ടി20 ലോകകപ്പില്‍ ധോണി ഉപദേഷ്ടാവാകുന്നത് പ്രതിഫലമില്ലാതെയെന്ന് ഗാംഗുലി

By Web Team  |  First Published Oct 12, 2021, 10:43 PM IST

നിലവില്‍ ഐപിഎല്ലില്‍ ചെന്നൈ ടീമിനെ നയിക്കുന്ന ധോണി ഐപിഎല്ലിനുശേഷം ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിലാണ് ഇന്ത്യന്‍ ടീമീനും ലോകകപ്പിനിടെ താമസം ഒരുക്കിയിരിക്കുന്നത്. 2007ല്‍ ഇന്ത്യ ആദ്യമായി ടി20 ലോകകപ്പ് കിരീടം നേടിയപ്പോള്‍ ധോണിയായിരുന്നു ഇന്ത്യയെ നയിച്ചത്.

മുംബൈ: ടി20 ലോകകപ്പില്‍(T20 World Cup) എം എസ് ധോണി(MS Dhoni) ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവാകുന്നത് പ്രതിഫലമില്ലാതെയാണെന്ന് ബിസിസിഐ(BCCI) പ്രസിഡന്റ് സൗരവ് ഗാംഗുലി(Sourav Ganguly). പ്രതിഫലമൊന്നുമില്ലാതെ തന്നെ ലോകകപ്പില്‍ ഇന്ത്യയുടെ ഉപദേഷ്ടാവായിരിക്കാന്‍ ധോണി തയാറായിയെന്ന്‌ ബിസിസിഐ സെക്രട്ടറി ജയ് ഷായും(Jay Shah) സ്ഥിരീകരിച്ചു. ധോണിയുടെ സേവനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും ജയ് ഷാ പറഞ്ഞു.

നിലവില്‍ ഐപിഎല്ലില്‍ ചെന്നൈ ടീമിനെ നയിക്കുന്ന ധോണി ഐപിഎല്ലിനുശേഷം ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിലാണ് ഇന്ത്യന്‍ ടീമീനും ലോകകപ്പിനിടെ താമസം ഒരുക്കിയിരിക്കുന്നത്. 2007ല്‍ ഇന്ത്യ ആദ്യമായി ടി20 ലോകകപ്പ് കിരീടം നേടിയപ്പോള്‍ ധോണിയായിരുന്നു ഇന്ത്യയെ നയിച്ചത്.

Latest Videos

undefined

പിന്നീട് 2011ലെ ഏകദിന ലോകകപ്പ്‌ വിജയത്തിലേക്കും 2013ലെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിലേക്കും ധോണി ഇന്ത്യയെ നയിച്ചു. ഐസിസിയുടെ മൂന്ന് പ്രധാന കിരീടങ്ങളും സ്വന്തമാക്കിയ ഒരേയൊരു നായകനാണ് ധോണി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി ഐപിഎല്ലില്‍ ചെന്നൈ നായകനായി തുടരുന്നുണ്ട്.

കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ചെന്നൈയെ ഇത്തവണ ധോണി ഫൈനലിലേക്ക് നയിച്ചു. ഡല്‍ഹിക്കെതിരായ ആദ്യ ക്വാളിഫയറില്‍ ധോണിയുടെ ബാറ്റിംഗ് മികവിലാണ് ചെന്നൈ ഡല്‍ഹിയെ കീഴടക്കി ഫൈനലിലെത്തിയത്. ഡല്‍ഹിക്കെതിരെ അവസാന ഓവറില്‍ 13 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ചെന്നൈക്കായി ധോണി മൂന്ന് ബൗണ്ടറി അടിച്ചാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ടൂര്‍ണമെന്റില്‍ ബാറ്റിംഗില്‍ ഇതുവരെ ഫോമിലാകാതെയിരുന്ന ധോണി ഡല്‍ഹിക്കെതിരെ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സും അടക്കം ആറ് പന്തില്‍ 18 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

click me!