'രണ്‍ബീറിന്‍റെ ആ ആംഗ്യം, എവിടെ സെന്‍സറിംഗ്'? 'അനിമലി'നെതിരെ വിമര്‍ശനവുമായി വിജയ് ചിത്രത്തിന്‍റെ ക്യാമറാമാന്‍

By Web TeamFirst Published Dec 14, 2023, 5:10 PM IST
Highlights

"അനിമല്‍ എന്ന ചിത്രം ഞാന്‍ ഇന്നലെ കണ്ടു. സത്യസന്ധമായി പറ‍ഞ്ഞാല്‍ ആ ചിത്രം എന്നെ ഒരുപാട് പ്രകോപിപ്പിച്ചു"

രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം അനിമലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഛായാഗ്രാഹകന്‍ സിദ്ധാര്‍ഥ നൂനി. കന്നഡ ചിത്രങ്ങളായ ലൂസിയ, യു ടേണ്‍, തമിഴ് ചിത്രം വെന്ത് തനിന്തത് കാട് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചത് സിദ്ധാര്‍ഥ ആയിരുന്നു. ധനുഷിന്‍റെ ക്യാപ്റ്റന്‍ മില്ലര്‍, വെങ്കട് പ്രഭുവിന്‍റെ വിജയ് ചിത്രം ദളപതി 68 എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനുമാണ് സിദ്ധാര്‍ഥ നൂനി. അനിമലിന്‍റെ കാഴ്ച തന്നെ ഏറെ പ്രകോപിപ്പിച്ചെന്ന് അദ്ദേഹം പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

"അനിമല്‍ എന്ന ചിത്രം ഞാന്‍ ഇന്നലെ കണ്ടു. സത്യസന്ധമായി പറ‍ഞ്ഞാല്‍ ആ ചിത്രം എന്നെ ഒരുപാട് പ്രകോപിപ്പിച്ചു. നാസിസത്തെ വാഴ്‍ത്തുന്നത് (നെഞ്ചിലെ സ്വസ്‍തിക ചിഹ്നം), അല്‍ഫ പൗരുഷ തിയറികള്‍ക്കൊപ്പം ടോക്സിക് ആണത്തത്തെ ന്യായീകരിക്കുന്നത്, നിയമങ്ങളൊന്നുമില്ലാത്ത അങ്ങേയറ്റത്തെ വയലന്‍സ്, വൈവാഹിക ജീവിതത്തിനുള്ളിലെ റേപ്പ്, സ്ത്രീ ഒരു നിശബ്ദ സാക്ഷിയായും ഭര്‍ത്താവ് നിര്‍ദയനായും പെരുമാറുന്ന മര്യാദകെട്ട ബന്ധങ്ങള്‍. ചിത്രത്തിന്‍റെ അവസാന ഷോട്ടില്‍ രണ്‍ബീര്‍ കപൂര്‍ കാണികള്‍ക്ക് നേരെ കാട്ടുന്ന ആംഗ്യം ഒരു പ്രായശ്ചിത്തത്തിനും അപ്പുറത്താണ്. കാണികളുടെ മനസിനെ സംബന്ധിച്ച് അങ്ങേയറ്റം അവഹേളനപരമാണ് അത്. ഈ ചിത്രം വന്‍ കളക്ഷന്‍ നേടി എന്നത് നാം ജീവിക്കുന്ന രാജ്യത്തിന്‍റെ സാമൂഹിക സാഹചര്യമാണോപ്രതിഫലിപ്പിക്കുന്നത്? എ റേറ്റിംഗ് ഉള്ള ഒരു സിനിമയ്ക്ക് ഞാന്‍ സിനിമ കണ്ട ഹൈദരാബാദിലെ ഒരു ജനപ്രിയ മള്‍ട്ടിപ്ലെക്സിലെ പ്രേക്ഷകര്‍ക്കിടയില്‍ കുട്ടികളെ കണ്ടു. എവിടെയാണ് സെന്‍സറിംഗ്? കുട്ടികളുടെ മനസുകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം എവിടെയാണ്?", സിദ്ധാര്‍ഥ നൂനി കുറിച്ചു.

Latest Videos

അതേസമയം ബോക്സ് ഓഫീസില്‍ വന്‍ വിജയമാണ് അനിമല്‍ നേടുന്നത്. അദ്ദേഹത്തിന്‍റെ മുന്‍ ചിത്രങ്ങളായ അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് എന്നിവയും സ്ത്രീവിരുദ്ധമെന്ന ആരോപണം നേരിട്ടിരുന്നു. ഈ ചിത്രങ്ങളും ബോക്സ് ഓഫീസില്‍ വിജയങ്ങളായിരുന്നു.

ALSO READ : ചലച്ചിത്ര മേളയ്ക്കിടെ നാടകീയ സംഭവം; രഞ്ജിത്തിനെതിരെ അക്കാദമിയില്‍ കലാപം, സമാന്തര യോഗം ചേര്‍ന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!