രഞ്ജിയിലെ പ്രകടനവും തുണയായില്ല! ഷമി കാത്തിരിക്കണം, ധൃതിയില്‍ ഓസ്‌ട്രേലിയയിലേക്ക് വരേണ്ടെന്ന് ടീം മാനേജ്മെന്‍റ്

By Web Team  |  First Published Nov 17, 2024, 5:45 PM IST

സെയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കുറച്ച് മത്സരങ്ങള്‍ കളിക്കാനാണ് ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുള്ളത്.


കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയെങ്കിലും മുഹമ്മദ് ഷമിയെ തുടക്കത്തില്‍ തന്നെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് അയക്കില്ല. മധ്യപ്രദേശിനെതിരായ ബംഗാളിന്റെ രഞ്ജി ട്രോഫി മത്സരത്തിനിടെ ബാറ്റിലും പന്തിലും തിളങ്ങിയ ഷമി തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയിരുന്നു. രണ്ട് ഇന്നിംഗ്സുകളില്‍ നിന്ന് ഏഴ്  വിക്കറ്റ് വീഴ്ത്തിയ ഷമി 36 പന്തില്‍ 37 റണ്‍സും നേടിയിരുന്നു. ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ ക്യാപ്റ്റനുമായിരുന്ന സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടിരുന്നു. ഗാംഗുലി മാത്രമല്ല, രവി ശാസ്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഷമിക്ക് വേണ്ടി വാദിച്ചിരുന്നു. 

എന്നാല്‍ ഷമിയെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. സെയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കുറച്ച് മത്സരങ്ങള്‍ കളിക്കാനാണ് ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുള്ളത്. ഫിറ്റ്നെസ് തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഷമിയോട് മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കാന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുള്ളത്. നേരത്തെ രണ്ട് നിബന്ധനകള്‍ ഷമിക്ക് മുന്നില്‍ ബിസിസിഐ വച്ചിരുന്നു. ആദ്യത്തേത് രഞ്ജി ട്രോഫി രണ്ടാം ഇന്നിംഗ്‌സില്‍ ഷമിയുടെ പ്രകടനമായിരുന്നു. രണ്ടാം ഇന്നിംഗ്‌സിനെ ആശ്രയിച്ചിരിക്കും ഷമിയെ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നുള്ള കാര്യം തീരുമാനിക്കുക. 

Latest Videos

undefined

'ധോണിയുടെ പിന്‍ഗാമിയാവാന്‍ അവന് കഴിയും'; ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്ററുടെ പേരെടുത്ത് പറഞ്ഞ് മുന്‍ താരം

മറ്റൊന്ന് മത്സരത്തിനൊടുവില്‍ ശരീരത്തില്‍ വേദനയോ വീക്കമോ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ഷമിക്ക് മുന്നില്‍ വച്ചിരിക്കുന്ന മറ്റൊരു നിബന്ധന. ഈ രണ്ട് കടമ്പകളും ഷമി വിജയകരമായി മറികടന്നിരുന്നു. ഈ മാസം 23നാണ് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇതില്‍ നാലോ അഞ്ചോ മത്സരങ്ങള്‍ കളിച്ചാല്‍ കൂടി ഷമിക്ക് ഡിസംബര്‍ ആറിന് അഡ്‌ലെയ്ഡില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായി ടീമിനൊപ്പം ചേരാനായേക്കും. രണ്ടാം ടെസ്റ്റിന് തൊട്ടുമുമ്പ് ഷമി ടീമിനൊപ്പമുണ്ടാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ , ആര്‍ അശ്വിന്‍, ആര്‍ ജഡേജ , മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍.

click me!