സംഭവത്തിൽ സൂസന്റെ ഭർത്താവ് മൈക്കൽ ഫോർണിയർ എന്ന 71കാരനെ ഇരട്ടകൊലപാതകത്തിനാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കുറച്ച് നാളുകളായി ദമ്പതികൾക്കിടയിൽ കലഹം പതിവായതിനാൽ ഇരുവരും വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്
ഒറിഗോൺ: 61 കാരിയായ ഭാര്യയേയും രണ്ട് വളർത്തുനായ്ക്കളേയും കൊലപ്പെടുത്തിയ 71കാരൻ അറസ്റ്റിൽ. അമേരിക്കയിലെ ഒറിഗോണിൽ നവംബർ 22 ന് കാണാതായ 61കാരിക്കായുള്ള തെരച്ചിൽ ഊർജ്ജിതമായി പുരോഗമിക്കുന്നതിനിടയിലാണ് പോർട്ട്ലാൻഡിന് സമീപത്തായി കുഴിച്ച് മൂടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നാണ് വളർത്തുനായ്ക്കളേയും ചത്ത നിലയിൽ കണ്ടെത്തിയത്.
സൂസൻ ലേൻ ഫോർണിയർ എന്ന 61കാരിയെയാണ് നവംബർ 22ന് കാണാതായത്. ജോലി സ്ഥലത്ത് ഇവർ എത്താതിരുന്നതിന് പിന്നാലെയാണ് ഇവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ സൂസന്റെ ഭർത്താവ് മൈക്കൽ ഫോർണിയർ എന്ന 71കാരനെ ഇരട്ടകൊലപാതകത്തിനാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കുറച്ച് നാളുകളായി ദമ്പതികൾക്കിടയിൽ കലഹം പതിവായതിനാൽ ഇരുവരും വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്.
61കാരിയെ കാണാതായതിന് പിന്നാലെ പൊലീസ് പൊതുജനങ്ങളുടെ സഹായം കേസിനായി തേടിയിരുന്നു. എപ്രകാരമാണ് 61കാരി മരണപ്പെട്ടതെന്ന് വ്യക്തമായില്ലെങ്കിലും സംഭവം നരഹത്യയാണെന്ന് പൊലീസ് വിശദമാക്കിയിട്ടുണ്ട്. ഇവരുടെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിന് പിന്നാലെ പൊലീസ് ഇവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. സൂസന്റെ സുഹൃത്താണ് ഉപേക്ഷിക്കപ്പെട്ട കാറിൽ നിന്ന് ഏറെ അകലെയല്ലാതെ 61കാരിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. ഇവരുടെ മൃതദേഹം കണ്ടെത്തിയതിന് പരിസരത്ത് നിന്ന് ശനിയാഴ്ചയാണ് വളർത്തുനായകളുടേയും മൃതദേഹം കണ്ടെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം