കയ്യില്‍ വെറും 300 രൂപയുമായി സിനിമാ നടനാകാൻ നാടുവിട്ടു, ഇന്ന് സൂപ്പര്‍ താരം, അവിശ്വസനീയമായ വളര്‍ച്ചയുടെ കഥ

By Web Team  |  First Published Nov 25, 2023, 9:30 PM IST

റെക്കോര്‍ഡുകള്‍ തിരുത്തിയ ഒരു സൂപ്പര്‍ താരമായി മാറിയത് ഇങ്ങനെ.


കന്നഡയുടെ പെരുമയുയര്‍ത്തി കെജിഎഫ് രണ്ടെത്തിയിട്ട് വര്‍ഷം ഒന്നില്‍ അധികമായി.  പ്രിയപ്പെട്ട യാഷിനെ വീണ്ടും എപ്പോള്‍ സ്‍ക്രീനില്‍ കാണനാകും എന്നതിന്റെ ആകാംക്ഷയില്‍ അപ്‍ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകരും. കൃത്യമായ തെരഞ്ഞെടുപ്പുകളിലൂടെ മാത്രമേ യാഷ് കഥാപാത്രങ്ങളിലേക്ക് ചേക്കേറൂവെന്ന ബോധ്യമുള്ള ആരാധകര്‍ക്ക് ആ കാത്തിരിപ്പ് വെറുതെയാകില്ല എന്ന് അറിയാം. യാഷിന്റെ വളര്‍ച്ചയും അങ്ങനെയായിരുന്നു. 

പടിപടിയായി വിജയത്തിലെത്തിയ നടനാണ് യാഷ്. നവീൻ കുമാര്‍ ഗൌഡ എന്നായിരുന്നു താരത്തിന്റെ യഥാര്‍ഥ പേര്. ഹസ്സൻ ജില്ലയിലാണ് ജനനം. അരുണ്‍ കുമാര്‍ ഗൌഡയുടെയും പുഷ്‍പയുടെയും മകനായി ഒരു ഇടത്തരം കുടുംബത്തിലായിരുന്നു ജനനം. പത്താംക്ലാസില്‍ പഠനം നിര്‍ത്തിയ ശേഷം സിനിമയില്‍ ചേക്കേറാൻ ശ്രമിക്കാനായിരുന്നു നവീന്റെ ആഗ്രഹം. കെഎസ്ആര്‍ടിസി ഡ്രൈവറായ അച്ഛൻ അരുണ്‍ മകൻ പഠിച്ചു വളരുന്നത് കാണാനാണ് ആഗ്രഹിച്ചത് എന്നതിനാല്‍ രണ്ട് വര്‍ഷം കൂടി തുടരാൻ ആവശ്യപ്പെടുകയായിരുന്നു. സ്‍കൂള്‍ പഠന കാലത്തെ കലാ രംഗത്ത് ശോഭിച്ച നവീൻ കുമാര്‍ ഗൌഡ പതിനാറാം വയസ്സില്‍ അസിസ്റ്റന്റ് ഡയറക്ടറാകാൻ ബാംഗ്ലൂരിലേക്ക് ചേക്കേറി. 

Latest Videos

പക്ഷേ ചിത്രീകരണത്തിന് രണ്ടു ദിവസത്തിനു ശേഷം ആ പ്രൊജക്റ്റ് നിന്നു. ബാംഗ്ലൂരില്‍ ഒന്നും ശരിയാകാതെ തിരിച്ചു വന്നാല്‍ പിന്നീട് പോകാൻ അനുവദിക്കില്ല എന്ന് മാതാപിതാക്കള്‍ വ്യവസ്‍ഥ വയ്‍ക്കുകയും ചെയ്‍തിരുന്നു. വെറും മുന്നൂറു രൂപയായിരുന്നു ബാംഗ്ലൂരിലേക്ക് തിരിക്കുമ്പോള്‍ നവീന്റെ കയ്യിലുണ്ടായിരുന്നത്. ബി വി കരന്തിന്റെ നേതൃത്വത്തിലുള്ള നാടക കമ്പനിക്കൊപ്പം നവീൻ ചേര്‍ന്നു. ബാക്ക് സ്റ്റേജ് ജോലിക്കാനായിരുന്നു നവീൻ. ദിവസം 50 രൂപയായിരുന്നു പ്രതിഫലം. പക്ഷേ അത് വലിയൊരു അവസരമായിരുന്നു. നാടക സംഘത്തിലെ നടൻമാര്‍ പുറംനാട്ടില്‍ എന്തെങ്കിലും പ്രോഗ്രാമിനു പോകുമ്പോള്‍ പകരക്കാരൻ വേഷം നവീനായിരുന്നു. സംവിധായകനില്‍ മതിപ്പുളവാക്കാൻ നവീന് ആകുകയും ചെയ്‍തു. 2004ല്‍ നവീന് നാടകത്തില്‍ നായക കഥാപാത്രമായ ബലരാമനായി വേഷമിടാൻ അവസരം ലഭിച്ചു. അക്കാലത്ത് കെഎല്‍ഇ കോളേജില്‍ നിന്ന് താരം ബിരുദ പഠനം പൂര്‍ത്തിയാക്കുകയും ചെയ്‍തു. ടെലിസീരിയലായ നന്ദ ഗോകുലയിലുടെയാണ് സ്‍ക്രീനില്‍ ആദ്യമായി അവസരം ലഭിക്കുന്നത്. അതില്‍ രാധിക പണ്ഠിറ്റും വേഷമിട്ടിരുന്നു. തുടര്‍ന്നങ്ങോട്ട് ഒട്ടേറെ ഹിറ്റ് ടെലി സീരിയലുകളില്‍ അവസരം ലഭിച്ചതോടെ സാമ്പത്തികനില ഭദ്രമായപ്പോള്‍ യാഷ് എന്ന നവീൻ കുടുംബത്തെയും ബാംഗ്ലൂരിലേക്ക് കൊണ്ടുവന്നു. യാഷിന് അക്കാലത്ത് ഏഴോളം സിനിമകളില്‍ കഥാപാത്രങ്ങള്‍ വാഗ്‍ദാനം ചെയ്യപ്പെട്ടിരുന്നു. തിരക്കഥ വായിച്ച് കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടതിനാല്‍ സിനിമകള്‍ നഷ്‍ടപ്പെട്ടു. ഒരു പുതുമുഖം അന്ന് സിനിമയുടെ തിരക്കഥ ആവശ്യപ്പെടുന്നത് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. 

