ഐപിഎല്‍ താരലേലത്തില്‍ ചരിത്രം സൃഷ്ടിച്ച് ജയദേവ് ഉനദ്ഖട്; ഹൈദരാബാദ് പൊക്കിയത് ഒരു കോടിക്ക്

By Web Team  |  First Published Nov 26, 2024, 10:11 AM IST

2010ല്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച താരം 105 മത്സരങ്ങളില്‍ നിന്ന് 99 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.


ജിദ്ദ:ഐപിഎല്‍ താരലേലത്തില്‍ ചരിത്രംകുറിച്ച് ജയദേവ് ഉനദ്ഖട്. ഏഴ് വ്യത്യസ്ത ടീമുകളുടെ ഭാഗമാവുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് ഇടംകൈയന്‍ പേസറായ ഉനദ്ഖട്് സ്വന്തമാക്കിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കാണ് ഉനാദ്ഖടിനെ ടീമിലെത്തിച്ചത്. 2010ല്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച താരം 105 മത്സരങ്ങളില്‍ നിന്ന് 99 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ഇത് 13-ാം തവണയാണ് ഉനദ്ഖട് ഐപിഎല്‍ കളിക്കാനൊരുങ്ങുന്നത്. തന്റെ ഐപിഎല്‍ കരിയറില്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് തുടങ്ങി നിരവധി ഫ്രാഞ്ചൈസികള്‍ക്കായി ഉനദ്ഖട്് കളിച്ചിട്ടുണ്ട്.

അതേസമയം, ഐപിഎല്‍ താരലേലത്തില്‍ കൂടുതല്‍ മത്സരം നടന്നത് ഫാസ്റ്റ് ബൗളര്‍മാരെ സ്വന്തമാക്കാന്‍. അര്‍ഷ്ദീപ് സിംഗാണ് ലേലത്തില്‍ വിലയേറിയ ഫാസ്റ്റ് ബൗളര്‍. പതിനെട്ട് കോടി രൂപയ്ക്കാണ് പഞ്ചാബ് കിംഗ്‌സ് അര്‍ഷ്ദീപിനെ നിലനിര്‍ത്തിയത്. മുംബൈ ഇന്ത്യന്‍സ് 12.50 കോടിക്ക് ട്രെന്റ് ബോള്‍ട്ടിനെയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 12.50 കോടിക്ക് ജോഷ് ഹെയ്‌സല്‍വുഡിനെയും ഡല്‍ഹി ക്യാപിറ്റല്‍സ് 11.75 കോടിക്ക് മിച്ചല്‍ സ്റ്റാര്‍ക്കിനെയും ആര്‍സിബി 10.75 കോടിക്ക് ഭുവനേശ്വര്‍ കുമാറിനെയും ഡല്‍ഹി 10.75 കോടിക്ക് ടി നടരാജനേയും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പത്തുകോടിക്ക് മുഹമ്മദ് ഷമിയെയും സ്വന്തമാക്കി. ആവേശ് ഖാന്‍ (9.75 ലക്‌നൗ), പ്രസിദ്ധ് കൃഷ്ണ (9.50 ഗുജറാത്ത്), ദീപക് ചഹര്‍ (9.25 മുംബൈ), ആകാശ് ദീപ് (8 കോടി ലഖ്‌നൗ), മുകേഷ് കുമാര്‍ (8 കോടി ഡല്‍ഹി).

Latest Videos

undefined

മൂന്ന് കേരള താരങ്ങള്‍ മാത്രമാണ് ഐപിഎല്ലില്‍ ഇടം പിടിക്കാനായത്. വിഷ്ണു വിനോദ്, സച്ചിന്‍ ബേബി. വിഗ്‌നേഷ് പുത്തൂര്‍ എന്നിവരെയാണ് ടീമുകള്‍ സ്വന്തമാക്കിയത്. വിഷ്ണു വിനോദിനെ 95 ലക്ഷത്തിന് പഞ്ചാബ് കിംഗ്‌സും സച്ചിന്‍ ബേബിയെ 30 ലക്ഷത്തിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും വിഗ്‌നേഷ് പുത്തൂരിനെ 30 ലക്ഷത്തിന് മുംബൈ ഇന്ത്യന്‍സും സ്വന്തമാക്കി.

click me!