ജോൺ എബ്രഹാം വിടവാങ്ങിയിട്ട് 35 വര്‍ഷം (John Abraham).
ഒരു കൂട്ടം ചലച്ചിത്രപ്രവർത്തകർക്ക് ഊർജവും ആവേശവും പ്രചോദനവും. മറ്റൊരു കൂട്ടർക്ക് ഒരു മിത്ത്. ചിലർക്ക് പ്രതിഭ. മറ്റ് ചിലർക്ക് പ്രഹേളിക. ചെയ്‍തുതീർത്ത കൃതികളേക്കാൾ ചെയ്‍തുതീർക്കാത്ത കൃതികളുടെ പ്രതീക്ഷാഭാരം ഒരു നെടുവീർപ്പായി അവശേഷിപ്പിച്ച് ജോൺ എബ്രഹാം വിടവാങ്ങിയിട്ട് 35 വർഷം (John Abraham).
ചെയ്‍തത് നാലേ നാലു സിനിമകൾ. 1972ൽ 'വിദ്യാർത്ഥികളേ ഇതിലേ ഇതിലേ', 1977ൽ 'അഗ്രഹാരത്തിൽ കഴുതൈ', 1979ൽ 'ചെറിയാച്ചന്റെി ക്രൂരകൃത്യങ്ങൾ' പിന്നെ അവസാനമായി 1986ൽ 'അമ്മ അറിയാൻ'. പിന്നെയുള്ളത് ഇംഗ്ലീഷിലും ഹിന്ദിയിലുമായുള്ള മൂന്ന് ഡോക്യുമെന്ററികൾ. അതിൽ തന്നെ ഒന്ന് റിലീസ് ചെയ്‍തിട്ടില്ല. മറ്റൊന്ന് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തിന്റെ ഭാഗമായി ചെയ്‍തതും. കുറേ കഥകൾ വായനക്കാരിലേക്കെത്തി. രണ്ട് സമാഹാരങ്ങളിലായി. അതിലൊന്ന് മരണാനന്തരവുമായിരുന്നു. പുരസ്‍കാരപട്ടികയും ചെറുതാണ് . 'അഗ്രഹാരത്തിൽ കഴുതൈ' അക്കൊല്ലത്തെ മികച്ച തമിഴ് സിനിമക്കുള്ള ദേശീയ പുരസ്‍കാരം നേടി. 'അമ്മ അറിയാൻ' പ്രത്യേക ജൂറി പുരസ്‍കാരം. 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ'ക്ക് അക്കൊല്ലത്തെ സംസ്ഥാന അവാർഡ് ജൂറിയും കൊടുത്തു പ്രത്യേക പുരസ്‍കാരം. തീർന്നു പുരസ്‍കാരപട്ടികയും. ക്രിയാത്മകതയുടെതായാലും പുരസ്‍കാരങ്ങളുടേതായാലും പട്ടിക ചെറുതാണ്.
undefined
ജോണ്‍ എബ്രഹാം (ഫോട്ടോ: പുനലൂര്‍ ബാലൻ)
പക്ഷേ ജോൺ ഏബ്രഹാം ബാക്കിയാക്കിയ തിളക്കത്തിന് ദശാബ്‍ദങ്ങൾക്കിപ്പുറവും മാറ്റു കുറഞ്ഞിട്ടില്ല. എന്താകും കാരണം? സ്വതന്ത്രമായി ചിന്തിക്കുകയും തനത് വഴിയിലൂടെ നടക്കുകയും താരതമ്യങ്ങളില്ലാത്ത സിനിമകൾ ചെയ്യുകയും ചെയ്‍തു. അതു തന്നെ. ജോണിന്റെ് ആലോചനകൾ വേറെ ആരുടെയും നിഴൽ പറ്റിയായിരുന്നില്ല. മുമ്പേ നടന്ന ആരെങ്കിലും തീർത്ത വഴിയിലൂടെ ആയിരുന്നില്ല യാത്രകൾ. പറയേണ്ടതും കാണിക്കേണ്ടതുമാണ് ജോൺ സിനിമയാക്കിയത്. അതിന്റെ വ്യാകരണത്തിന് വേറെ അവകാശികളുണ്ടായിരുന്നില്ല. ഒറ്റയാനായിരുന്നു ജോൺ എല്ലാ അർത്ഥത്തിലും. ഒരു നാടും നാട്ടുവഴിയും അടിച്ചുലച്ചായിരുന്നില്ല ആ ഒറ്റയാൻ നടന്നത്. പക്ഷേ തലച്ചോറിനകത്ത് ആശയങ്ങളുടെയും ആലോചനകളുടേയും നീണ്ട സംഘർഷങ്ങളുണ്ടായിരുന്നു. യാത്രയിൽ വന്നുചേർന്ന സൗഹൃദങ്ങൾ ആ സംഘർഷങ്ങളിൽ രസക്കൂട്ട് ചേർത്തു. അത്രതന്നെ. അത്രമേൽ 'യൂണീക്ക്' ആയിരുന്നു ജോൺ ഏബ്രഹാം. ആലോചനകളിൽ മാത്രമല്ല ജീവിതത്തിലും.
