ട്രെയിനിലെ ശുചിമുറികളില്‍ പൊലീസുകാര്‍ അടക്കമുള്ളവര്‍ പുകവലിക്കുന്നത് കണ്ടിട്ടുണ്ടെന്നും സമാനമായ സാഹചര്യമാണ് വിമാനത്തിലെന്നുമാണ് കരുതിയതെന്നുമാണ് പ്രവീണ്‍ പറയുന്നത്
ബെംഗളുരു: വിമാനയാത്രക്കിടെ ബീഡി വലിച്ച 56 കാരൻ അറസ്റ്റിൽ. അഹമ്മദാബാദിൽനിന്ന് ബെംഗളൂരുവിലേക്ക് പോയ വിമാനത്തിലാണ് സംഭവം. വിമാനം കെംപഗൗഡ വിമാനത്താവളത്തിലെത്തിയപ്പോഴാണ് 56 കാരനായ രാജസ്ഥാൻ സ്വദേശി എം പ്രവീൺ കുമാർ അറസ്റ്റിലായത്. ഇദ്ദേഹത്തിന്റെ ആദ്യ വിമാനയാത്രയായിരുന്നു ഇത്. രാജസ്ഥാനിലെ പാലി ജില്ലയിലെ മാര്‍വാര്‍ സ്വദേശിയാണ് പ്രവീണ്‍കുമാര്‍. അകാശ എയറിന്‍റെ വിമാനത്തിനുള്ളിലാണ് ഇയാള്‍ ബീഡി വലിച്ചത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് പ്രവീണ്‍കുമാര്‍ അറസ്റ്റിലായത്. എസ് എൻ വി ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിലെ ഡ്യൂട്ടി മാനേജരായ വിജയ് തുള്ളൂരിന്റെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ബെംഗളുരു വിമാനത്താവളത്തില്‍ ഇത്തരത്തില്‍ ബീഡി വലിച്ചതിന് പിടിയിലാവുന്നത് ആദ്യമായാണ്. ഈ വര്‍ഷം ആദ്യത്തില്‍ രണ്ട് പേര്‍ക്കെതിരെ വിമാനത്തിനുള്ളില്‍ സിഗരറ്റ് വലിച്ചതിന് കേസ് എടുത്തിരുന്നു. നിര്‍മ്മാണ മേഖലയിൽ ജോലിചെയ്യുന്നയാളാണ് അറസ്റ്റിലായ പ്രവീൺകുമാർ. ആദ്യ വിമാന യാത്ര ആയതിനാല്‍ തന്നെ ഇത്തരം നിയമങ്ങളേക്കുറിച്ച് ധാരണ ഉണ്ടായിരുന്നില്ലെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ സുരക്ഷാ പരിശോധനയില്‍ ബീഡി കണ്ടെത്താത്തത് ഗുരുതരമായ സുരക്ഷാ വീഴ്ചയെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്. മുന്‍പ് കേസെടുത്ത സംഭവങ്ങളില്‍ പുകവലി വിലക്കിനേക്കുറിച്ച് ധാരണയുണ്ടായിട്ടും പുകവലിച്ചവരാണ് തീരുമാനിച്ചവരാണ് അറസ്റ്റിലായത്.
ബന്ധുവിന്‍റെ മരണാനന്തര ചടങ്ങുകള്‍ക്ക് പങ്കെടുക്കാനുള്ള യാത്രക്കായാണ് പ്രവീൺ ആദ്യമായി വിമാനത്തിൽ കയറിയത്. ട്രെയിനിലെ ശുചിമുറികളില്‍ പൊലീസുകാര്‍ അടക്കമുള്ളവര്‍ പുകവലിക്കുന്നത് കണ്ടിട്ടുണ്ടെന്നും സമാനമായ സാഹചര്യമാണ് വിമാനത്തിലെന്നുമാണ് കരുതിയതെന്നുമാണ് പ്രവീണ്‍ പറയുന്നത്. വിമാനത്തിലെ ശുചിമുറിയില്‍ നിന്ന് പുക പുറത്ത് വന്നതോടെയാണ് സംഭവം ജീവനക്കാര്‍ ശ്രദ്ധിക്കുന്നത്. പ്രവീണിന്‍റെ ഇതിനോടകം വിമാന യാത്രാവിലക്ക് പ്രഖ്യാപിച്ചതായാണ് വിവരം. ഇന്ത്യന്‍ ശിക്ഷാ നിയമം 336 അനുസരിച്ചും എയര്‍ക്രാഫ്റ്റ് നിയമങ്ങള്‍ അനുസരിച്ചുമാണ് നടപടി.