട് അനുബന്ധിച്ച് പതിവുപോലെ മമ്മൂട്ടിയുടെ എറണാകുളത്തെ വീടിന് മുന്നില്‍ ഇത്തവണയും അര്‍ധരാത്രിയോടെ ആരാധകര്‍ എത്തി. കേക്ക് മുറിച്ചും പൂത്തിരി കത്തിച്ചും മമ്മൂട്ടിക്ക് ജയ് വിളിച്ചും ആഹ്ലാദം പങ്കുവച്ച ആരാധക കൂട്ടത്തോട് വീഡിയോ കോളിലൂടെ മമ്മൂട്ടിയും സംവദിച്ചു. 

ദുല്‍ഖറിന്‍റെ ചെന്നൈയിലെ വീട്ടിലായിരുന്നു മമ്മൂട്ടി. ഇതിന്‍റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാണ്.

1951 സെപ്റ്റംബര്‍ 7 ന് ജനിച്ച മമ്മൂട്ടിയുടെ 73-ാം പിറന്നാള്‍ ദിനമാണ് ഇന്ന്. ഒരു അഭിനേതാവിനെ സംബന്ധിച്ച് ഏറെ പ്രധാനമായ ശരീര സംരക്ഷണത്തിന് വലിയ പ്രാധാന്യം കൊടുക്കാറുള്ളതുകൊണ്ട് ഏജ് ഇന്‍ റിവേഴ്സ് ഗിയര്‍ കമന്‍റുകള്‍ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തെ എപ്പോഴും തേടിയെത്താറുണ്ട്. എന്നാല്‍ ഒരു നടന്‍ എന്ന നിലയില്‍ എപ്പോഴും തന്നെ പുതുക്കാന്‍ ശ്രമിക്കുന്ന പരീക്ഷണത്വരയാണ് ഒരു കലാകാരനായുള്ള അദ്ദേഹത്തിന്‍റെ യഥാര്‍ഥ യുവത്വം.

സമീപകാലത്ത് സിനിമയിലെ മമ്മൂട്ടിയുടെ തെരഞ്ഞെടുപ്പുകള്‍ ദേശീയ തലത്തില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ചെയ്യാന്‍ ആഗ്രഹമുള്ള സിനിമകളില്‍ പലതിന്‍റെയും നിര്‍മ്മാണവും അദ്ദേഹമിപ്പോള്‍ സ്വയമാണ് നിര്‍വ്വഹിക്കാറ് എന്നതും കൌതുകകരം. മമ്മൂട്ടി കമ്പനി എന്ന് പേരിട്ടിരിക്കുന്ന ബാനറിലാണ് നന്‍പകല്‍ നേരത്ത് മയക്കവും റോഷാക്കും കാതലും കണ്ണൂര്‍ സ്ക്വാഡുമൊക്കെ എത്തിയത്. 

വരാനിരിക്കുന്ന ചിത്രങ്ങളിലും മമ്മൂട്ടി ഞെട്ടിക്കല്‍ തുടരും എന്നതിന് തെളിവാണ് അദ്ദേഹത്തിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫി ലിസ്റ്റ്. നവാഗതനായ ഡീനൊ ഡെന്നിസിന്‍റെ ബസൂക്കയും ഗൌതം വസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണ് മമ്മൂട്ടിയുടെ തൊട്ടടുത്ത റിലീസുകള്‍. അദ്ദേഹം തന്നെ പറയുമ്പോലെ കാലത്തിനൊപ്പം തേച്ചുമിനുക്കപ്പെട്ട ആ അഭിനയകലയ്ക്ക് ആയുരാരോഗ്യസൌഖ്യം നേരുകയാണ് മലയാളികള്‍.

സമാധാനത്തിനും മാനസിക പുരോഗതിക്കും വേണ്ടി 5 മാസത്തെ ബന്ധം അവസാനിപ്പിക്കുന്നു: സീമ വിനീത്

സിനിമയില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ ഡബ്ല്യുസിസി; നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിക്കും

click me!