ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വിജയ്‍യുടെ രാഷ്ട്രീയ പാര്‍ട്ടി? പേര് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍

By Web TeamFirst Published Jan 30, 2024, 12:17 PM IST
Highlights

ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പില്‍ ആരാധകര്‍

തമിഴ് സൂപ്പര്‍താരം വിജയ്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങള്‍ ഏറെക്കാലമായി ഉണ്ട്. തന്‍റെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കവുമായി ചേര്‍ന്ന് കഴിഞ്ഞ കുറച്ച് കാലമായി വിജയ് നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഈ ദിശയിലേക്കുള്ള നീക്കമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. സൂചനകളിലൂടെ വിജയ് പലപ്പോഴും വിനിമയം ചെയ്തിട്ടുള്ള കാര്യങ്ങള്‍ രാഷ്ട്രീയ പ്രസ്ഥാവനകളായാണ് ആരാധകര്‍ ഏറ്റെടുത്തിട്ടുള്ളതും ചര്‍ച്ചയായതും. സിനിമകളുടെ പ്രൊമോഷണല്‍ വേദികളില്‍ വരെ വിജയ്‍യില്‍ നിന്ന് ആരാധകര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യം അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചാണ്. ഇപ്പോഴിതാ ഏറെ വൈകാതെ അത് സംഭവിച്ചേക്കാം എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനം ഫെബ്രുവരി ആദ്യ വാരം ഉണ്ടായേക്കുമെന്നും പാര്‍ട്ടിയുടെ പേരും കൊടിയുമൊക്കെ അന്ന് പുറത്തിറക്കുമെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. തമിഴക മുന്നേട്ര കഴകം (ടിഎംകെ) എന്നായിരിക്കും പാര്‍ട്ടിയുടെ പേരെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്നാട്ടില്‍ ഇടനീളം ആള്‍ബലമുള്ള സംഘടനയാണ് വിജയ് ആരാധക സംഘമായ വിജയ് മക്കള്‍ ഇയക്കം. തമിഴ്നാട്ടിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലെയും വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളുമായി കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് സൌകര്യം നല്‍കുന്ന ട്യൂഷന്‍ സെന്‍ററുകള്‍ വിജയ് മക്കള്‍ ഇയക്കം ആരംഭിച്ചിരുന്നു. കര്‍ഷകര്‍ക്ക് സൗജന്യമായി കന്നുകാലികളെ നല്‍കാനുള്ള പദ്ധതിയും വിജയ് ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

Latest Videos

ലിയോ സക്സസ് മീറ്റില്‍ വിജയ്‍ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് എന്തെങ്കിലും പറഞ്ഞേക്കുമെന്ന ആകാംക്ഷ ആരാധകര്‍ക്ക് ഉണ്ടായിരുന്നു. ആ വേദിയില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് നേരിട്ട് മറുപടി പറഞ്ഞില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുമെന്ന സൂചന വിജയ് നല്‍കിയിരുന്നു.

ALSO READ : ദിവ്യ പിള്ള കേന്ദ്ര കഥാപാത്രമാവുന്ന ത്രില്ലര്‍; 'അന്ധകാരാ' ടീസര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!