യശസ്വി ജയ്സ്വാളോ ശുഭ്മാന്‍ ഗില്ലോ ഒന്നുല്ല, ടെസ്റ്റില്‍ വിരാട് കോലിയുടെ പിന്‍ഗാമിയുടെ പേരുമായി സൗരവ് ഗാംഗുലി

By Web Team  |  First Published Nov 18, 2024, 8:07 AM IST

ഈ ആഴ്ച തുങ്ങുന്ന ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യയുടെ പ്രതീക്ഷയാകുക റിഷഭ് പന്താകുമെന്നും ഗാംഗുലി.


പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിനുള്ള തയാറെടുപ്പിലാണ് ഇന്ത്യൻ ടീം. പെര്‍ത്തില്‍ 22ന് തുങ്ങുന്ന ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യയെ ഏറ്റവുമധികം ആശങ്കയിലാഴ്ത്തുന്നത് വിരാട് കോലിയുടെ ബാറ്റിംഗ് ഫോമാണ്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിരാശപ്പെടുത്തിയ കോലി ഓസ്ട്രേലിയയില്‍ തിളങ്ങുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ആദ്യ ടെസ്റ്റില്‍ നിന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പിതൃത്വ അവധിയെടുത്ത് വിട്ടുനില്‍ക്കുകയും ശുഭ്മാന്‍ ഗില്‍ പരിക്കേറ്റ് പുറത്താകുകയും ചെയ്തതോടെ വിരാട് കോലിയിലും ഈ വര്‍ഷം ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്ണടിച്ച ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്‍റെ ബാറ്റിലുമാണ് ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷകള്‍.

എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോലിയുടെ യഥാര്‍ത്ഥ പിന്‍ഗാമിയാവാന്‍ പോവുന്നത് യശസ്വി ജയ്സ്വാളോ ശുഭ്മാന്‍ ഗില്ലോ ഒന്നുമായിരിക്കില്ലെന്ന് പ്രവചിക്കുകയാണ് മുന്‍ ഇന്ത്യൻ നായകന്‍ സൗരവ് ഗാംഗുലി. ഈ ആഴ്ച തുങ്ങുന്ന ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യയുടെ പ്രതീക്ഷയാകുക റിഷഭ് പന്താകുമെന്നും ഗാംഗുലി റേവ് സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Latest Videos

undefined

ഗിൽ പുറത്തായി, രോഹിത്തിന്‍റെ കാര്യം ഉറപ്പില്ല, 2 താരങ്ങൾ അരങ്ങേറും; ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ റിഷഭ് പന്തിന് ഇനിയും ശോഭിക്കാനായിട്ടില്ലെങ്കിലും ടെസ്റ്റില്‍ വിരാട് കോലിയുടെ യഥാര്‍ത്ഥ പിന്‍ഗാമി റഷഭ് പന്താണെന്നും ഗാംഗുലി വ്യക്തമാക്കി. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം റിഷഭ് പന്ത് പുറത്തെടുത്ത പ്രകടനങ്ങള്‍ നോക്കിയാല്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെ തെരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരില്ല. വിരാട് കോലിക്ക് ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്ററാവും റിഷഭ് പന്ത് എന്ന കാര്യത്തില്‍ ഒരു സംശയമില്ല. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും റിഷഭ് പന്തിന്‍റെ പ്രകടനമാകും ഇന്ത്യയുടെ ഭാവി തീരുമാനിക്കുക. കഴിഞ്ഞ രണ്ട് പരമ്പരകളിലും ഇന്ത്യയുടെ വിജയത്തില്‍ പന്തായിരുന്നു നിര്‍ണായക പങ്കുവഹിച്ചത്.

പരിക്കേറ്റവരുടെ നിര നീളുന്നു, എ ടീമിലെ 2 താരങ്ങളോട് ഓസ്ട്രേലിയയില്‍ തുടരാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

ഓസ്ട്രേലിയയില്‍ വിരാട് കോലി പഴയ ഫോമിലേക്ക് തിരിച്ചെത്തുമെന്നും ഗാംഗുലി പറഞ്ഞു. കോലി ചാമ്പ്യൻ ബാറ്ററാണ്. ഓസ്ട്രേലിയയില്‍ മുമ്പും മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. 2014ല്‍ നാലു സെഞ്ചുറികള്‍ നേടിയ കോലി 2018ലും സെഞ്ചുറി നേടി. ഓസ്ട്രേലിയയിലേക്കുള്ള തന്‍റെ  അവസാന പരമ്പര അവിസ്മരണീയമാക്കാനാവും കോലി ഇറങ്ങുക. ഓസ്ട്രേലിയയിലെ സാഹചര്യങ്ങളും കോലിക്ക് അനുകൂലമാണ്. അതുകൊണ്ട് തന്നെ കോലി ഓസ്ട്രേലിയയില്‍ തിളങ്ങുമെന്ന് തന്നെയാണ് താന്‍ കരുതുന്നതെന്നും ഗാംഗുലി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!