Virat Kohli 100th Test: നൂറാം ടെസ്റ്റിനിറങ്ങുന്ന കോലിയെ പ്രശംസകൊണ്ട് മൂടി ഗാംഗുലി

By Web TeamFirst Published Mar 2, 2022, 5:13 PM IST
Highlights

കോലിയുടെ ബാറ്റിംഗ് ടെക്നിക്കും പോസിറ്റിവിറ്റിയും ഫൂട്ട്‌വര്‍ക്കും ബാലന്‍സും എല്ലാം എനിക്കിഷ്ടമാണ്. 2014ലെ ഇംഗ്ലണ്ട് പരമ്പരയിലെ മോശം പ്രകടനത്തിനുശേഷം കോലിയുടെ കരിയര്‍ ആകെ മാറി. ആ പരമ്പര ഞാന്‍ കമന്‍റേറ്റര്‍ എന്ന നിലയില്‍ അടുത്തുനിന്ന് കണ്ടതാണ്.

ലണ്ടന്‍: കരിയറിലെ നൂറാം ടെസ്റ്റിനിറങ്ങുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ(Virat Kohli) പ്രശംസകൊണ്ട് മൂടി ബിസിസിഐ(BCCI) പ്രസിഡന്‍റ് സൗരവ് ഗാംഗുലി(Sourav Ganguly). ഇന്ത്യക്കായി വളരെ കുറച്ചു കളിക്കാരെ 100 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ളൂവെന്നും ഈ നാഴികക്കല്ല് പിന്നിടുന്നതില്‍ കോലി തീര്‍ച്ചയായും കൈയടി അര്‍ഹിക്കുന്നുവെന്നും ഗാംഗുലി പറഞ്ഞു. കുടുംബവുമൊത്ത് ലണ്ടനില്‍ അവധിക്കാലം ആഘോഷിക്കുന്ന ഗാംഗുലി കോലിയുടെ നൂറാം ടെസ്റ്റിനായി മൊഹാലിയില്‍ എത്തുമെന്നും വ്യക്തമാക്കി. ഇന്ത്യക്കായി 11 കളിക്കാര്‍ മാത്രമാണ് ഇതുവരെ ടെസ്റ്റില്‍ 100 മത്സരങ്ങള്‍ തികച്ചവരായിട്ടുള്ളത്. വെള്ളിയാഴ്ച മൊഹാലിയില്‍ ശ്രീലങ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരമാണ് കോലിയുടെ കരിയറിലെ നൂറാം ടെസ്റ്റ്.

ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി വിരാട് കോലി നടത്തയി വാര്‍ത്താസമ്മേളനത്തില്‍ ഗാംഗുലിക്കെതിരെ പരോക്ഷമായി നടത്തിയ പരാമര്‍ശങ്ങള്‍ ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ഇതിനിടെ കോലിയെ വാനോളം പുകഴ്ത്തി നഗാംഗുലി രംഗത്തെത്തിയത് ഇരുവരും തമ്മില്‍ മഞ്ഞുരുകുന്നതിന്‍റെ സൂചനയാണെന്ന് റിപ്പോര്‍ട്ടുണ്ട്.

Latest Videos

വിരാട് കോലിയെ 100 ടെസ്റ്റ് കളിച്ചവരുടെ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ ഗാംഗുലി കോലി നാഴികക്കല്ല് പിന്നിടുന്നത് കാണാനായി താന്‍ മൊഹാലിയില്‍ എത്തുമെന്നും വ്യക്തമാക്കി. ഇത്തരമൊരു നേട്ടം സ്വന്തമാക്കണമെങ്കില്‍ നിങ്ങള്‍ ഏറ്റവും മികച്ച കളിക്കാരിലൊരാളായിരിക്കണം. വളരെ കുറച്ച് ഇന്ത്യന്‍ താരങ്ങള്‍ മാത്രമെ  ഈ നേട്ടത്തിലെത്തിയിട്ടുള്ളു. കോലി മഹാനായ കളിക്കാരനാണ്. അതുകൊണ്ടുതന്നെ ഈ നേട്ടത്തിന് അദ്ദേഹം തികച്ചും അര്‍ഹനാണ്.

