'ആനക്കാട്ടില്‍ ചാക്കോച്ചി' ആവേണ്ടിയിരുന്നത് സുരേഷ് ഗോപിയല്ല, മറ്റൊരു സൂപ്പര്‍താരം

By Web TeamFirst Published Feb 4, 2024, 3:46 PM IST
Highlights

1997 ഒക്ടോബര്‍ 18 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം

സുരേഷ് ഗോപിയുടെ കരിയറിലെ ശ്രദ്ധേയ വിജയങ്ങളിലൊന്നായിരുന്നു 1997 ല്‍ പുറത്തെത്തിയ ലേലം. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം നാടകീയത പകര്‍ന്ന നിരവധി നിമിഷങ്ങളാലും പഞ്ച് ഡയലോഗുകളാലുമൊക്കെ സമ്പന്നമായിരുന്നു. ആനക്കാട്ടില്‍ ചാക്കോച്ചി സുരേഷ് ഗോപിയുടെ എക്കാലവും ഓര്‍ത്തുവെക്കാവുന്ന കഥാപാത്രമായപ്പോള്‍ ആനക്കാട്ടില്‍ ഈപ്പച്ചനായി സോമനും തിളങ്ങി. എന്നാല്‍ ചിത്രത്തിന്‍റെ രചനാഘട്ടത്തില്‍ രണ്‍ജി പണിക്കര്‍ ഈ കഥാപാത്രങ്ങളായി മനസില്‍ കണ്ടത് സുരേഷ് ഗോപിയെയും സോമനെയും അല്ലായിരുന്നു. മറിച്ച് മറ്റ് രണ്ട് പേരെ ആയിരുന്നു.

ആനക്കാട്ടില്‍ ചാക്കോച്ചി ആവേണ്ടിയിരുന്നത് മമ്മൂട്ടിയാണ്. ആനക്കാട്ടില്‍ ഈപ്പച്ചന്‍ ആവേണ്ടിയിരുന്നത് തിലകനും. പല ഹിറ്റ് ചിത്രങ്ങളിലും കണ്ടിട്ടുള്ള മമ്മൂട്ടി- തിലകന്‍ കോമ്പിനേഷനാണ് ലേലത്തില്‍ വരേണ്ടിയിരുന്നത്. ജോഷി തന്നെയാണ് മുന്‍പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്- "ലേലം മമ്മൂട്ടിക്കുവേണ്ടിയാണ് രണ്‍ജി പണിക്കര്‍ എഴുതിയത്. അദ്ദേഹത്തിന് ഡേറ്റ് ഉണ്ടായിരുന്നില്ല. ഞാന്‍ പറഞ്ഞു, സുരേഷ് ഗോപി മതി. എം ജി സോമന്‍ ലേലത്തില്‍ ചെയ്ത കഥാപാത്രം തിലകനുവേണ്ടി എഴുതിയതാണ്. സാങ്കേതിക കാരണങ്ങളാല്‍ തിലകന്‍ വന്നില്ല. ഞാന്‍ പറഞ്ഞു, എം ജി സോമനെ വിളിക്കാം. സോമന്‍ ഗംഭീരമായി ചെയ്തു", ജോഷിയുടെ വാക്കുകള്‍.

Latest Videos

സുരേഷ് ഗോപിയെയും സോമനെയും കൂടാതെ സിദ്ദിഖ്, മണിയന്‍പിള്ള രാജു, എന്‍ എഫ് വര്‍ഗീസ്, സ്ഫടികം ജോര്‍ജ്, വിജയകുമാര്‍, നന്ദിനി, കൊച്ചിന്‍ ഹനീഫ, കവിയൂര്‍ രേണുക തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രമായിരുന്നു ലേലം. 1997 ഒക്ടോബര്‍ 18 ന് ആയിരുന്നു റിലീസ്. വന്‍ ബോക്സ് ഓഫീസ് വിജയമാണ് ചിത്രം നേടിയത്. അതേസമയം ലേലത്തിന്‍റെ രണ്ടാം ഭാഗം നിധിന്‍ രണ്‍ജി പണിക്കരുടെ സംവിധാനത്തില്‍ എത്തിയേക്കുമെന്ന് 2019 ല്‍ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ അതിനുശേഷം നിധിന്‍ സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കിയത് കാവല്‍ എന്ന ചിത്രമാണ്. 

ALSO READ : 'ഗസ്റ്റ് റോള്‍ വേണ്ട, ഒരു ട്വീറ്റ് എങ്കിലും'? വിജയ്‍യുടെ ബന്ധു ആയതിനാൽ നഷ്ടമായ അവസരങ്ങളെക്കുറിച്ച് വിക്രാന്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!