വിജയകാന്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ ഡിഎംഡികെ പാർട്ടി ആസ്ഥാനത്തെത്തി വിജയ്

By Web TeamFirst Published Dec 29, 2023, 1:27 AM IST
Highlights

ഭാര്യ പ്രേമലത ഉൾപ്പെടെയുള്ള കുടുംബാംഗങ്ങങ്ങളെ വിജയ് ആശ്വസിപ്പിക്കുകയും ചെയ്തു.

അന്തരിച്ച നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സൂപ്പർ താരം വിജയ്. വ്യാഴാഴ്ച രാത്രി ഡിഎംഡികെ പാർട്ടി ആസ്ഥാനത്തെത്തിയ വിജയ് മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു. ഭാര്യ പ്രേമലത ഉൾപ്പെടെയുള്ള
കുടുംബാംഗങ്ങങ്ങളെ വിജയ് ആശ്വസിപ്പിക്കുകയും ചെയ്തു.

കൊവിഡ് ബാധിതനായിരുന്ന വിജയകാന്ത് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നവംബര്‍ 20 ന് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസംബര്‍ രണ്ടാം വാരം അദ്ദേഹം ആശുപത്രിയില്‍ നിന്ന് മടങ്ങുകയും ചെയ്തു. എന്നാൽ ചൊവ്വാഴ്ച വിജയകാന്തിനെ ആരോഗ്യ പരിശോധനയ്ക്കായി വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡിഎംഡികെ അറിയിക്കുകയായിരുന്നു. അദ്ദേഹം ആരോഗ്യവാനാണെന്നും പരിശോധനകള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തുമെന്നുമാണ് പാര്‍ട്ടി അറിയിച്ചിരുന്നത്. ഇതിനിടെ വ്യാഴാഴ്ച രാവിലെ അപ്രതീക്ഷിതമായി മരണ വാര്‍ത്ത എത്തുകയായിരുന്നു.

Latest Videos

എണ്‍പതുകളിലും തൊണ്ണൂറുകളിലും തമിഴ് സിനിമയില്‍ സൂപ്പര്‍താര പദവി കൈയൈളിയിരുന്ന വിജയകാന്തിനെ ക്യാപ്റ്റന്‍ എന്നാണ് ആരാധകര്‍ സംബോധന ചെയ്തത്. ഡിഎംഡികെ (ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപക നേതാവായ അദ്ദേഹം രണ്ട് തവണ തമിഴ്നാട് നിയമസഭാംഗമായിരുന്നു. തമിഴ്നാട് നിയമസഭയില്‍ പ്രതിപക്ഷ നേതാവുമായിരുന്നു. 1952 ഓഗസ്റ്റ് 25 ന് മധുരയിലാണ് വിജയകാന്തിന്‍റെ ജനനം. വിജയരാജ് അളഗര്‍സ്വാമി എന്നാണ് ഔദ്യോഗിക നാമം. 

ഇനിക്കും ഇളമൈ  എന്ന സിനിമയിലൂടെ ആണ് വിജയകാന്ത് വെള്ളിത്തിരയില്‍ എത്തുന്നത്. വില്ലനായി വേഷമിട്ട അദ്ദേഹം സട്ടം ഒരു ഇരുട്ടറൈ എന്ന സിനിമയിലൂടെ നായകനായി. ഒടുവില്‍ ക്യാപ്റ്റന്‍ എന്ന പേരിലും വിജയകാന്ത് സിനിമാ ലോകത്ത് അറിയപ്പട്ടു. ഹിന്ദിയിലും മലയാളത്തിലുമടക്കം വിജയകാന്ത് നായകനായ സിനിമകള്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഹോണസ്റ്റ് രാജ്, തമിഴ്‍ സെല്‍വൻ, വല്ലരശ്, ത്യാഗം, പേരരശ്, വിശ്വനാഥൻ രാമമൂര്‍ത്തി, സിമ്മസനം, രാജ്യം, ദേവൻ, രാമണ, തെന്നവൻ, സുദേശി,ധര്‍മപുരി, ശബരി, അരശങ്കം, എങ്കള്‍ അണ്ണ തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. 

ഡിഎംഡികെയുടെ സ്ഥാപകനായ വിജയകാന്ത്, 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പാര്‍ട്ടിക്ക് ഒരു സീറ്റേ നേടാനായുള്ളൂ. 2011ല്‍ ഡിഎംകെയുമായി സംഖ്യം ചേര്‍ന്നാണ് താരം തെരഞ്ഞെടുപ്പിനെ നേരിട്ടത്. അനാരോഗ്യം മൂലം ഏറെക്കാലമായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നില്‍ക്കുകകയായിരുന്നു. ഭാര്യ പ്രേമലത. മക്കള്‍ ഷണ്‍മുഖ പാണ്ഡ്യന്‍, വിജയപ്രഭാകരന്‍. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!