രണ്ടാമത് അവസരം നല്‍കിയാല്‍ ബാറ്റര്‍മാര്‍ക്ക് സാഹചര്യങ്ങളുമായി കൂടുതല്‍ പൊരുത്തപ്പെടാനാവുമെന്നതിനാലാണ് ഇത്തരത്തില്‍ അവസരം നല്‍കിയതെന്ന് അഭിഷേക് നായര്‍
പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റിന് മുമ്പ് നടന്ന പരിശീലന മത്സരത്തില്‍ വിരാട് കോലി രണ്ട് തവണ ബാറ്റ് ചെയ്തു. ആദ്യം ബാറ്റ് ചെയ്തപ്പോള്‍ 15 റണ്‍സെടുത്ത് പുറത്തായപ്പോള്‍ രണ്ടാം തവണ ക്രീസിലെത്തിയപ്പോള്‍ കോലി 30 റണ്ണുമായി പുറത്താകാതെ നിന്നു. റിഷഭ് പന്ത് ആദ്യ തവണ ബാറ്റിംഗിനിറങ്ങിയപ്പോള്‍ 19 റണ്ണെടുത്ത് പുറത്തായി. ഇന്ത്യ എ ടീം അംഗങ്ങളെയും ഇന്ത്യൻ താരങ്ങളെയും രണ്ട് ടീമായി തിരിച്ച് നടത്തിയ ത്രിദിന മത്സരത്തില്‍ കെ എല്‍ രാഹുലിനും ശുഭ്മാന്‍ ഗില്ലിനും സര്‍ഫറാസ് ഖാനും പരിക്കേറ്റു. ആദ്യ ദിനം പരിക്കേറ്റ് മടങ്ങിയ കെ എല്‍ രാഹുല്‍ വീണ്ടും ബാറ്റിംഗിനിറങ്ങിയത് ആശ്വാസമായെങ്കിലും ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് ആദ്യ ടെസ്റ്റ് നഷ്ടമാകുമെന്നത് ഇന്ത്യക്ക് തിരിച്ചടിയായി.
ആദ്യ ദിനം രണ്ട് തവണ കോലിക്ക് ബാറ്റ് ചെയ്യാന്‍ അവസരം നല്‍കിയതിനെക്കുറിച്ച് ബാറ്റിംഗ് കോച്ച് അഭിഷേക് നായര്‍ ന്യായീകരിച്ചു. മത്സരത്തിന് സമാനമായ സാഹചര്യം ഒരുക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഔട്ടായാല്‍ ബാറ്റ് ചെയ്യാന്‍ വീണ്ടും അവസരം ലഭിക്കുമായിരുന്നില്ല. എന്നാല്‍ കോച്ച് ഗൗതം ഗംഭീര്‍ ഇടപെട്ട് പിന്നീത് മത്സരസാഹചര്യം മാറ്റി. ബാറ്റര്‍മാര്‍ക്ക് പരമാവധിനേരം ക്രീസില്‍ നില്‍ക്കാന്‍ സമയം അനുവദിക്കുക എന്നതായിരുന്നു കോച്ചിന്‍റെ ലക്ഷ്യമെന്ന് അഭിഷേക് ശര്‍മ പറഞ്ഞു.
undefined
രണ്ടാമത് അവസരം നല്‍കിയാല്‍ ബാറ്റര്‍മാര്‍ക്ക് സാഹചര്യങ്ങളുമായി കൂടുതല്‍ പൊരുത്തപ്പെടാനാവുമെന്നതിനാലാണ് ഇത്തരത്തില്‍ അവസരം നല്‍കിയതെന്ന് അഭിഷേക് നായര്‍ പറഞ്ഞു. പരിശീലന മത്സരത്തിന്‍റെ മൂന്നാം ദിനം മധ്യനിരയില്‍ ബാറ്റ് ചെയ്ത റുതുരാജ് ഗെയ്ക്‌വാദാണ് ഏറ്റവും കൂടുതല്‍ തിളങ്ങിയത്. ഒരു മണിക്കൂറോളം റുതുരാജ് ക്രീസില്‍ നിന്നു. അശ്വിനെതിരെ നാലു സിക്സ് പറത്തിയ റുതുരാദ് ബുമ്രയെയും ആത്മവിശ്വാസത്തോടെ നേരിട്ട റുതുരാജ് 67 പന്തില്‍ 47 റണ്‍സടിച്ചു. സര്‍ഫറാസ് ഖാന്‍ 36 പന്തില്‍ 28 റണ്‍സെടുത്തപ്പോള്‍ ദേവ്ദത്ത് പടിക്കല്‍ 25 പന്തില്‍12 റണ്‍സ് നേടി. ബുമ്രയുടെ ഇന്‍സ്വിംഗറിലാണ് പടിക്കല്‍ പുറത്തായത്.
പരിശീലന മത്സരത്തിന്‍റെ ആദ്യ ദിനം ബാറ്റര്‍മാര്‍ക്കാണ് അവസരം കിട്ടിയതെങ്കില്‍ രണ്ടാം ദിനം ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും അടക്കമുള്ള ബൗളര്‍മാരാണ് കൂടുതല്‍ പന്തെറിഞ്ഞത്. സിറാജ് 15 ഓവറും ബുമ്ര 18 ഓവറും പന്തെറിഞ്ഞുവെന്നും അഭിഷേക് നായര്‍ പറഞ്ഞു. വലം കൈയന്‍ ബാറ്റര്‍മാരെ ബുദ്ധിമുട്ടിച്ച സിറാജ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മികച്ച രീതിയില്‍ ഷോര്‍ട്ട് ബോളുകളെറിഞ്ഞ ഹര്‍ഷിത് റാണയും രണ്ട് വിക്കറ്റെടുത്തു. ആകാശ് ദീപും മുകേഷ് കുമാറും ബുമ്രയും ഓരോ വിക്കറ്റ് വീഴ്ത്തി. ഇത് പെര്‍ത്തിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കൂടുതല്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഭിഷേക് നായര്‍ പറഞ്ഞു.
22ന് പെര്‍ത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിട്ടുനിന്നാല്‍ ജസ്പ്രീത് ബുമ്രയാകും പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക. പരശീലന മത്സരത്തിനിടെ പരിക്കേറ്റ ശുഭ്മാന്‍ ഗില്‍ ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക