ക്ഷേത്ര ഭാരവാഹികളുടെ വീട് ആക്രമിച്ചു, സിപിഐയുടെ പാർട്ടി ഓഫീസ് തകർത്തു; 11 അംഗ ക്രിമിനൽ സംഘം പിടിയിൽ

By Web Team  |  First Published Nov 22, 2024, 4:16 PM IST

അന്തിക്കാട് പഴുവിലിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഗുണ്ടാ ആക്രമണവുമായി ബസപ്പെട്ട കേസിലാണ് നടപടി. 


തൃശൂർ: അന്തിക്കാട് പഴുവിലിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഗുണ്ടാ ആക്രമണവുമായി ബസപ്പെട്ട കേസിൽ 11 അംഗ ക്രിമിനൽ സംഘത്തെ തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ.പി കെ.ജി.സുരേഷ്, അന്തിക്കാട് എസ്.എച്ച്.ഒ കെ.അജിത്തും സംഘവും അറസ്റ്റ് ചെയ്തു. പഴുവിൽ ക്ഷേത്രത്തിലെ ഷഷ്ഠിയോടനുബന്ധിച്ച് ക്ഷേത്ര കമ്മറ്റിക്കാരുമായുണ്ടായ പ്രശ്നത്തിൽ പൊലീസ് കേസ് എടുത്തിരുന്നു. ഇതിലെ പ്രതിയായ പ്രശാന്ത് ഒരാഴ്ച മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായ പ്രതികൾ ക്ഷേത്ര ഭാരവാഹികളുടെ വീടിന് നേരേ ഗുണ്ടാ ആക്രമണം നടത്തുകയും സി.പി.ഐ പാർട്ടി ഓഫീസ് തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. 

നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ പഴുവിൽ സ്വദേശി ചെമ്മാനി വീട്ടിൽ ഉണ്ണിമോൻ എന്ന രഞ്ജിത്ത് (32), കോളുപുരയ്ക്കൽ ദിനേശ് (43), വലിയപറമ്പിൽ വീട്ടിൽ അമൽരാജ് (22), പൊറ്റേക്കാട്ട് വീട്ടിൽ മണികണ്ഠൻ (52), എടത്തിരുത്തി സ്വദേശി കൊണ്ട്രപ്പശ്ശേരി വീട്ടിൽ രോഹൻ (38), പുള്ള് സ്വദേശി ചെറുവള്ളിക്കാട്ടിൽ ശരത്ചന്ദ്രൻ (36), താന്ന്യം സ്വദേശികളായ എങ്ങാണ്ടി വീട്ടിൽ പെടലി അനന്തു എന്ന അനന്തകൃഷ്ണൻ (22), ശ്രീക്കുട്ടൻ (21), കാട്ടൂർ സ്വദേശി തോട്ടപ്പിള്ളി അജീഷ് (32) കൈപ്പമംഗലം സ്വദേശികളായ പൂത്തൂർ വീട്ടിൽ സൂരജ് (30), പഴുപ്പറമ്പിൽ അർജ്ജുൻ തമ്പി (28) എന്നിവരാണ് അറസ്റ്റിലായത്. ഒല്ലൂർ വലപ്പാട്, അന്തിക്കാട് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലായി പതിമൂന്നോളം ക്രിമിനൽ മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് രഞ്ജിത്ത്.

Latest Videos

undefined

രഞ്ജിത്തിന്റെ കൂട്ടാളികളായ തൃശൂർ വെസ്റ്റ്, അന്തിക്കാട്, ഇരിങ്ങാലക്കുട, കൈപ്പമംഗലം സ്റ്റേഷനുകളിലായി പതിനൊന്നോളം കേസുകളുണ്ട്. പാലാ, മതിലകം, കൈപ്പമംഗലം, അന്തിക്കാട് സ്റ്റേഷനുകളിലുൾപ്പെടെ പതിനേഴോളം കേസുകളിൽ രോഹൻ പ്രതിയാണ്. അനന്തകൃഷ്ണൻ സ്ഥിരം ക്രിമിനൽ കേസ് പ്രതിയാണ്. സമൂഹത്തിന് ഭീഷണിയായ ഇയാൾ കാപ്പ കേസ് പ്രതി കൂടിയാണ്. അർജ്ജുൻ തമ്പി പന്ത്രണ്ടോളം കേസുകളിൽ പ്രതിയാണ്. അജീഷിനും കേസുകളുണ്ട്. റൂറൽ എസ്പി നവനീത് ശർമ്മയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ.ജി.സുരേഷ്, അന്തിക്കാട് എസ്.എച്ച്.ഒ കെ.അജിത്ത്, ടി. അഭിലാഷ്, ഡാൻസാഫ്, എസ്ഐ പി.ജയകൃഷ്ണൻ, എം.അരുൺകുമാർ, കെ.ജെ.ജോസി, എ.എസ്.ഐ. സൂരജ്.വി.ദേവ്, സീനിയർ സി.പി.ഒ മാരായ ഇ.എസ്.ജീവൻ , സി.ജി.ധനേഷ്, സോണി സേവ്യർ, സി.പി.ഒ.മാരായ കെ.എസ്.ഉമേഷ്, സുർജിത്ത് സാഗർ, വി.എസ്.അനൂപ്, ,കെ.വി.ഫെബിൻ, എം.എം.മഹേഷ്, എന്നിവരാണ് പ്രതികളെയെല്ലാം പിടികൂടിയത്. 

സംഘടിച്ച് അക്രമം നടത്തി സമൂഹത്തിൻ്റെ സമാധാന അന്തരീക്ഷം തകർക്കുന്ന ക്രിമിനലുകൾക്കെതിരെ ഇവരുടെ ക്രിമിനൽ മയക്കുമരുന്ന് മാഫിയ ബന്ധത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ഇവരെ സഹായിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ച റൂറൽ എസ്.പി. നവനീത് ശർമ്മ അന്വേഷണ സംഘത്തെ പ്രത്യേകം അഭിനന്ദിച്ചു.

READ MORE: പിറന്നാൾ ദിനത്തിൽ കൈയ്യബദ്ധം; സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

click me!