സ്വർണമെഡലോടെ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയ ജോൺ ഏബ്രഹാമിന് ഗുരുവായിരുന്നത് സാക്ഷാൽ ഋത്വിക് ഘട്ടക്ക്. പ്രായോഗികപഠനം തുടങ്ങിയത് മണി കൗളിനൊപ്പം. ഇന്ത്യൻ നവസിനിമയുടെ ചരിത്രപുസ്‍തകത്തിൽ ഏടുചേർത്ത 'ഉസ്‍കി റൊട്ടി'യിൽ കൗളിന്റെസഹായി ആയിരുന്നു ജോൺ. ഒപ്പം സിനിമയിലൊരു വേഷവും കൈകാര്യം ചെയ്‍തു.
ജോണ്‍ 'ഉസ്‍കി റൊട്ടി'യില്‍
ഒറ്റക്ക് സിനിമ ചെയ്യുന്നത് വിദ്യാർത്ഥികളുടെ കഥ പറഞ്ഞ്. സമൂഹത്തിന്റെ ചില സമയത്തെ നിരാശയും പ്രതീക്ഷയില്ലായ്‍മയും അതിനൊപ്പം തന്നെ പ്രതിസന്ധികളെ കൂട്ടായ്മയിലൂടെ നേരിടാനുള്ള ആർജവവും സിനിമ പറയുന്നു. രണ്ടാമത്തെ സിനിമ ബ്രാഹ്മണ്യത്തിന്റെ അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്‍ത 'അഗ്രഹാരത്തിൽ കഴുതൈ' വിവാദമായി. പുരസ്‍കാരത്തിളക്കമുണ്ടായിട്ടും ജാത്യാഭിമാനത്തിന്റെ സമ്മർദങ്ങൾ കാരണം തമിഴ്‍നാട്ടിൽ പ്രദർശനം തടയപ്പെട്ടു. ദൂരദർശൻ സംപ്രേഷണം മാറ്റിവെച്ചു. വർഷങ്ങൾക്കിപ്പുറം നിരൂപകരും സിനിമാപ്രമേികളും വാഴ്ത്തുന്നു, ഇന്ത്യയിൽ നിർമിക്കപ്പെട്ട അതിഗംഭീരസിനിമകളിൽ ഒന്നെന്ന്. 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ' വെളിപ്പെടുത്തിയത് ഫ്യൂഡൽ വ്യവസ്ഥിതികളോടും പൊലീസ് ക്രൂരതകളോടുമുള്ള എതിർപ്പ്. ഭരണകൂടം നക്സലുകളെ അടിച്ചമർത്തിയപ്പോൾ നേരിട്ടപ്പോളുണ്ടായ യുവാക്കളുടേയും അമ്മമാരുടേയും മനോവേദനയാണ് 'അമ്മ അറിയാൻ' പറഞ്ഞത്. ഇഷ്‍ടം പോലെ സിനിമകൾ പടച്ചുവിടുന്ന ദക്ഷിണേന്ത്യയിൽ നിന്നായി ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റ്യൂട്ടിന്റെൽ മികച്ച പത്ത് ഇന്ത്യൻ സിനിമകളുടെ പട്ടികയിലുള്ളത് 'അമ്മ അറിയാൻ' മാത്രമാണ്. അതിന്റെയ നിർമിതിയും അപൂർവസുന്ദരമാണ്. സിനിമയെ സർഗശക്തിയെ വളർത്താനും പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കാനുള്ള വേദിയായും സിനിമയെ സംഘടിതമൂലധനത്തിന്റെ പിടിയിൽ നിന്ന് സ്വതന്ത്രമാക്കാനും ഒക്കെയായി ജോണും കൂട്ടരും തുടങ്ങിയ ഒഡേസ പ്രസ്ഥാനത്തിന്റെ സൃഷ്‍ടി ആയിരുന്നു 'അമ്മ അറിയാൻ'. വ്യക്തമായ രാഷ്ട്രീയം പറഞ്ഞ സിനിമ നിർമാണരംഗത്ത് വിപ്ലവം ഉണ്ടാക്കിയതു കൂടിയാണ് എന്നർത്ഥം. സ്വയം തിരിച്ചറിവിന്റേയും ബോധ്യങ്ങളുടേയും രാഷ്ട്രീയസാമൂഹിക സാമ്പത്തികസാഹചര്യങ്ങളുടേയും ചരിത്രത്തിന്റെിയും വർത്തമാനത്തിന്റേുയും കുറ്റത്തിന്റേയും ശിക്ഷയുടേയും എല്ലാം പ്രതിഫലനങ്ങൾ ആണ് ജോണിന്റെ സിനിമകൾ. പ്രതിഷേധങ്ങളും സമരങ്ങളും പ്രമേയങ്ങളായി. നാട്ടിൽ നടക്കുന്ന സമരങ്ങളോടും പ്രതിഷേധങ്ങളോടും ജോൺ സിനിമയിലൂടെ ഐക്യപ്പെട്ടു.
ഒഡേസയിലൂടെ ചാര്‍ളി ചാപ്ലിന്റെ 'കിഡ്' നാടുതോറും പ്രദർശിപ്പിച്ചു. തെരുവ് നാടകങ്ങൾ അവതരിപ്പിച്ചു. കലയും സിനിമയും സമൂഹത്തിൽ ഓരോരുത്തരുടേയുമാക്കി. കൂട്ടത്തിൽ നിന്ന് കൂട്ടത്തിലൊരുവനായപ്പോഴും ഒറ്റയാനായി. ജീവിതത്തിലും സിനിമയിലും ഒറ്റക്ക് നടന്നു. വന്നു ചേർന്ന കൂട്ടുകാരെല്ലാവരും ജോണിനൊപ്പം നടന്നു. തിരിച്ചല്ല. ജോണിനെ കുറിച്ച് സുഹൃത്തുക്കൾ പരസ്‍പരം വിവരങ്ങളും കഥകളും കൈമാറി. ലഹരിയിൽ കാലുതെറ്റാത്ത സിദ്ധിയെ കുറിച്ചവർ അത്ഭുതപ്പെട്ടു. ഒടുവിൽ ഒരു പാർട്ടിക്കിടെ താഴെവീണ് പരിക്കേറ്റു മെഡിക്കൽ കോളേജ് ആശുപത്രിയിൽ. ആളെ തിരിച്ചറിയാൻ വൈകി, ചികിത്സ വൈകി അങ്ങനെയൊക്കെ പിന്നെ കേട്ടു. എന്തായാലും 1987 മേയ് അവസാനം അമ്പത് വയസ്സ് തികയുംമുമ്പ് ജോൺ പോയി. വളരെക്കുറച്ച് സൃഷ്‍ടികളും വളരെയധികം ഓർമകളും വേറെയാർക്കും നടക്കാൻ കഴിയാത്ത കർമപഥവും ബാക്കിയാക്കി...
Read More : ഉള്ളില്‍ ജീവന്‍ പൊടിഞ്ഞുപോകുമ്പോള്‍ ഗിറ്റാറില്‍ ബോബ് മാര്‍ലി പാടി...