അല്ലു- ഫഹദ് പോരാട്ടം, കേരളത്തിൽ 24 മണിക്കൂറും പുഷ്പ 2 ! വിതരണാവകാശം ഇ ഫോർ എന്‍റർടെയ്ൻമെന്‍റിന്

By Web TeamFirst Published Oct 25, 2024, 7:38 AM IST
Highlights

ഡിസംബർ 5 മുതൽ പുഷ്പ 2 തിയറ്ററുകളില്‍ എത്തും. 

തെലുങ്ക് ചിത്രം പുഷ്പ 2വിന്റെ കേരളത്തിലെത്തിക്കാൻ ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ്. മുമ്പ് പറഞ്ഞതിലും ഒരു ദിവസം നേരത്തെ റിലീസിനൊരുങ്ങുന്ന 'പുഷ്പ ദ റൂൾ' ഡിസംബർ 5 മുതൽ കേരളക്കരയിലെ തിയറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്ത. 

പത്ത് വർഷത്തിലേറെയായി സിനിമാ നി‍ർമ്മാണ, വിതരണ മേഖലയിലെ സജീവ സാന്നിധ്യമായ ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് ഇതിനകം ലൈഫ് ഓഫ് പൈ, ചെന്നൈ എക്സ്പ്രസ്, ഫാസ്റ്റ് ആൻഡ് ഫ്യൂരീസ് സീരീസ്, എംഎസ് ധോണി, അക്വാമാൻ, ബാറ്റ്മാൻ വേഴ്സസ് സൂപ്പർമാൻ, സഞ്ജു, അവതാർ, ആനിമൽ, പുഷ്പ ദ റൈസ് തുടങ്ങി ഒട്ടേറെ സൂപ്പർ ഹിറ്റ് സിനിമകള്‍ കേരളത്തിൽ വിതരണത്തിന് എത്തിച്ചിട്ടുണ്ട്. 

Latest Videos

പുഷ്പയുടെ രണ്ടാം ഭാഗം കേരളത്തിൽ വിതരണത്തിനെത്തിക്കുമ്പോൾ ഞങ്ങൾക്ക് രണ്ട് അജണ്ടകളാണ് മുന്നിലുള്ളതെന്ന്  മുകേഷ് ആർ മേത്ത പറഞ്ഞു. 'ലിയോ കേരളത്തിൽ നിന്നും ആദ്യ ദിനം കളക്ട് ചെയ്ത 12 കോടിയെ മറികടക്കുക, കേരളത്തിൽ റിലീസിന്‍റെ ആദ്യ ദിനം മുതൽ 24 മണിക്കൂറും ഷോകൾ പ്രദർശിപ്പിക്കുക' എന്നിവയാണ് തങ്ങളുടെ പ്രധാന അജണ്ടകൾ. തിയേറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും പദ്ധതിയിടുന്നത്. 

ബ്ലോക്ക്ബസ്റ്റർ ചിത്രം 'പുഷ്പ: ദ റൈസി'ന്‍റെ രണ്ടാം ഭാഗമായെത്തുന്ന 'പുഷ്പ 2: ദ റൂൾ' ബോക്സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. രണ്ടാം ഭാഗത്തിൽ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കാനായാണ് അല്ലു അർജുനും സംവിധായകൻ സുകുമാറും പദ്ധതിയിടുന്നത്. പ്രേക്ഷക - നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ ആദ്യഭാഗം വാണിജ്യപരമായും വലിയ വിജയം നേടിയിരുന്നു. 

ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദിന്‍റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീർക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. 

സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 

'പണി'ക്ക് എങ്ങും മികച്ച റിപ്പോർട്ടുകൾ; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സംവിധായകൻ ജോജു ജോർജ്

കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!