രാഹുലിനും ജുറലിനും മതിയായ അവസരം ലഭാക്കാത്തിനാല്‍ ടീം മാനേജ്മെന്റും സെലക്ഷന്‍ പാനലും ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കുകയായിരുന്നു.
മുംബൈ: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഇന്ത്യന്‍ താരങ്ങളായ കെ എല്‍ രാഹുലും ധ്രുവ് ജുറലും നേരത്തെ ഓസ്‌ട്രേലിയയിലേക്ക് തിരിക്കും. ഇന്ത്യയുടെ എ ടീമിനൊപ്പം ചേരും. കൂടുതല്‍ പരിശീലനം നേടുന്നതിന്റെ ഭാഗമായിട്ടാണ് ഇരുവരും ഓസ്‌ട്രേലിയയിലേക്ക് പോകുന്നത്. ഓസ്‌ട്രേലിയ എയ്‌ക്കെതിരായ അവസാന ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റില്‍ ഇരുവരും കളിച്ചേക്കും. ബെംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് രാഹുല്‍ കളിച്ചെങ്കിലും കാര്യമായ പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. റിഷഭ് പന്തിന്റെ കാല്‍മുട്ടിന് പരിക്കേറ്റപ്പോള്‍ പകരക്കാരനായി മാത്രമാണ് ജുറല്‍ കളിച്ചത്.
രണ്ട് ബാച്ചുകളിലായാണ് ഇന്ത്യന്‍ ടീം ഓസ്ട്രേലിയയിലേക്ക് പറക്കുന്നത്. രാഹുലിനും ജുറലിനും മതിയായ അവസരം ലഭാക്കാത്തിനാല്‍ ടീം മാനേജ്മെന്റും സെലക്ഷന്‍ പാനലും ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കുകയായിരുന്നു. നേരത്തെ ഓസീസിനെതിരെ ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യ എയ്ക്കെതിരെ ഷെഡ്യൂള്‍ ചെയ്തിരുന്ന പരിശീലന മത്സരം റദ്ദാക്കിയിരുന്നു. അതിന്റെ കാരണം രോഹിത് ശര്‍മ വിശദീകരിക്കുകയും ചെയ്തു. ഒരു ടീമെന്ന നിലയില്‍ ഒരു പരിശീലന ഗെയിം കളിക്കുന്നതിനുപകരം ഞങ്ങള്‍ക്ക് കൂടുതല്‍ സുഖമായി തോന്നുന്നത് പരിശീലനത്തില്‍ ഏര്‍പ്പെടുന്നതാണെന്ന് രോഹിത് വ്യക്തമാക്കി. ഒരു ബാറ്റര്‍ പുറത്തായാല്‍, അയാള്‍ക്ക് ദിവസം മുഴുവന്‍ ഡഗൗട്ടില്‍ ഇരിക്കേണ്ടി വരുമെന്നും, അധികം പന്തുകള്‍ ഫേസ് ചെയ്യാന്‍ കഴിയില്ലെന്നും രോഹിത് കൂട്ടിചേര്‍ത്തിരുന്നു.
undefined
പരിചയസമ്പത്തില്ലാത്ത താരങ്ങള്‍ ഗുണം ചെയ്യുന്ന രീതിയിലുള്ള പരിശീലന പദ്ധതികളാണ് പേര്‍ത്തില്‍ അസൂത്രണം ചെയ്തിരിക്കുന്നത്. അതിന് ശേഷം ഓസ്ട്രേലിയയും ഇതേ ഗ്രൗണ്ടില്‍ പരിശീലനം നടത്തും. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി പ്രധാനമാണ്. ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യക്ക് നാല് വിജയങ്ങളാണ് വേണ്ടത്. ന്യൂസിലന്‍ഡിനെതിരെ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പര തോറ്റതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റ് ജയിച്ചാല്‍ പിന്നീട് വേണ്ടത് മൂന്ന് വിജയങ്ങള്‍. അഞ്ച് മത്സര പരമ്പരക്ക്18 അംഗങ്ങളുള്ള ജംബോ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.
റിസര്‍വ് താരങ്ങളായി പേസര്‍മാരായ മുകേഷ് കുമാര്‍, നവദീപ് സെയ്നി, ഖലീല്‍ അഹമ്മദ് എന്നിവരെയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. നവംബര്‍ 22ന് പെര്‍ത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റ്. ഡിസംബര്‍ ആറ് മുതല്‍ രണ്ടാം ടെസ്റ്റ് (ഡേ നൈറ്റ് ടെസ്റ്റ്) അഡ്‌ലെയ്ഡില്‍ നടക്കും. ഡിസംബര്‍ 14 മുതല്‍ ബ്രിസ്ബേനില്‍ മൂന്നാം ടെസ്റ്റും 26ന് മെല്‍ബണില്‍ നാലാം ടെസ്റ്റും ജനുവരി 3ന് സിഡ്നിയില്‍ അഞ്ചാം ടെസ്റ്റും നടക്കും.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ , ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍.