എംടിയുടെ തിരക്കഥയില്‍ മകള്‍ അശ്വതി സംവിധാനം; നായകന്‍ ആസിഫ് അലി

By Web Team  |  First Published Jan 9, 2022, 12:31 PM IST

എംടിയുടെ പത്ത് കഥകളെ ആസ്‍പദമാക്കിയുള്ള നെറ്റ്ഫ്ലിക്സ് ആന്തോളജിയില്‍ അശ്വതി സംവിധാനം ചെയ്യുന്ന ചിത്രവും


എം ടി വാസുദേവന്‍ നായരുടെ (MT Vasudevan Nair) മകള്‍ അശ്വതി (Aswathy) ചലച്ചിത്ര സംവിധായികയാവുന്നു. എംടിയുടെ കഥകളെ ആസ്‍പദമാക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി (Netflix) ഒരുക്കുന്ന ആന്തോളജി ചലച്ചിത്രത്തിലെ ഒരു ചിത്രം സംവിധാനം ചെയ്യുന്നത് അശ്വതി വി നായര്‍ ആണ്. എംടിയുടെ 'വില്‍പ്പന' എന്ന കഥയാണ് അശ്വതി സംവിധാനം ചെയ്യുന്നത്. തിരക്കഥ എംടിയുടേത് തന്നെ. ആസിഫ് അലിയും (Asif Ali) മധുബാലയുമാണ് ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ആന്തോളജിയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ചുമതലയുമുണ്ട് അശ്വതിക്ക്.

എംടിയുടെ പത്ത് കഥകളുടെ ചലച്ചിത്രാവിഷ്‍കാരമായ ആന്തോളജിയില്‍ മറ്റ് പ്രമുഖ സംവിധായകരാണ് അണിനിരക്കുന്നത്. പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവരാണ് മറ്റ് ചിത്രങ്ങള്‍ ഒരുക്കുന്നത്. 'ഷെര്‍ലക്ക്' എന്ന കഥയാണ് മഹേഷ് നാരായണന്‍ സിനിമയാക്കുന്നത്. ഫഹദ് ഫാസില്‍ ആണ് ഇതില്‍ നായകന്‍. 'കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്' എന്ന കഥയ്ക്കാണ് ലിജോ ജോസ് പെല്ലിശ്ശേരി ദൃശ്യഭാഷ്യം ഒരുക്കുന്നത്. മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Latest Videos

രണ്ട് ചിത്രങ്ങളാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നത്. 'ശിലാലിഖിതം' എന്ന കഥയില്‍ ബിജു മേനോന്‍ ആണ് നായകന്‍. മറ്റൊന്ന് എംടിയുടെ തിരക്കഥയില്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്‍ത 'ഓളവും തീരവും' എന്ന സിനിമയുടെ റീമേക്ക് ആണ്. മോഹന്‍ലാല്‍ ആണ് ഇതില്‍ നായകന്‍. 'അഭയം തേടി' എന്ന കഥയാണ് സന്തോഷ് ശിവന്‍ ചലച്ചിത്രമാക്കുന്നത് സിദ്ദിഖ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക.പാര്‍വ്വതി, നരെയ്‍ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'കാഴ്ച' എന്ന കഥയാണ് ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്നത്. ജയരാജിന്‍റെ 'സ്വര്‍ഗ്ഗം തുറക്കുന്ന സമയ'ത്തില്‍ നെടുമുടി വേണു, ഇന്ദ്രന്‍സ്, സുരഭി ലക്ഷ്‍മി എന്നിവര്‍ക്കൊപ്പം ഉണ്ണി മുകുന്ദനും എത്തുന്നു. രതീഷ് അമ്പാട്ടിന്‍റെ 'കടല്‍ക്കാറ്റി'ല്‍ ഇന്ദ്രജിത്ത്, അപര്‍ണ്ണ ബാലമുരളി, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. 

click me!