വിന്‍ഡീസ്, ഇംഗ്ലണ്ട്, പ്രോട്ടീസ് ആര്‍ക്കും സെമി കേറാം! സൂപ്പര്‍ 8 ഗ്രൂപ്പ് രണ്ട് ഇനി യുദ്ധസമാനം, സാധ്യതകള്‍

By Web TeamFirst Published Jun 22, 2024, 1:41 PM IST
Highlights

യുഎസിനേയും ഇംഗ്ലണ്ടിനേയും തോല്‍പ്പിച്ച ദക്ഷിണാഫ്രിക്കയാണ് ഗ്രൂപ്പില്‍ ഒന്നാമത്. നാല് പോയിന്റാണ് അവര്‍ക്കുള്ളത്.

ബാര്‍ബഡോസ്: ടി20 ലോകകപ്പ് സൂപ്പര്‍ 8 ഗ്രൂപ്പ് രണ്ടില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ജയത്തോടെ നാല് ടീമുകള്‍ക്കും സെമി ഫൈനല്‍ പ്രതീക്ഷയേറി. ഇന്ന് യുഎസിനെതിരെ ഒമ്പത് വിക്കറ്റിനായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ യുഎസ് 19.5 ഓവറില്‍ 128ന് എല്ലാവരും പുറത്തായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ ആന്ദ്രേ റസ്സല്‍, റോസ്റ്റണ്‍ ചേസ് എന്നിവരാണ് യുഎസിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 10.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെയാണ് ഗ്രൂപ്പ് പ്രവചനാതീതമായത്. ടീമുകളുടെ സെമി സാധ്യതകള്‍ നോക്കാം...

ദക്ഷിണാഫ്രിക്ക

Latest Videos

യുഎസിനേയും ഇംഗ്ലണ്ടിനേയും തോല്‍പ്പിച്ച ദക്ഷിണാഫ്രിക്കയാണ് ഗ്രൂപ്പില്‍ ഒന്നാമത്. നാല് പോയിന്റാണ് അവര്‍ക്കുള്ളത്. എന്നാല്‍ പോലും ദക്ഷിണാഫ്രിക്ക സെമിയിലെത്തിയെന്ന് ഉറപ്പിക്കാറായിട്ടില്ല. അവസാന മത്സരം ആതിഥേയരായ വിന്‍ഡീസിനെതിരെയാണ്. അതില്‍ ജയിച്ചില്ലെങ്കില്‍, യുഎസ് ഇംഗ്ലണ്ടിനെ അട്ടിമറിച്ചാല്‍ മാത്രമെ ദക്ഷിണാഫ്രിക്ക സെമിയിലെത്തൂ. നെറ്റ് റണ്‍റേറ്റും വിന്‍ഡീസിന് അനുകൂലം. യുഎസിനെതിരെ കൂറ്റന്‍ ജയത്തോടെ വിന്‍ഡീസിന്റെ നെറ്റ് റണ്‍റേറ്റ് +1.814 ആയി ഉയര്‍ന്നു. ദക്ഷിണാഫ്രിക്കയുടേത് +0.625.

വെസ്റ്റ് ഇന്‍ഡീസ്

ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാല്‍ വിന്‍ഡീസിന് സെമിയിലെത്താം. ഉയര്‍ന്ന നെറ്റ് റണ്‍റേറ്റും വിന്‍ഡീസിന് ഗുണം ചെയ്യും. ഫലം മറിച്ചാണെങ്കില്‍ പുറത്തേക്കും. നിലവില്‍ രണ്ട് മത്സരങ്ങളില്‍ രണ്ട് പോയിന്റ് മാത്രമാണ് വിന്‍ഡീസിന്. എന്നാല്‍ ഉയര്‍ന്ന നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ രണ്ടാമതാണ് ടീം. ആദ്യ മത്സരത്തില്‍ അവര്‍ ഇംഗ്ലണ്ടിനോട് തോല്‍ക്കുകയുണ്ടായി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജയിക്കുകയല്ലാതെ വിന്‍ഡീസിന് മറ്റൊരു മാര്‍ഗമില്ല. ഈ മത്സരം നോക്കൗട്ട് എന്ന് വിശേഷിപ്പിക്കാം.

ഇംഗ്ലണ്ട് 

രണ്ട് മത്സരങ്ങളില്‍ രണ്ട് പോയിന്റ് മാത്രമുള്ള ഇംഗ്ലണ്ടിനും വാതിലുകള്‍ അടഞ്ഞിട്ടില്ല. അവസാന മത്സരം താരതമ്യേന ദുര്‍ബലരായ യുഎസിനെതിരെയാണ്. ഇന്നലെ ദക്ഷിണാഫ്രിക്കയോട് തോറ്റ ഇംഗ്ലണ്ട് കൂറ്റന്‍ ജയമാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താനും നാല് പോയിന്റ് നേടാനും സെമി പ്രതീക്ഷകള്‍ സജീവമാക്കാനും നിലവിലെ ചാംപ്യന്മാര്‍ക്ക് സാധിക്കും.

യുഎസ്

നേരിയ സാധ്യത മാത്രമാണ് യുഎസിനുള്ളത്. നിലവില്‍ രണ്ട് മത്സരങ്ങളും തോറ്റ യുഎസ് പോയിന്റൊന്നുമില്ലാതെ അവസാന സ്ഥാനത്താണ്. അവസാന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ മറികടന്നാല്‍ മ്ാത്രമാണ് ചെറിയ സാധ്യതയെങ്കിലുമുള്ളൂ. മാത്രമല്ല, ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തുകയും വേണം.

click me!