2008ല്‍ ഏകദിന ക്രിക്കറ്റില്‍ കോലി അരങ്ങേറിയ വര്‍ഷമാണ് ഞാന്‍ വിരമിച്ചത്. അതുകൊണ്ടുതന്നെ ഒരുമിച്ച് കളിക്കാന്‍ ഞങ്ങള്‍ക്ക് അവസരമുണ്ടായിട്ടില്ല. പക്ഷെ കോലിയിലെ കളിക്കാരനെയും അദ്ദേഹത്തിന്‍റെ വളര്‍ച്ചയെയും ഞാന്‍ സസൂഷ്മം പിന്തുടരാറുണ്ട്. ടെസ്റ്റില്‍ നാലാം നമ്പറില്‍ സച്ചിന്‍റെ പിന്‍ഗാമിയെന്ന് പലരും വിശേഷിപ്പിക്കാറുണ്ട് കോലിയെ. തലമുറകളെ തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ലെങ്കിലും ടെസ്റ്റില്‍ നാലാം നമ്പറിലോ ഏകദിനത്തില്‍ മൂന്നാം നമ്പറിലോ ഏത് പൊസിഷനില്‍ കളിച്ചാലും അസാമാന്യ പ്രകടനമാണ് കോലി പുറത്തെടുത്തിട്ടുള്ളത്.

കോലിയുടെ ബാറ്റിംഗ് ടെക്നിക്കും പോസിറ്റിവിറ്റിയും ഫൂട്ട്‌വര്‍ക്കും ബാലന്‍സും എല്ലാം എനിക്കിഷ്ടമാണ്. 2014ലെ ഇംഗ്ലണ്ട് പരമ്പരയിലെ മോശം പ്രകടനത്തിനുശേഷം കോലിയുടെ കരിയര്‍ ആകെ മാറി. ആ പരമ്പര ഞാന്‍ കമന്‍റേറ്റര്‍ എന്ന നിലയില്‍ അടുത്തുനിന്ന് കണ്ടതാണ്. അതിനുശേഷമുളള അഞ്ച് വര്‍ഷം കോലിയുടെ കരിയറില്‍ അസാമാന്യമായിരുന്നു. രാഹുല്‍ ദ്രാവിഡും കരിയറില്‍ സമാനമായ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. 2002 മുതല്‍ 2005വരെ ദ്രാവിഡിനും കരിയറില്‍ മോശം സമയമായിരുന്നു. പക്ഷെ അതിനുശേഷം അദ്ദേഹം തിരിച്ചുവന്നു. മഹാന്ർമാരായ കളിക്കാര്‍ക്കെല്ലാം കരിയറില്‍ ഇത്തരം ഘട്ടങ്ങളുണ്ടായിട്ടുണ്ട്. സച്ചിന്‍റെ കരിയറില്‍ പലതവണ ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷമായി കോലി സെഞ്ചുറി നേടിയിട്ടില്ലായിരിക്കും. പക്ഷെ ഈ ഘട്ടം കോലിയും കടന്നുപോകും.
കോലിയും സെഞ്ചുറിയുമായി തിരിച്ചുവരുമെന്നാണ് എന്‍റെ വിശ്വാസം.   കാരണം എങ്ങനെ സെഞ്ചുറി നേടണമെന്ന് കോലിക്ക് അറിയാം. അല്ലെങ്കില്‍ അദ്ദേഹം 70 രാജ്യാന്തര സെഞ്ചുറികള്‍ നേടില്ലായിരുന്നല്ലോ. മുന്‍ കളിക്കാരനെന്ന നിലയില്‍ എനിക്കറിയാം, കോലി ശക്തമായി തിരിച്ചുവരുമെന്ന്-ഗാംഗുലി പറഞ്ഞു.

click me!