undefined

ഒടുവില്‍ ജമ്പഡ ഹുഡുഗിയിലൂടെ സിനിമയില്‍ 2007ലാണ് അരങ്ങേറ്റം. അടുത്ത അവസരം ലഭിക്കുന്നത് അവിചാരിതമായിട്ടായിരുന്നു. രാധിക പണ്ഠിറ്റ് നായികയായി വേഷമിട്ടിരുന്ന ചിത്രത്തിലെ നടന് പരുക്കേറ്റതിനെ തുടര്‍ന്ന് യാഷിന് അവസരം ലഭിക്കുകയായിരുന്നു. യാഷിന്റെ പ്രകടനം പ്രശംസ നേടി. അക്കൊല്ലത്തെ സഹ നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ്‍ ലഭിക്കുകയും ചെയ്‍തു. 2008ല്‍ റോക്കിയിലൂടെയാണ് നായകനാകുന്നത്. രാജ ഹുലി, ഗജകേസരി, മിസ്റ്റര്‍ മിസിസ് രാമചാരി, മാസ്റ്റര്‍പീസ്, ശന്തു സ്‍ട്രേയ്‍റ്റ് ഫോര്‍വേര്‍ഡ് തുടങ്ങിയ സിനിമകളും വൻ ഹിറ്റായി. ഇതിനിടെയിലാണ് നടൻ യാഷിനെ ഹൊംബാലെ ഫിലിംസിന്റെ വിജയ് കരംഗ്‍ന്ദുര്‍ പ്രശാന്ത് നീലുമൊത്ത് കാണുന്നത്. ഉഗ്രം എന്ന ഹിറ്റ് സിനിമയുടെ സംവിധായകൻ പ്രശാന്ത് നീല്‍ യാഷിനോട് കെജിഎഫിന്റെ കഥയായിരുന്നു പറഞ്ഞത്. എന്നാല്‍ ഇത് വലിയ ക്യാൻവാസില്‍ പറയാമല്ലോ എന്ന നിര്‍ദ്ദേശം യാഷ് മുന്നോട്ടുവയ്‍ക്കുകയായിരുന്നു. അത് പ്രശാന്തിന് ഇഷ്‍ടപ്പെടുകയും മൂന്ന് വര്‍ഷത്തോളമെടുത്ത് വലിയ ഒരു ക്യാൻവാസിലുള്ള കെജിഎഫിന്റെ കഥ തയ്യാറാക്കുകയുമായിരുന്നു. ശേഷം ചരിത്രം. കെജിഎഫ് രണ്ട് കന്നഡയെ ഇന്ത്യൻ സിനിമയുടെ മുൻനിരയില്‍ എത്തിക്കുകയും ചെയ്‍തു. ഇങ്ങനെ കൃത്യമായി തെരഞ്ഞെടുപ്പുകളുള്ള ഒരു താരമാണ് എന്നതിനാലാണ് യാഷിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീലിന്റെ സംവിധാനത്തിലുള്ള സലാറില്‍ അതിഥി വേഷത്തില്‍ യാഷിന്റെ റോക്കിയെ പ്രതീക്ഷിക്കുന്നുമുണ്ട് ആരാധകര്‍.

Read More: കേരളത്തിന്റെ ആ കപ്പല്‍ മറഞ്ഞിരിക്കുന്നതെവിടെ?, സിനിമയുമായി ജൂഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!