സംഗീത നാടകത്തിനിടെ സ്റ്റേജിൽ വച്ച് പന്നിയെ കൊന്ന് പച്ചയിറച്ചി കഴിച്ച് നടൻ, പ്രതിഷേധം, അറസ്റ്റ്

By Web Team  |  First Published Dec 3, 2024, 12:37 PM IST

നവംബർ 24ന് ഒഡിഷയിലെ ഗഞ്ചമിൽ നടന്ന സംഗീത നാടകത്തിനിടയിലാണ് രാക്ഷസ വേഷത്തിൽ എത്തിയ നടൻ പന്നിയെ സ്റ്റേജിൽ വച്ച് കൊന്ന് തിന്നത്. ദൃശ്യങ്ങൾ വൈറലായതോടെ സംഭവം നിയമസഭയിൽ വരെ ചർച്ചയായിരുന്നു


ഗഞ്ചം: നാടകത്തിലെ രാക്ഷസ വേഷത്തിന്റെ ഇംപാക്ട് കൂട്ടാൻ സ്റ്റേജിൽ വച്ച് പന്നിയുടെ വയറ് കീറി ഇറച്ചി തിന്ന 45കാരൻ അറസ്റ്റിൽ. ഒഡീഷയിൽ നവംബർ 24ന് ഒഡിഷയിലെ ഗഞ്ചമിൽ നടന്ന സംഗീത നാടകത്തിനിടയിലാണ് രാക്ഷസ വേഷത്തിൽ എത്തിയ നടൻ പന്നിയെ സ്റ്റേജിൽ വച്ച് കൊന്ന് തിന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ മൃഗാവകാശ സംഘടനകൾ പരാതിയുമായി എത്തുകയായിരുന്നു. ബിംഭാധാർ ഗൌഡ എന്ന 45കാരനായ സംഗീത നാടക കലാകാരനെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. 

ഹിൻജിലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അക്രമം നടന്നത്. സംഗീത നാടക സംഘാടകർക്കെതിരേയും കേസ് എടുത്തിട്ടുണ്ട്. 45കാരനൊപ്പം അഭിനയിച്ച മറ്റ് നടന്മാർ ഒളിവിൽ പോയിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയും തിങ്കളാഴ്ച നിയമസഭാ സമ്മേളനത്തിൽ മൃഗങ്ങൾക്കെതിരായ അക്രമം ചർച്ചയാവുകയും ചെയ്തിരുന്നു. നാടകത്തിന്റെ മറ്റ് രംഗങ്ങളിൽ നാടകത്തിലെ മറ്റ് കലാകാരന്മാർ പാമ്പുകളേയും അപകടകരമായ രീതിയിൽ പ്രദർശിപ്പിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസം മുതൽ സംസ്ഥാനത്ത് പാമ്പുകളെ പ്രദർശിപ്പിക്കുന്നത് വിലക്കുള്ളപ്പോഴാണ് ഇതെന്നാണ് ശ്രദ്ധേയമായ കാര്യം. കയറിൽ വേദിയിൽ കെട്ടിത്തൂക്കിയ നിലയിലുള്ള പന്നിയുടെ വയറ് പിളർന്ന് കൊന്ന് പച്ച ഇറച്ചി ഭക്ഷിച്ചായിരുന്നു നാടക രംഗത്തിന് കൂടുതൽ ഭീകരത കൊണ്ടുവരാനുള്ള ശ്രമം നടത്തിയത്. 

Latest Videos

മൃഗങ്ങൾക്കെതിരായ അക്രമത്തിനാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. കൂടുതൽ കാണികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ക്രൂരത വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിലും സംസ്ഥാനത്തും പ്രതിഷേധത്തിന് കാരണമായിരുന്നു. കഞ്ചിയാനാൽ യാത്രയുടെ ഭാഗമായാണ് റലാബ് ഗ്രാമത്തിലായിരുന്നു നാടകം നടന്നത്. നാടകത്തിനായി പാമ്പുകളുമായി സ്റ്റേജിലെത്തിയവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വിശദമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!