അച്ഛന്‍റെ പിറന്നാളിന് മകന്‍റെ ചിത്രം; 'ക്യാപ്റ്റന്' പിന്നാലെ വീണ്ടും പാൻ ഇന്ത്യൻ വരവിന് ദുല്‍ഖർ: റിലീസ് തീയതി

By Web TeamFirst Published Jul 8, 2024, 10:24 PM IST
Highlights

1980- 1990 കാലഘട്ടത്തിലെ ബോംബെ നഗരം പശ്ചാത്തലം

സിനിമകളുടെ തെര‍ഞ്ഞെടുപ്പിലെ കൃത്യതയും അതത് ഭാഷകളില്‍ മികച്ചവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യവുമാണ് ദുല്‍ഖര്‍ സല്‍മാനെ ഇന്ന് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടനാക്കിയത്. നിലവില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം കല്‍ക്കിയില്‍ അതിഥിതാരമായാണ് എത്തിയതെങ്കിലും വലിയ കൈയടിയാണ് തിയറ്ററുകളില്‍ ദുല്‍ഖറിന്‍റെ രംഗങ്ങള്‍ക്ക്. ക്യാപ്റ്റന്‍ എന്ന കഥാപാത്രത്തെയാണ് കല്‍ക്കിയില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചിരിക്കുന്നത്. കല്‍ക്കിക്ക് പിന്നാലെ എത്തുന്ന ദുല്‍ഖര്‍ ചിത്രവും തെലുങ്കില്‍ നിന്നാണ്. തെലുങ്കിലെ പ്രശസ്ത സംവിധായകന്‍ വെങ്ക് അട്‍ലൂരി ഒരുക്കിയിരിക്കുന്ന ലക്കി ഭാസ്കര്‍ എന്ന ചിത്രമാണ് അത്. ഇപ്പോഴിതാ ഈ ചിത്രത്തിന്‍റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍. 

സെപ്റ്റംബർ ഏഴിനാണ് ഈ ചിത്രം ആഗോള റിലീസ് ആയി എത്തുന്നത്. വിനായക ചതുര്‍ഥി ദിനമാണ് ഇത്. അതേസമയം മലയാളികളെ സംബന്ധിച്ച് ഈ റിലീസ് തീയതിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമാണ് ഇത്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖര്‍ ചിത്രത്തിന്‍റെ റിലീസ് എന്ന രീതിയിലാണ് മലയാളി ആരാധകര്‍ ഈ വാര്‍ത്തയെ സ്വീകരിച്ചിരിക്കുന്നത്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടെയ്ന്‍‍മെന്‍റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

Latest Videos

1980- 1990 കാലഘട്ടത്തിലെ ബോംബെ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ പിരീഡ് ഡ്രാമയിൽ ഒരു ബാങ്ക് കാഷ്യർ കഥാപാത്രമായാണ് ദുൽഖർ സൽമാൻ അഭിനയിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ദേശീയ അവാർഡ് ജേതാവായ ജി വി പ്രകാശ് കുമാറും കാമറ ചലിപ്പിച്ചത് നിമിഷ് രവിയുമാണ്. ഹൈദരാബാദിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാൻ ആണ്.

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ പഴയകാല ബോംബെ നഗരത്തിന്റെ വമ്പൻ സൈറ്റുകളിലാണ് ലക്കി ഭാസ്കർ ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹവും ടീമും ഒരുക്കിയ വമ്പൻ ബാങ്ക് സെറ്റുകളും ഈ ചിത്രത്തിന്റെ ഹൈലൈറ്റായി മാറും. ഇതിനോടകം റിലീസ് ചെയ്ത ഇതിലെ ഒരു ഗാനവും ടീസറും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ഈ ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്. പിആർഒ ശബരി.

ALSO READ : 4 മ്യൂസിക്സിന്‍റെ സംഗീതം; 'സമാധാന പുസ്തക'ത്തിലെ ഗാനമെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!