അന്ന് സൂപ്പര്‍സ്റ്റാറിന്‍റെ പ്രതിഫലം 12 ലക്ഷം, തിരക്കഥാകൃത്തിന് 10,000! പതിവ് മാറ്റിമറിച്ചത് ഒരാള്‍

By Web TeamFirst Published Sep 8, 2024, 9:02 PM IST
Highlights

സിനിമാ ജീവിതം തുടങ്ങിയ കാലത്തെ അനുഭവം

സിനിമാ മേഖലയിലെ പ്രതിഫലക്കാര്യത്തില്‍ ലിംഗപരമായുള്ള വ്യത്യാസമാണ് സമീപകാലത്ത് പലപ്പോഴും ചര്‍ച്ചയായിട്ടുള്ളത്. അതേസമയം സിനിമയിലെ പല വിഭാഗങ്ങളിലെ പ്രതിഫലം തമ്മില്‍ എല്ലാ കാലങ്ങളിലും വലിയ അന്തരമുണ്ട്. അന്നും ഇന്നും സിനിമയിലെ സൂപ്പര്‍താരങ്ങള്‍ക്കാണ് ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്നത്. അതേസമയം ഒരു കാലത്ത് തിരക്കഥാകൃത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് ചെയ്യുന്ന ജോലിക്ക് അനുസരിച്ചുള്ള പ്രതിഫലം ലഭിച്ചിരുന്നില്ല. അത് ഇന്ത്യന്‍ സിനിമയിലെ ഒന്നാം നമ്പര്‍ ഇന്‍ഡസ്ട്രിയാണെങ്കിലും ശരി. ഇപ്പോഴിതാ തന്‍റെ ആദ്യകാല അനുഭവത്തെക്കുറിച്ച് തിരക്കഥാകൃത്തും നടനും നിര്‍മ്മാതാവുമായ സലിം ഖാന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

ഗുരു ദത്തിന്‍റെ നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ അബ്രാര്‍ ആല്‍വിയുടെ അസിസ്റ്റന്‍റ് ആയാണ് സലിം ഖാന്‍ സിനിമയുടെ രചനാ മേഖലയിലേക്ക് എത്തുന്നത്. അതിന് മുന്‍പ് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു അദ്ദേഹം. തിരക്കഥാകൃത്തുക്കള്‍ക്ക് അക്കാലത്ത് തീരെ പ്രതിഫലം ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, അത് ലഭിക്കാന്‍ നിര്‍മ്മാതാക്കളോട് യാചിക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നു. അന്ന് സൂപ്പര്‍താരമായിരുന്ന ദിലീപ്‍ കുമാറിന് 12 ലക്ഷമായിരുന്നു ഒരു സിനിമയിലെ പ്രതിഫലമെങ്കില്‍ ഏറ്റവും മികച്ച തിരക്കഥാകൃത്തിന് പോലും 10,000 ന് മുകളില്‍ പ്രതിഫലം ഇല്ലായിരുന്നു.

Latest Videos

ഒരിക്കല്‍ ഗുരു അബ്രാര്‍ ആല്‍വിക്കും തനിക്കുമിടയിലുണ്ടായ സംഭാഷണത്തെക്കുറിച്ച് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സലിം ഖാന്‍ പറയുന്നുണ്ട്. "നടന്മാര്‍ക്കൊപ്പം രചയിതാക്കള്‍ക്കും പ്രതിഫലം ലഭിക്കുന്ന ഒരു കാലം വരുമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യം മറ്റാര്‍ക്ക് മുന്‍പിലും പറയരുതെന്നും അവര്‍ നിന്നെ ഭ്രാന്തനെന്ന് വിളിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. തിരക്കഥയുടെ മികവ് കൊണ്ടാണ് സിനിമകള്‍ വിജയിക്കുന്നതെന്ന് ആളുകള്‍ മനസിലാക്കുന്ന കാലത്ത് ഇതിന് മാറ്റം വരുമെന്നായിരുന്നു എന്‍റെ മറുപടി", സലിം ഖാന്‍ പറയുന്നു.

പിന്നീടാണ് ഹിന്ദി മുഖ്യധാരാ സിനിമയെ മാറ്റിമറിച്ച സലിം- ജാവേദ് യുഗം വരുന്നത്. സലിം ഖാനും ജാവേദ് അഖ്തറും ചേര്‍ന്ന ഹിറ്റ് കൂട്ടുകെട്ട്. ഷോലെ, സഞ്ജീര്‍, ദീവാര്‍, ശക്തി തുടങ്ങിയ ചിത്രങ്ങളെല്ലാം പിറന്നത് ഇവരില്‍ നിന്നാണ്. ഒരിക്കല്‍ താന്‍ പറഞ്ഞത് തന്നെ സംഭവിച്ചെന്നും സലിം ഖാന്‍ പറയുന്നു- "ആ സിനിമയുടെ പേര് ഞാന്‍ പറയുന്നില്ല. പക്ഷേ അതിലെ നായകനേക്കാള്‍ പ്രതിഫലം ലഭിച്ചത് എനിക്കാണ്. നായകന്‍റെ പ്രതിഫലം എത്രയാണെന്ന് നിര്‍മ്മാതാവിനോട് ഞാന്‍ ചോദിച്ചു. 12 ലക്ഷം എന്ന് അദ്ദേഹം പറഞ്ഞു. 12.5 ലക്ഷം എനിക്ക് പ്രതിഫലമായി വേണമെന്ന് ഞാന്‍ പറഞ്ഞു. ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ അദ്ദേഹം സമ്മതിച്ചു". താന്‍ 20 ലക്ഷം ചോദിക്കുമെന്ന് കരുതി ഭയന്നിരിക്കുകയായിരുന്നു നിര്‍മ്മാതാവെന്നും സലിം ഖാന്‍ പറയുന്നു.

"അബ്രാര്‍ ആല്‍വിയെ ഉടനടി ഞാന്‍ വിളിച്ചു. നായകനേക്കാള്‍ പ്രതിഫലം ലഭിച്ച കാര്യം അറിയിച്ചു. ഞാന്‍ അന്ന് പറഞ്ഞത് ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചു. ഓര്‍മ്മയുണ്ടെന്നും നിങ്ങള്‍ (സലിം ജാവേദ്) നന്നായി ചെയ്യുന്നുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം", സലിം ഖാന്‍ പറയുന്നു. ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍റെ പിതാവുമാണ് സലിം ഖാന്‍. 

ALSO READ : തിയറ്ററിലെ 'ഓണത്തല്ലി'ന് പെപ്പെ; കടലിലെ ആക്ഷന്‍ ബ്ലോക്കുകളുമായി 'കൊണ്ടല്‍' ട്രെയ്‍ലര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!