മുന്‍നിര മള്‍ട്ടിപ്ലെക്സ് ശൃംഖലകള്‍ പങ്കെടുക്കുന്നു
കുറഞ്ഞ നിരക്കില്‍ തിയറ്ററില്‍ സിനിമ കാണാന്‍ അവസരം ഒരുക്കുന്ന ദേശീയ ചലച്ചിത്ര ദിനം (നാഷണല്‍ സിനിമാ ഡേ) പ്രഖ്യാപിച്ച് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ. ടിക്കറ്റ് ഒന്നിന് 99 രൂപ മാത്രം നല്‍കി സിനിമ കാണാന്‍ അവസരം നല്‍കുന്ന ചലച്ചിത്ര ദിനം സെപ്റ്റംബര്‍ 20 വെള്ളിയാഴ്ചയാണ്. രാജ്യത്തെ പ്രമുഖ മള്‍ട്ടിപ്ലെക്സ് ശൃംഖലകളുടെ 4000 ല്‍ അധികം സ്ക്രീനുകളിലാണ് ചലച്ചിത്ര ദിനം ആഘോഷിക്കുന്നത്.
പിവിആര്‍ ഐനോക്സ്, സിനിപൊളിസ്, മിറാഷ്, സിറ്റിപ്രൈഡ്, ഏഷ്യന്‍, മുക്ത എ2, മൂവി ടൈം, വേവ്, മൂവിമാക്സ്, എം2കെ, ഡിലൈറ്റ് തുടങ്ങിയ മള്‍ട്ടിപ്ലെക്സ് ശൃംഖലകളില്‍ സെപ്റ്റംബര്‍ 20 ന് ഈ ഓഫര്‍ ലഭ്യമായിരിക്കും. ഇന്ത്യന്‍ സിനിമാ വ്യവസായം ഈ വര്‍ഷം വരിച്ച വലിയ വിജയത്തിന് പ്രേക്ഷകരോടുള്ള തങ്ങളുടെ നന്ദി പറച്ചിലാണ് ദേശീയ സിനിമാ ദിനമെന്ന് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇത് മൂന്നാം തവണയാണ് അസോസിയേഷന്‍ ദേശീയ ചലച്ചിത്ര ദിനം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും പ്രേക്ഷകരുടെ തള്ളിക്കയറ്റം തന്നെ ഈ ദിവസം ഉണ്ടായിരുന്നു. 2023 ലെ ദേശീയ ചലച്ചിത്ര ദിനം ഒക്ടോബര്‍ 13 ന് ആയിരുന്നു. അന്നേ ദിവസം 60 ലക്ഷത്തിലധികം ആളുകളാണ് പ്രത്യേക നിരക്കില്‍ ടിക്കറ്റ് വാങ്ങിയതെന്ന് അസോസിയേഷന്‍ അറിയിച്ചിരുന്നു. വെള്ളിയാഴ്ച ദിവസം കൂടി ചേര്‍ന്ന് വരുന്നതിനാല്‍ പുതിയ റിലീസുകളെ സംബന്ധിച്ചും ഏറെ ഗുണകരമാവും ഇത്തവണത്തെ സിനിമാദിനം എന്നാണ് കരുതപ്പെടുന്നത്.
ALSO READ : 'കുട്ടൻ്റെ ഷിനിഗാമി'; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു