മോശം പെരുമാറ്റത്തിന്‍റെ പേരില്‍ മുംബൈ രഞ്ജി ടീമില്‍ നിന്നൊഴിവാക്കിയ പൃഥ്വി ഷാ തീരിച്ചെത്തിയത് അപ്രതീക്ഷിതമായി
മുംബൈ: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിനുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചു. ഒരിടവേളക്കുശേഷം പൃഥ്വി ഷാ മുംബൈ ടീമില്‍ തീരിച്ചെത്തിയപ്പോള്‍ ഇന്ത്യൻ ടി20 ടീം നായകന്‍ സൂര്യകുമാര്‍ യാദവ് മുംബൈ ടീമിലില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് കിരീടം സമ്മാനിച്ച ശ്രേയസ് അയ്യര്‍ ആണ് മുംബൈയുടെ നായകന്‍. രഞ്ജി ട്രോഫിയില്‍ മുംബൈയെ നയിച്ച സീനിയര്‍ താരം അജിങ്ക്യാ രഹാനെയും മുംബൈ ടീമിലുണ്ട്.
ഇന്ത്യൻ താരം ഷാർദ്ദുല്‍ താക്കൂറും ഒരിടവേളക്കുശേഷം മുംബൈ ടീമില്‍ തിരിച്ചെത്തി. യുവതാരം അങ്ക്രിഷ് രഘുവംശി ടീമിലെത്തിയപ്പോൾ പരിക്കിനെ തുടര്‍ന്ന് വിശ്രമിക്കുന്ന സര്‍ഫറാസ് ഖാന്‍റെ സഹോദരന്‍ മുഷീര്‍ ഖാനും ടീമിലിടം ലഭിച്ചില്ല. സൂര്യുകുമാര്‍ യാദവ് മുഷ്താഖ് അലിയിലെ ആദ്യ മത്സരങ്ങളില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മിന്നും ഫോമിലായിരുന്ന ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ രണ്ട് സെഞ്ചുറികള്‍ അടക്കം 90.40 ശരാശരിയില്‍ 452 റണ്‍സടിച്ചിരുന്നു.
undefined
അതേസമയം, മോശം പെരുമാറ്റത്തിന്‍റെ പേരില്‍ മുംബൈ രഞ്ജി ടീമില്‍ നിന്നൊഴിവാക്കിയ പൃഥ്വി ഷാ തീരിച്ചെത്തിയത് അപ്രതീക്ഷിതമായി. രഞ്ജി ട്രോഫിയില്‍ മുംബൈക്കായി ആദ്യ രണ്ട് മത്സരങ്ങളില്‍ കളിച്ച പൃഥ്വി ഷാ 7,12, 1, 39* എന്നിങ്ങനെയായിരുന്നു സ്കോര്‍ ചെയ്തത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള മുംബൈ ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), പൃഥ്വി ഷാ, അങ്കിഷ് രഘുവംശി, ജയ് ബിസ്ത, അജിങ്ക്യ രഹാനെ, സിദ്ധേഷ് ലാഡ്, സൂര്യൻഷ് ഷെഡ്‌ഗെ, സായിരാജ് പാട്ടീൽ, ഹാർദിക് താമോർ , ആകാശ് ആനന്ദ്, ഷംസ് മുലാനി, ഹിമാൻഷു സിംഗ്, തനുഷ് കൊടിയാൻ , മോഹിത് അവാസ്തി, റോയ്സ്റ്റൺ ഡയസ്, ജുനെദ് ഖാൻ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക