സിസിടിവി ദൃശ്യം പരിശോധിച്ചാണ് കേസ് എടുക്കാൻ തീരുമാനിച്ചത്. രാത്രിയോടെ വിനായകനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
ബെംഗളൂരു: നടൻ വിനായകനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. ഹൈദരാബാദ് ആര്‍ജിഐ എയര്‍പോര്‍ട്ട് പൊലീസാണ് കേസെടുത്തത്. എയര്‍പോര്‍ട്ടിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പരാതി പ്രകാരം ആണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രാത്രി വൈകി വിനായകനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
മദ്യപിച്ച് ബഹളം വെച്ചു, പൊതുസ്ഥലത്ത് മോശമായി പെരുമാറി എന്നീ വകുപ്പുകൾ ചുമത്തി ആണ് കേസെടുത്തത്. ഹൈദരാബാദ് സിറ്റി പോലിസ് ആക്റ്റ് പ്രകാരം സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. സിസിടിവി ദൃശ്യം പരിശോധിച്ചാണ് കേസ് എടുക്കാൻ തീരുമാനിച്ചത്.
ഇന്ന് വൈകിട്ട് 5.30ഓടെയാണ് സംഭവം. കൊച്ചിയിൽ നിന്നും ഹൈദരാബാദിലെത്തിയതായിരുന്നു വിനായകൻ. അവിടെ നിന്നും ഗോവയ്ക്ക് വിനായകന് കണക്ഷൻ ഫ്ലൈറ്റ് ഉണ്ടായിരുന്നു. ഇതിനിടെ, ഹൈദരാബാദ് എയര്‍പോര്‍ട്ടിലെ ട്രാന്‍സിറ്റ് ഏരിയയിൽ വെച്ച് വിനായകൻ സിഐഎസ്എഫ് ഉദ്യോഗസ്ഥരോട് ബഹളം വെക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സിഐഎസ്എഫ് ഉദ്യോഗസ്ഥരും വിനായകനുമായി വാക്ക് തർക്കം ഉണ്ടായി. ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത് ഹൈദരാബാദ് പൊലീസിന് കൈമാറുകയായിരുന്നു.
തുടര്‍ന്ന് വിനായകനെ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റുകയും ചെയ്തു. അതേസമയം, സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ തന്നെ കയ്യേറ്റം ചെയ്തുവെന്നും മര്‍ദിച്ചുവെന്നും വിനായകൻ ആരോപിച്ചു. കേസെടുത്തശേഷം വിനായകനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിൽ; വിമാനത്താവളത്തിൽ വാക്കുതർക്കം, മദ്യലഹരിയിലെന്ന് പൊലീസ്