ബി2ബി മീറ്റിങ്ങുകൾ, ശിൽപ്പശാലകൾ, മാസ്റ്റർക്ലാസുകൾ: കേരള ഫിലിം മാർക്കറ്റ് രണ്ടാം പതിപ്പ് ഒരുങ്ങുന്നു

By Web Team  |  First Published Nov 28, 2024, 5:45 PM IST

ഡിസംബർ 11, 12, 13 തിയതികളിലായി കേരള ഫിലിം മാർക്കറ്റിന്റെ രണ്ടാം പതിപ്പ് നടക്കും. ബി2ബി മീറ്റിങ്ങുകളും ലോകസിനിമയിലെ പ്രതിഭകൾ നയിക്കുന്ന ശിൽപ്പശാലകളും മാസ്റ്റർ ക്ലാസുകളുമാണ് പ്രധാന ആകർഷണങ്ങൾ.


കൊച്ചി: ഇരുപത്തൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനും (കെ.എസ്.എഫ്.ഡി.സി) ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ഫിലിം മാർക്കറ്റിന്റെ (കെ.എഫ്.എം -2) രണ്ടാം പതിപ്പ് എത്തുന്നു. ബി2ബി മീറ്റിങ്ങുകളും ലോകസിനിമയിലെ പ്രതിഭകൾ നയിക്കുന്ന ശിൽപ്പശാലകളും മാസ്റ്റർ ക്ലാസുകളുമാണ് കെ.എഫ്. എം-2ന്റെ പ്രധാന ആകർഷണങ്ങൾ എന്ന് കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ പറഞ്ഞു. 

2024 ഡിസംബർ 11, 12, 13 തിയതികളിലായി തലസ്ഥാനത്ത് വച്ചാണ് കെ.എഫ്.എം-2 സംഘടിപ്പിക്കുന്നത്. സിനിമ-ഏവിജിസി-എക്സ്ആർ മേഖലകളിലെ നൂതന അറിവ് ലഭ്യമാക്കുക, മലയാള സിനിമയുടെ ആഗോള വാണിജ്യസാധ്യത വർദ്ധിപ്പിക്കുക എന്നിവയാണ് മാർക്കറ്റിന്റെ ലക്ഷ്യം. കെഎഫ്എമ്മിൻ്റെ ആദ്യ പതിപ്പിൻ്റെ വിജയത്തെ തുടർന്ന് കൂടുതൽ വിപുലമായാണ് രണ്ടാം പതിപ്പ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം ടാഗോർ തിയറ്റർ പരിസരം, ചിത്രാഞ്ജലി സ്റ്റുഡിയോ എന്നിവയാണ് കെഎഫ്എം-2ന്റെ വേദികൾ എന്നും അദ്ദേഹം എറണാകുളം ഗവൺമെൻ്റ് ഗസ്റ്റ് ഹൌസിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

Latest Videos

കെഎഫ്എം രണ്ടാം പതിപ്പിൽ മൂന്ന് ഘടകങ്ങളാണ് പ്രധാനമായുളളത്. ബി2ബി മീറ്റിങ്ങ്, ശിൽപ്പശാല, മാസ്റ്റർ ക്ലാസ്. പാരീസ് ആസ്ഥാനമായുള്ള ഫിലിം സെയിൽസ് ഏജൻസിയായ ആൽഫ വയലറ്റിന്റെ സ്ഥാപക കെയ്കോ ഫുനാറ്റോ, ബാരൻ്റ്സ് ഫിലിംസ് എഎസിന്റെ മാനേജിംഗ് ഡയറക്ടറും പ്രശസ്ത നിർമാതാവുമായ ഇൻഗ്രിഡ് ലിൽ ഹോഗ്ടൻ എന്നിവരുമായി നിർമാതാക്കൾക്ക് ബി2ബി മീറ്റിംഗിന് അവസരം ഉണ്ടായിരിക്കുന്നതാണ്. 

വിശ്വപ്രശസ്ത ഛായാഗ്രാഹക ആഗ്നസ് ഗൊഥാർദ് നേതൃത്വം നൽകുന്ന സിനിമാറ്റോഗ്രഫി ശിൽപ്പശാല, പ്രശസ്ത ഫ്രഞ്ച് സംഗീതജ്ഞ ബിയാട്രിസ് തിരെ നേതൃത്വം നൽകുന്ന പശ്ചാത്തല സംഗീത ശിൽപ്പശാല എന്നിവ കെഎഫ്എമ്മിന്റെ മുഖ്യ ആകർഷണങ്ങളാണ്.

