ബജറ്റ് 1265 കോടി, കളക്ഷന്‍ 4 ഇരട്ടി! ആ ബമ്പര്‍ ഹിറ്റ് ചിത്രത്തിന്‍റെ റീമേക്ക് റൈറ്റ് സ്വന്തമാക്കി സൂപ്പര്‍താരം

By Web Team  |  First Published Nov 6, 2024, 4:20 PM IST

സംവിധായകന്‍ ആരെന്നത് വ്യക്തമല്ല. ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാവും ചിത്രം എത്തുക


ബോളിവുഡിനെ പരിഹസിക്കാന്‍ സമീപകാലത്ത് ഉപയോ​ഗിക്കപ്പെട്ട വിശേഷണങ്ങളിലൊന്നാണ് റീമേക്ക്‍വുഡ് എന്നത്. മറ്റ് ഇന്‍ഡസ്ട്രികളില്‍, വിശേഷിച്ചും തെന്നിന്ത്യന്‍ സിനിമയില്‍ വലിയ പ്രേക്ഷകശ്രദ്ധയും വിജയവും നേടിയ ചിത്രങ്ങള്‍ സ്ഥിരമായി റീമേക്ക് ചെയ്യുന്നതുകൊണ്ടാണ് വിമര്‍ശകര്‍ ഈ പേരിട്ടത്. അതേസമയം ബോളിവുഡിന്‍റെ ചരിത്രമെടുത്താല്‍ റീമേക്ക് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ വലിയ വിജയങ്ങളും ഉണ്ടെന്ന് കാണാം. ഇപ്പോഴിതാ മറ്റൊരു ഇന്‍ഡസ്ട്രിയില്‍ നിന്ന് ഒരു വമ്പന്‍ വിജയ ചിത്രത്തിന്‍റെ റീമേക്ക് റൈറ്റ് ഒരു ബോളിവുഡ് സൂപ്പര്‍താരം സ്വന്തമാക്കിയിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

വില്‍ സ്മിത്തിനെ നായകനാക്കി ഫ്രാന്‍സിസ് ലോറന്‍സ് സംവിധാനം ചെയ്ത് 2007 ല്‍ പുറത്തെത്തിയ ഹോളിവുഡ് ചിത്രം ഐ ആം ലെജന്‍ഡിന്‍റെ റീമേക്ക് റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത് ഹൃത്വിക് റോഷന്‍ ആണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോസ്റ്റ് അപോകലിപ്റ്റിക് ആക്ഷന്‍ ത്രില്ലര്‍ ​ഗണത്തില്‍ പെടുന്ന ചിത്രം നിര്‍മ്മാതാക്കള്‍ക്ക് വലിയ ലാഭം നേടിക്കൊടുത്ത ഒന്നാണ്. 150 മില്യണ്‍ ഡോളര്‍ (1265 കോടി രൂപ) ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രം ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് കളക്റ്റ് ചെയ്തത് 585 മില്യണ്‍ ഡോളര്‍ (4932 കോടി രൂപ) ആയിരുന്നു. 

Latest Videos

ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ അവശ്യം വേണ്ട മാറ്റങ്ങള്‍ അടക്കം കൊണ്ടുവരാന്‍ ഒരു ടീം വര്‍ക്ക് ചെയ്യുകയാണെന്ന് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇതിന്‍റെ സംവിധായകന്‍ ആരായിരിക്കുമെന്നത് വ്യക്തമല്ല. അതേസമയം മറ്റ് പ്രോജക്റ്റുകളുടെ തിരക്കുകളിലുമാണ് ഹൃത്വിക് ഇപ്പോള്‍. അലിയ ഭട്ടും ഷര്‍വരിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആല്‍ഫയിലെ അതിഥിവേഷം കൂടാതെ വാര്‍ 2 ഉും അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനുണ്ട്. ജൂനിയര്‍ എന്‍ടിആര്‍ ആണ് വാര്‍ 2 ല്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൃഷ് 4 ഉും ഹൃത്വിക്കിന്‍റേതായി പുറത്ത് വരാനുണ്ട്. 

ALSO READ : ഐഎഫ്എഫ്ഐ മത്സര വിഭാഗത്തിലേക്ക് 'തണുപ്പ്'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!