Latest Videos

പാന്‍ ഇന്ത്യന്‍ റിലീസിന് 'ഗഗനചാരി'; റിലീസ് തീയതി പ്രഖ്യാപിച്ചു

By Web TeamFirst Published Jul 3, 2024, 12:25 AM IST
Highlights

ജെമിനി ഫിലിം സര്‍ക്യൂട്ട് ആണ് ചിത്രം പാന്‍- ഇന്ത്യന്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്

മലയാളത്തിന്‍റെ ബിഗ് സ്ക്രീനില്‍ അപൂര്‍വ്വമായി എത്തിയ ഡിസ്ടോപ്പിയന്‍ ഏലിയന്‍ ചിത്രമായിരുന്നു അരുണ്‍ ചന്ദു സംവിധാനം ചെയ്ത ഗഗനചാരി. ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, കെ ബി ഗണേഷ് കുമാര്‍, അനാര്‍ക്കലി മരിക്കാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ജൂണ്‍ 21 നാണ് കേരളത്തിലെ തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ടത്. മികച്ച പ്രേക്ഷകപ്രീതി നേടിയ ചിത്രം ഇപ്പോഴിതാ പാന്‍- ഇന്ത്യന്‍ റിലീസിന് ഒരുങ്ങുകയാണ്.

പ്രമുഖ നിര്‍മ്മാണ, വിതരണ കമ്പനിയായ ജെമിനി ഫിലിം സര്‍ക്യൂട്ട് ആണ് ചിത്രം പാന്‍- ഇന്ത്യന്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ജൂലൈ 5 ന് ചിത്രം ഇന്ത്യയൊട്ടുക്കും എത്തും. 'സായാഹ്നവാര്‍ത്തകള്‍', 'സാജന്‍ ബേക്കറി' എന്നീ ചിത്രങ്ങള്‍ക്കുശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്ത 'ഗഗനചാരി' നിര്‍മ്മിച്ചിരിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത് വിനായകയാണ്. 'ആവാസവ്യൂഹം', 'പുരുഷപ്രേതം' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ കൃഷാന്ദ് ആണ് ഗഗനചാരിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ശിവ സായിയും അരുണ്‍ ചന്തുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ആയിരുന്നു ശിവ സായി. 

ആഗോള തലത്തില്‍ വിവിധ ഫെസ്റ്റുകളില്‍ അംഗീകാരങ്ങള്‍ സ്വന്തമാക്കിയ ശേഷം കേരളത്തില്‍ നടന്ന കേരള പോപ് കോണിന്റെ ഭാഗമായും ഈ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. വളരെ മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രത്തിന് അവിടെവച്ചും ലഭിച്ചത്. ഇതെക്കൂടാതെ മികച്ച ചിത്രം, മികച്ച വിഷ്വല്‍ എഫക്ട്സ് എന്ന വിഭാഗങ്ങളില്‍ ന്യൂ യോര്‍ക്ക് ഫിലിം അവാര്‍ഡ്‌സ്, ലോസ് ഏഞ്ചലസ് ഫിലിം അവാര്‍ഡ്‌സ്, തെക്കന്‍ ഇറ്റലിയില്‍ വെച്ച് നടന്ന പ്രമാണ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും 'ഗഗനചാരി' പ്രദര്‍ശിപ്പിച്ചിരുന്നു. 

ALSO READ : യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കി 'കനകരാജ്യം'; ടീസര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!