ആഗ്നസ് ഗൊഥാർദിന്റെ സിനിമാറ്റോഗ്രാഫി മാസ്റ്റർക്ലാസ്,ബിയാട്രിസ് തിരെയുടെ പശ്ചാത്തലസംഗീത മാസ്റ്റർക്ലാസ്, ഇൻഗ്രിഡ് ലിൽ ഹോഗ്ടൻ നയിക്കുന്ന കോ-പ്രൊഡക്ഷനും ധനസമാഹരണവും സംബന്ധിച്ച വിഷയത്തിലെ മാസ്റ്റർ ക്ലാസ്, പ്രശസ്ത തിരക്കഥാകൃത്ത് ജൂലിയറ്റ് സെലസിന്റെ തിരക്കഥാരചന മാസ്റ്റർക്ലാസ്, കെ സെറാ സെറാ വിർച്വൽ പ്രൊഡക്ഷൻസിന്‍റെ സിഇഒ യൂനുസ് ബുഖാരിയുടെ വിർച്വൽ പ്രൊഡക്ഷൻ മാസ്റ്റർ ക്ലാസ്, പ്രശസ്ത ചലച്ചിത്ര സംയോജകൻ ശ്രീകർ പ്രസാദിന്‍റെ എഡിറ്റിംഗ് മാസ്റ്റർ ക്ലാസ്, അജിത് പത്മനാഭിന്റെ ഇമേഴ്സീവ് ടെക്നോളജി ഫോർ ഹെറിറ്റേജ് എന്ന വിഷയത്തിലെ മാസ്റ്റർ ക്ലാസ്, എക്സ്റ്റെന്റഡ് റിയാലിറ്റി കൺസൽറ്റന്‍റെ ലോയിക് ടാൻഗയുടെ ഒരു ആശയത്തിന്റെ പ്രിന്റ് മുതൽ എക്സ്റ്റെന്റഡ് റിയാലിറ്റി വരെയുള്ള ആഖ്യാനത്തെ കുറിച്ചുള്ള മാസ്റ്റർ ക്ലാസ് എന്നിവ ഉണ്ടായിരിക്കും. 

കെഎഫ്എം-2ന്റെ ഭാഗമായ ഇൻ കോൺവർസേഷൻ സെഷനിൽ ഷാജി എൻ. കരുൺ, ഗോൾഡ സെലം, ആഗ്നസ് ഗൊഥാർദ്, ഇൻഗ്രിഡ് ലിൽ ഹോഗ്ടൻ, രവി കൊട്ടാരക്കര, അനിൽ മെഹ്ത, പൂജ ഗുപ്തെ, സുരേഷ് എറിയട്ട്, രവിശങ്കർ വെങ്കിടേശ്വരൻ, മനു പാവ, ആശിഷ് കുൽക്കർണി എന്നിവർ വ്യത്യസ്ത വിഷയങ്ങളിലുള്ള സംഭാഷണങ്ങളിലൂടെ ഡെലിഗേറ്റുകളുമായി അറിവും ആശയവും പങ്കുവയ്ക്കുമെന്നും ഷാജി എൻ. കരുൺ കൂട്ടിച്ചേർത്തു.

ഭാഗമായി സിനിമയുടെ വിജ്ഞാനപരവും വാണിജ്യപരവുമായ വശങ്ങൾ സംയോജിപ്പിക്കുന്ന ഫിലിം മാർക്കറ്റ് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അവിഭാജ്യഘടകമാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ പറഞ്ഞു. ഇത്തവണത്തെ ചലച്ചിത്രമേള കൂടുതൽ ജനകീയവും സ്ത്രീ പങ്കാളിത്തത്താൽ ശ്രദ്ധേയവുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെഎഫ്എം-2 നടക്കുന്ന മൂന്ന് ദിവസങ്ങളിലും വിജയിച്ച മലയാളം സിനിമകളുടെ നിർമാതാക്കളുമായുള്ള ഇന്‍ററാക്ടീവ് സെഷൻ ഉണ്ടായിരിക്കുമെന്ന് കെ.എസ്.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടർ പി.എസ്. പ്രിയദർശനൻ പറഞ്ഞു. ഡിസംബർ 11 മുതൽ 20 വരെ കെ.എഫ്.എം. -2ന്റെ ഭാഗമായ വ്യൂവിംഗ് റൂം ടാഗോർ തിയറ്റർ പരിസരത്ത് പ്രവർത്തിക്കും. നിർമാതാക്കൾക്കും സംവിധായകർക്കും വ്യൂവിംഗ് റൂമിൽ വിതരണക്കാർ, ഫെസ്റ്റിവൽ ക്യുറേറ്റർമാർ എന്നിവർക്കായി തങ്ങളുടെ സിനിമകൾ പ്രദർശിപ്പിക്കാം. 

ചലച്ചിത്ര ലോകത്തെ നിർമാതാക്കൾ, ക്രിയേറ്റീവ് പ്രൊഫെഷണലുകൾ എന്നിവരുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കപ്പെടുന്ന കേരള ഫിലിം മാർക്കറ്റ് വരും പതിപ്പുകളിൽ ഗോവ ഫിലിം ഫെസ്റ്റിവലിലെ ഫിലിം ബസാറിന് തുല്യമായ വലിയൊരു സംവിധാനമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രൂപപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരള ഫിലിം മാർക്കറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralafilmmarket.in വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഐഎഫ്എഫ്ഐ മത്സര വിഭാഗത്തിലേക്ക് 'തണുപ്പ്'

ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം: ഫിലിം ബസാറിൽ പുരസ്കാര നേട്ടവുമായി 'കൊതിയന്‍'

click me!