പ്രഭാസിന്‍റെ കരിയറിലെ 25-ാം ചിത്രം
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇന്ന് ഏറ്റവും താരമൂല്യമുള്ള നായക നടന്മാരിലൊരാളാണ് പ്രഭാസ്. ബാഹുബലി നല്‍കിയ വന്‍ കരിയര്‍ ബ്രേക്ക് തന്നെ അതിന് കാരണം. ഒറ്റ ചിത്രം കൊണ്ട് ഇന്ത്യ മുഴുവനും ആരാധകരെ നേടാനുള്ള ഭാഗ്യം പ്രഭാസിന് ലഭിച്ചു. ബാഹുബലിക്ക് ശേഷമിങ്ങോട്ട് പ്രഭാസിനെ നായകനാക്കിയുള്ള ചിത്രങ്ങളെല്ലാം ബിഗ് ബജറ്റിലാണ് ഒരുങ്ങിയത്. പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ ലക്ഷ്യം വച്ചുള്ള ബിഗ് കാന്‍വാസ് ചിത്രങ്ങളായിരുന്നു അവയെല്ലാം എന്നതാണ് ഇതിന് കാരണം. വരാനിരിക്കുന്ന ചിത്രങ്ങളും അങ്ങനെതന്നെ. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ ഒന്നായ സ്പിരിറ്റിനെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്.
സിനിമയുടെ ചിത്രീകരണം സംബന്ധിച്ചാണ് ഇത്. അര്‍ജുന്‍ റെഡ്ഡി, അനിമല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന സ്പിരിറ്റ് പ്രഭാസിന്‍റെ കരിയറിലെ 25-ാം ചിത്രമാണ്. സിനിമയുടെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കുമെന്ന് 123 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് മാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാവുമെന്നും. ഷൂട്ട് ആരംഭിച്ചാല്‍ തടസങ്ങളൊന്നും വരാതെ മുന്നോട്ടു പോകാന്‍ സാധിക്കുംവിധമാണ് സന്ദീപും സംഘവും ഷെഡ്യൂളുകള്‍ പ്ലാന്‍ ചെയ്തിരിക്കുന്നതെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാഹുബലിക്ക് ശേഷം ഒരു പ്രഭാസ് ചിത്രം ഈ വേഗത്തില്‍ പൂര്‍ത്തീകരിച്ചിട്ടില്ല.
undefined
സന്ദീപ് റെഡ്ഡിം വാംഗയും പ്രഭാസും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഒരു പൊലീസ് ഡ്രാമയാണ്. കരിയറില്‍ ആദ്യമായാണ് പ്രഭാസ് ഒരു പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ആക്ഷന്‍ രംഗങ്ങളേക്കാള്‍ ഡ്രാമയ്ക്ക് പ്രാധാന്യമുള്ള ചിത്രമായതിനാലാണ് ചിത്രീകരണം വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നതെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ദി രാജ സാബ് ആണ് കല്‍ക്കിക്ക് ശേഷം എത്തുന്ന പ്രഭാസ് ചിത്രം. റൊമാന്‍റിക് കോമഡി ഹൊറര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്.
ALSO READ : സിനിമാ മോഹിയുടെ കഥയുമായി 'ജവാന്‍ വില്ലാസ്'; ടൈറ്റില്‍ ലോഞ്ച് ഒറ്റപ്പാലത്ത്