ദിവസം 5 ശതമാനം പലിശ, ആപ്പിന്റെ പ്രചാരണത്തിന് മുൻനിര ഇൻഫ്ലുവൻസർമാർ, 30000ലേറെ പേരിൽ നിന്നായി തട്ടിയത് 500 കോടി

By Web TeamFirst Published Oct 4, 2024, 1:45 PM IST
Highlights

ഹൈബോക്സ് (HIBOX) എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ നടന്ന തട്ടിപ്പിൽ 30000ലേറെ പേരിൽ നിന്നായി ചെന്നൈ സ്വദേശിയായ 30 കാരന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിയത് 500 കോടി രൂപയാണ്. 

ദില്ലി: തട്ടിപ്പ് ആപ്പിനായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം നൽകിയത് നിരവധി ഇൻഫ്ലുവൻസർമാർ. ഒടുവിൽ 30000 ത്തിലേറെ ആളുകളിൽ നിന്നായി തട്ടിയത് 500 കോടി രൂപ. 30 വയസുകാരനായ ബിരുദധാരി പിടിയിൽ. ദില്ലി പൊലീസാണ് ചെന്നൈ സ്വദേശിയായ യുവാവിനെ തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നാലെ പലിശ വാഗ്ദാനം ചെയ്ത് ആപ്പിനായി പ്രചാരണം നടത്തിയ ഇൻഫ്ളുവൻസേഴ്സിനും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. 

ഹൈബോക്സ് (HIBOX) എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയായിരുന്നു തട്ടിപ്പ്. ദിവസം തോറും വൻതുക പലിശ ലഭിക്കുമെന്നതായിരുന്നു ആപ്പിന്റെ വാഗ്ദാനം. യുട്യൂബിലും മറ്റ് സമൂഹമാധ്യമങ്ങളിലേയും ഇൻഫ്ലുവൻസർമാരും ആപ്പിന്റെ പ്രചാരണത്തിനായി എത്തിയതോടെ നിരവധിപ്പേരാണ് ആപ്പിൽ പണം നിക്ഷേപിച്ചത്. ജെ ശിവരാം എന്ന 30 കാരനായിരുന്നു തട്ടിപ്പിന് പിന്നിൽ. ഓഗസ്റ്റ് മാസത്തിൽ ആപ്പിനെതിരെ 29 പേരുടെ പരാതിയാണ് പൊലീസിന് ലഭിച്ചത്. ഫുക്ര ഇൻസാൻ എന്ന അഭിഷേക് മൽഹാൻ, എൽവിഷ് യാദവ്, ലക്ഷ്യ ചൌധരി, പുരവ് ഝാ അടക്കമുള്ള ഇൻഫ്ലുവൻസർമാരാണ് തട്ടിപ്പ് ആപ്പിന് പ്രചാരണം നൽകിയത്. ഇവരോട് അന്വേഷണത്തിനോട് സഹകരിക്കാനാണ് പൊലീസ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 

Latest Videos

നിക്ഷേപിച്ച പണത്തിന് 1ശതമാനം മുതൽ 5 ശതമാനം വരെ പലിശ ദിവസേന ലഭിക്കുമെന്ന വാഗ്ദാനത്തിലാണ് പലരും ആപ്പിന്റെ തട്ടിപ്പിൽ വീണത്. ഒരുമാസം ആകുമ്പോഴേയ്ക്കും നിക്ഷേപിച്ച പണത്തിന് 30 ശതമാനം മുതൽ 90 ശതമാനം വരെ ഗ്യാരന്റീഡ് റിട്ടേണും ആപ്പ് വാഗ്ദാനം ചെയ്തിരുന്നു. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ 89 പേരുടെ പരാതിയാണ് ദില്ലി പൊലീസിൽ നിന്ന് മാത്രം ലഭിച്ചത്. 488 പരാതികൾ ദേശീയ സൈബർ ക്രൈം പോർട്ടലിൽ നിന്നുമാണ് ലഭിച്ചത്. 

ഇ വാലറ്റുകളുടെ സഹായത്തോടെയാണ് ശിവറാം പണം കൈമാറ്റം ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നാല് അക്കൌണ്ടുകളിലേക്കായിരുന്നു തട്ടിപ്പിലൂടെ സമാഹരിച്ച പണം പോയിരുന്നത്. 18 കോടി രൂപയാണ് പൊലീസ് ഇയാളുടെ അക്കൌണ്ടിൽ നിന്ന് മാത്രം പിടികൂടിയിട്ടുള്ളത്. കംപനി ഡയറക്ടറുടെ പേരിലുള്ള അക്കൌണ്ടിൽ നിന്നാണ് 18 കോടി കണ്ടെത്തിയത്. മുപ്പതിനായിരത്തിലേറെ പേർ പണം നിക്ഷേപിച്ചതോടെ നിക്ഷേപകർക്ക് റിട്ടേൺനൽകാതെ നോയിഡയിൽ അടക്കമുള്ള ഓഫീസുകൾ അടച്ചതോടെയാണ് സംഭവം തട്ടിപ്പാണോയെന്ന സംശയം നിക്ഷേപകർക്ക് തോന്നിയതും പലരും പൊലീസിൽ പരാതിയുമായി എത്തുന്നതും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!