ലക്ഷ്യം ഏകദിന ലോകകപ്പ്; മനസില്‍ ലഡ്ഡു പൊട്ടി സഞ്ജു സാംസണ്‍, ബിസിസിഐയുടെ മനസിലിത്

By Web Team  |  First Published Jun 23, 2023, 3:45 PM IST

ഇത് വെറുമൊരു തിരിച്ചുവരവല്ല, സഞ്ജു സാംസണിന് സെലക്ടർമാർ നല്‍കുന്നത് നിർണായക സൂചനകള്‍


മുംബൈ: ആരാധകരുടെ കാത്തിരിപ്പും മുറവിളിയും ഒരിക്കല്‍ക്കൂടി ബിസിസിഐക്ക് കണ്ടില്ലെന്ന് നടിക്കാനായില്ല. ഈ വർഷം ഏഷ്യാ കപ്പും ഏകദിന ലോകകപ്പും നടക്കാനിരിക്കേ നിർണായകമായ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ 50 ഓവർ മത്സരങ്ങള്‍ക്കുള്ള സ്ക്വാഡില്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണെ സെലക്ഷന്‍ കമ്മിറ്റി ഉള്‍പ്പെടുത്തിയിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ പ്രകടനം അതിന് ശേഷം നടക്കുന്ന ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് സ്കാഡുകളെ തെരഞ്ഞെടുക്കുന്നതില്‍ നിർണായകമായിരിക്കേ സഞ്ജുവിന് ഏറെ പ്രതീക്ഷ നല്‍കുന്ന സൂചനയാണ് സെലക്ടമാരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. 

പ്രതീക്ഷിക്കാം സഞ്ജുവിന്

Latest Videos

undefined

വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള സ്ക്വാഡില്‍ സഞ്ജു സാംസണ് പുറമെ ഇഷാന്‍ കിഷനെയും വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കിഷനെ ടെസ്റ്റില്‍ വിക്കറ്റ് കീപ്പറായി കളിപ്പിക്കാന്‍ സാധ്യതയുണ്ട് എന്നിരിക്കേ സഞ്ജുവിന് വിന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പരയില്‍ പ്രതീക്ഷ അർപ്പിക്കാം. ക്യാപ്റ്റന്‍ രോഹിത് ശർമ്മയ്ക്കൊപ്പം ശുഭ്മാന്‍ ഗില്‍ ഓപ്പണറായി ഇറങ്ങും എന്ന് ഉറപ്പായതിനാല്‍ ഇഷാന്‍ കിഷനെ വിക്കറ്റ് കീപ്പർ ബാറ്ററായി മാത്രമേ കളിപ്പിക്കാനാകൂ. വിരാട് കോലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ തുടങ്ങിയ താരങ്ങള്‍ പ്ലേയിംഗ് ഇലവനില്‍ ഉറപ്പാണ്. റുതുരാജ് ഗെയ്‌ക്‌വാദിനെ മൂന്നാം ഓപ്പണറായാണ് പരിഗണിക്കാനിട. ഇതിനിടയില്‍ ബാറ്റിംഗ് ക്രമത്തില്‍ വരുന്ന വിക്കറ്റ് കീപ്പർ ബാറ്ററുടെ ഒഴിവിലേക്ക് സഞ്ജു സാംസണിന് തന്നെയാണ് സാധ്യത കൂടുതല്‍. 

ഏകദിനത്തിലെ മികച്ച ബാറ്റിംഗ് റെക്കോർഡ് സഞ്ജുവിന് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. കരിയറിലെ 10 ഏകദിന ഇന്നിംഗ്സുകളില്‍ 66 ശരാശരിയില്‍ 330 റണ്‍സ് സഞ്ജുവിനുണ്ട്. രണ്ട് ഫിഫ്റ്റികള്‍ സഹിതമാണിത്. 
കഴിഞ്ഞ വർഷം സഞ്ജു മികച്ച പ്രകടനമാണ് ഏകദിനത്തില്‍ കാഴ്ചവെച്ചത്. എന്നാല്‍ ഇരട്ട സെഞ്ചുറിക്ക് ശേഷം ഫോമിനായി കഷ്ടപ്പെട്ടത് ഇഷാന്‍ കിഷന് ഇലവനിലെത്താന്‍ സാധ്യത കുറയ്ക്കുന്നു. കാർ അപകടത്തിലേറ്റ പരിക്കിന് ശേഷം റിഷഭ് പന്ത് മടങ്ങിയെത്തും വരും തകർച്ചടിക്കാന്‍ കെല്‍പുള്ള വിക്കറ്റ് കീപ്പർക്കായുള്ള സെലക്ടർമാരുടെ തിരച്ചിലും സഞ്ജുവില്‍ പതിഞ്ഞിട്ടുണ്ട്. സഞ്ജുവിനെ ഏകദിന സ്ക്വാഡിലേക്ക് മടക്കിവിളിക്കാനുള്ള ഒരു കാരണം ഇതാണ് എന്നാണ് പൊതുവിലയിരുത്തല്‍. 

ഏകദിന വൈസ് ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യയെ പ്രഖ്യാപിച്ച ബിസിസിഐ ഏകദിന ലോകകപ്പിന് ശേഷമുള്ള ഇന്ത്യന്‍ ടീമിനെ കുറിച്ച് വ്യക്തമായ സൂചന നല്‍കുന്നുണ്ട്. ട്വന്‍റി 20ക്ക് പിന്നാലെ ഏകദിനത്തിലും ഹാർദിക്കിനെ പൂർണസമയ നായകനായി ലോകകപ്പിന് ശേഷം പ്രഖ്യാപിച്ചേക്കും. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യർ എന്നിവർ പരിക്ക് മാറി മടങ്ങിവരാന്‍ സമയമെടുക്കുന്നത് വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് പാണ്ഡ്യയിലേക്ക് സെലക്ടർമാരുടെ കണ്ണുനീളാന്‍ കാരണമായിട്ടുണ്ട്. 

ഏകദിന സ്ക്വാഡ്

രോഹിത് ശർമ്മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, സൂര്യകുമാർ യാദവ്, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പർ), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റന്‍), ഷർദ്ദുല്‍ ഠാക്കൂർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേല്‍, യുസ്‍വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജയ്ദേവ് ഉനദ്കട്ട്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്, മുകേഷ് കുമാർ. 

Read more: സഞ്ജു സാംസണ്‍ ഏകദിന ടീമില്‍, വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; പൂജാര പുറത്ത്

click me!