ശബരിമല പ്രധാന തെരഞ്ഞെടുപ്പ് വിഷയമാകുമെന്നും ഭൂരിപക്ഷം വോട്ടർമാരും വ്യക്തമാക്കുന്ന സർവെ ഫലം സർക്കാരിന്‍റെ നടപടികളിലെ പാളിച്ചയാണ് വ്യക്തമാക്കുന്നതെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: ഭൂരിപക്ഷം സീറ്റുകളിലും യുഡിഫ് വിജയിക്കുമെന്ന ഏഷ്യാനെറ്റ് ന്യൂസ്- എസെഡ് റിസർച്ച് സർവേ ഫലത്തെ തള്ളി സിപിഎം. സർവേ ഫലങ്ങൾ പൂർണ്ണമായും തെറ്റിയ ചരിത്രം കേരളം മറന്നിട്ടില്ലെന്ന് കോടിയേരി പ്രതികരിച്ചു. അതേസമയം ശബരിമലയിലെ നടപടികൾ ഇടതുമുന്നണിയുടെ പരാജയത്തിന്‍റെ ആക്കം കൂട്ടുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് വൻ വിജയം പ്രവചിച്ച സർവെ ഫലങ്ങൾ പൂർണ്ണമായും തെറ്റിയത് ചൂണ്ടിക്കാട്ടി സിപിഎം അഭിപ്രായ സർവെ തള്ളുന്നു. ശബരിമല പ്രധാന ചർച്ചാ വിഷയമാകുമെങ്കിൽ സർവ്വെ പ്രവചിക്കുന്ന പരമാവധി ഒരു സീറ്റല്ല കേരളത്തിൽ നിന്ന് കിട്ടുക എന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം.
ഫെബ്രുവരി ആദ്യ ആഴ്ചയിൽ കേരളത്തിലെ വോട്ടർമാർക്കിടയിൽ നടത്തിയ അഭിപ്രായ സർവെ യുഡിഎഫിന് 16 സീറ്റുവരെയാണ് വിജയം പ്രവചിക്കുന്നത്. ശബരിമല പ്രധാന തെരഞ്ഞെടുപ്പ് വിഷയമാകുമെന്ന് ഭൂരിപക്ഷം വോട്ടർമാരും വ്യക്തമാക്കുന്ന സർവെ ഫലം സർക്കാരിന്‍റെ നടപടികളിലെ പാളിച്ചയാണ് തുറന്നു കാണിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി പറഞ്ഞു. സര്‍വേയില്‍ കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി മാറിയത് ഉമ്മന്‍ചാണ്ടിയായിരുന്നു.