29 റണ്‍സുമായി പുറത്താവാതെ നില്‍ക്കുന്ന നിശാന്ത് സിന്ധുവാണ് ഹരിയാനയുടെ ടോപ് സ്‌കോറര്‍.
ലാഹ്‌ലി: രഞ്ജി ട്രോഫിയില്‍ ഹരിയാനക്കെതിരെ കേരളം ഒന്നാം ഇന്നിംഗ്‌സ് ലീഡിലേക്ക്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 291നെതിരെ ഹരിയാന മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഏഴിന് 139 എന്ന നിലയിലാണ്. കേരളത്തിന്റെ സ്‌കോര്‍ മറികടക്കാന്‍ കേരളത്തിന് ഇനിയും 153 റണ്‍സ് കൂടി വേണം. മൂന്ന് വിക്കറ്റ് നേടിയ നിധീഷ് എം ഡിയാണ് ഹരിയാനയെ തകര്‍ത്തത്. 29 റണ്‍സുമായി പുറത്താവാതെ നില്‍ക്കുന്ന നിശാന്ത് സിന്ധുവാണ് ഹരിയാനയുടെ ടോപ് സ്‌കോറര്‍. ജയന്ത് യാദവ് (1) കൂട്ടിനുണ്ട്.
കേരളത്തെ 291 റണ്‍സില്‍ എറിഞ്ഞിട്ട് മറുപടി ബാറ്റിംഗിനെത്തിയ ഹരിയാനക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. സ്‌കോര്‍ 38ല്‍ നില്‍ക്കെ ഓപ്പണര്‍ യുവരാജ് സിംഗിനെ (20) മടക്കിയ ബേസില്‍ എന്‍പി കേരളത്തിന് മികച്ച തുടക്കം നല്‍കി. പിന്നാലെ ലക്ഷ്യ സുമന്‍ ദയാലിനെ (21) ബേസില്‍ തമ്പി വീഴ്ത്തി. ക്യാപ്റ്റന്‍ അങ്കിത് കുമാറും(27), ഹിമാന്‍ഷു റാണയും (17) ചേര്‍ന്ന് 32 റണ്‍സ് കൂട്ടുകെട്ടിലൂടെ സ്‌കോര്‍ 80ല്‍ എത്തിച്ചെങ്കിലും റാണയെ സല്‍മാന്‍ നിസാര്‍ റണ്ണൗട്ടാക്കിയത് മത്സരത്തില്‍ വഴിത്തിരിവായി. പിന്നാലെ ധീരു സിംഗ്(7) നിധീഷിന്റെ പന്തില്‍ പുറത്തായി.
പൊരുതി നിന്ന ക്യാപ്റ്റന്‍ അങ്കിത് കുമാറിനെയും നിധീഷ് തന്നെ പുറത്താക്കിയതോടെ ഹരിയാന 95-5ലേക്ക് വീണു. കപില്‍ ഹൂഡ (9), എസ് പി കുമാര്‍ (6) എന്നിവരും മടങ്ങിയതോടെ ഹരിയാന ഏഴിന് 137 എന്ന നിലയിലായി. തുടര്‍ന്ന് സിന്ധു - യാദവ് സഖ്യം വിക്കറ്റ് നഷ്ടമാവാതെ കാത്തു. നിധീഷിന് പുറെ ജലജ് സക്‌സേന, ബേസില്‍ തമ്പി, എന്‍ പി ബേസില്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. മൂന്നാം ദിനം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന കേരളം ഒന്നാം ഇന്നിംഗ്‌സില്‍ 291 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇന്നലെ എട്ടു വിക്കറ്റുമായി കേരളത്തെ തകര്‍ത്ത അന്‍ഷുല്‍ കാംബോജ് തന്നെയാണ് അവസാന രണ്ട് വിക്കറ്റുകളും വീഴ്ത്തി കേരളത്തിന്റെ ഇന്നിംഗ്‌സും അവസാനിപ്പിച്ചത്.
മൂന്നാം ദിനം ആദ്യ ഓവറില്‍ തന്നെ നാലു റണ്‍സെടുത്ത ബേസില്‍ തമ്പിയെ ബൗള്‍ഡാക്കിയ അന്‍ഷുല്‍ കാംബോജ് പിന്നാലെ 42 റണ്‍സെടുത്ത ഷോണ്‍ റോജറെ കൂടി പുറത്താക്കി കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. 30.1 ഓവറില്‍ 9 മെയ്ഡിന്‍ അടക്കം 49 റണ്‍സ് വഴങ്ങിയാണ് അന്‍ഷുല്‍ 10 വിക്കറ്റ് വീഴ്ത്തിയത്. നേരത്തെ, അക്ഷയ് ചന്ദ്രന്‍ (59), രോഹന്‍ കുന്നുമ്മല്‍ (55), മുഹമ്മദ് അസറുദ്ദീന്‍ (53), സച്ചിന്‍ ബേബി (52) എന്നിവരുടെ ഇന്നിംഗ്സുകളാണ് കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.