ചെറിയൊരു പൂന്തോട്ടവും സ്വിമ്മിംഗ് പൂളും റൂഫ് ടോപ്പ് ബാറും എല്ലാം അടങ്ങുന്നതാണ് റിങ്കുവിന്‍റെ വീട്.
അലിഗഢ്: തന്‍റെ പുതിയ വീടിനെ ആരാധകര്‍ക്കായി പരിചയപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ്. അലിഗഢിലാണ് മൂന്നരകോടി രൂപ ചെലവില്‍ റങ്കു സിംഗ് പുതിയ വീട് വാങ്ങിയത്. ആറ് കിടപ്പു മുറികളും സ്വിമ്മിംഗ് പൂളും റൂഫ് ടോപ് ബാറും എല്ലാം അടങ്ങുന്നതാണ് റിങ്കുവിന്‍റെ പുതിയ ബംഗ്ലാവ്. അലിഗഢിലെ ചെറിയ രണ്ട് മുറി വീട്ടില്‍ നിന്നാണ് ഓസോൺ സിറ്റിയിലെ ഗോള്‍ഡന്‍ എസ്റ്റേറ്റിലുള്ള പുതിയ ബംഗ്ലാവിലേക്ക് റിങ്കു താമസം മാറുന്നത്. സ്വന്തമായി ഒരു വീടെന്നത് തന്‍റെ വലിയ സ്വപ്നമായിരുന്നുവെന്നും ഈ വീട് കണ്ടതും തനിക്കേറെ ഇഷ്ടമായെന്നും പിറ്റേന്ന് തന്നെ അത് സ്വന്തമാക്കുകയായിരുന്നുവെന്നും റിങ്കു സിംഗ് പറഞ്ഞു.
ചെറിയൊരു പൂന്തോട്ടവും സ്വിമ്മിംഗ് പൂളും റൂഫ് ടോപ്പ് ബാറും എല്ലാം അടങ്ങുന്നതാണ് റിങ്കുവിന്‍റെ വീട്. വീടിന്‍റെ ഒരുഭാഗം മുഴുവന്‍ റിങ്കുവിന് കിട്ടിയ പുരസ്കാരങ്ങള്‍ വെക്കാനായാണ് മാറ്റിവെച്ചിരിക്കുന്നത്. യാഷ് ദയാലിനെതിരെ അഞ്ച് സിക്സ് അടിച്ച ബാറ്റും ഇക്കൂട്ടത്തിലുണ്ട്. ഈ ബാറ്റാണ് തന്‍റെ ജീവിതം മാറ്റിമറിച്ചതെന്ന് വീഡിയോയില്‍ റിങ്കു പറയുന്നു. 2023ലെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് ബൗളറായിരുന്ന യാഷ് ദയാലിനെതിരെ ഒരോവറില്‍ തുടര്‍ച്ചയായി അഞ്ച് സിക്സ് പായിച്ച് ടീമിനെ അവിശ്വസനീയ ജയത്തിലെത്തിച്ചതോടെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ റിങ്കുവിന്‍റെ തലവര മാറിയത്.
undefined
പിന്നീട് ഇന്ത്യൻ ടീമിലെത്തിയ റിങ്കുവിന് നിര്‍ഭാഗ്യം കൊണ്ട് ടി20 ലോകകപ്പ് നേടിയ ടീമില്‍ സ്ഥാനം നഷ്ടമായി. 55 ലക്ഷം രൂപക്ക് കൊല്‍ക്കത്ത സ്വന്തമാക്കിയ റിങ്കുവിനെ ഇത്തവണ ടീം നിലനിര്‍ത്തിയത് 13 കോടിക്കാണ്. പാവപ്പെട്ട കുടുംബ പശ്ചാത്തലമുള്ള റിങ്കുവിന്‍റെ പിതാവ് ഖാന്‍ചന്ദ്ര സിംഗ് ഗ്യാസ് സിലിണ്ടര്‍ വിതരണക്കാരനായിരുന്നു. അലിഗഢ് സ്റ്റേഡിയത്തിന് അടുത്തെ രണ്ട് മുറി വീട്ടില്‍ നിന്നാണ് റിങ്കു ഇന്ത്യയുടെ ഫിനിഷറായി വളര്‍ന്നത്. ക്രിക്കറ്റിലെത്തി തനിക്ക് ഇത്രയൊക്കെ പൈസ ഉണ്ടായിട്ടും പിതാവ് ഇപ്പോഴും ഗ്യാസ് സിലിണ്ടര്‍ വിതരണത്തിന് പോവാറുണ്ടെന്ന് റിങ്കു നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ കളിക്കുന്ന ഇന്ത്യൻ ടീമിനൊപ്പമാണ് റിങ്കുവുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക