നടപ്പാക്കാവുന്ന വിധികളേ കോടതികൾ പുറപ്പെടുവിക്കാവൂ എന്ന അമിത് ഷായുടെ നിലപാടിനോട് യോജിക്കുന്നുണ്ടോ എന്ന് ചോദ്യത്തിന് 'അത് പരിശോധിക്കണം' എന്ന് പ്രൊഫ. കെ വി തോമസ് മറുപടി നൽകി.
തിരുവനന്തപുരം: ശബരിമല വിധിയിലെ റിവ്യൂ ഹർജികളിൽ സുപ്രീം കോടതി അന്തിമ വിധി പറഞ്ഞാലും ആ വിധി നടപ്പാക്കുന്ന കാര്യം സംസ്ഥാന സർക്കാർ പരിശോധിക്കണമെന്ന് പ്രൊഫ. കെ വി തോമസ് എംപി. ഇതുവരെ വന്ന എല്ലാ കോടതി വിധികളും നടപ്പാക്കാനായിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഏഷ്യാനെറ്റ് ന്യൂസ് - AZ റിസർച്ച് പാർട്ണേഴ്സ് അഭിപ്രായ സർവേ ഫലം പുറത്തുവിടുന്നതിനിടയിലെ ചർച്ചയിലായിരുന്നു കെ വി തോമസ് എംപിയുടെ പ്രതികരണം.
ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പികളുടെ പാർട്ടിയായ കോൺഗ്രസിന്‍റെ പ്രമുഖ നേതാവ് എന്ന നിലയിൽ, പരമോന്നത കോടതി റിവ്യൂ ഹർജികളിൽ തീരുമാനം എടുത്തശേഷം എന്ത് നിലപാട് സ്വീകരിക്കും എന്ന ചോദ്യത്തിനായിരുന്നു പ്രൊഫ. കെ വി തോമസിന്‍റെ മറുപടി.
നടപ്പാക്കാവുന്ന വിധികളേ കോടതികൾ പുറപ്പെടുവിക്കാവൂ എന്ന അമിത് ഷായുടെ നിലപാടിനോട് യോജിക്കുന്നുണ്ടോ എന്ന് ചോദ്യത്തിന് 'അത് പരിശോധിക്കണം' എന്ന് പ്രൊഫ. കെ വി തോമസ് മറുപടി നൽകി. സുപ്രീം കോടതിയുടെ അന്തിമ വിധി നടപ്പാക്കേണ്ടതുണ്ടോ എന്ന ചോദ്യം ആവർത്തിച്ചപ്പോൾ 'വരട്ടേ, നോക്കാം' എന്ന് കെ വി തോമസ് എംപി മറുപടി പറഞ്ഞു.