തകര്‍ത്തടിച്ച് ഷാക്കിബ് കാത്തു, കരകയറി ബംഗ്ലാദേശ്; നെതര്‍ലന്‍ഡ്‌സിന് ജയിക്കാന്‍ 160

By Web TeamFirst Published Jun 13, 2024, 9:58 PM IST
Highlights

നെതര്‍ലന്‍ഡ്‌സിന്‍റെ സ്‌പിന്‍ ആക്രമണത്തിന് മുന്നില്‍ കിംഗ്‌സ്‌ടൗണില്‍ മോശം തുടക്കമാണ് ബംഗ്ലാദേശിന് കിട്ടിയത് 

കിംഗ്‌സ്‌ടൗണ്‍: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഗ്രൂപ്പ് ഡിയിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ നെതര്‍ലന്‍ഡ്‌സിന് 160 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റിന് 159 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍റെ പ്രകടനമാണ് ഒരുവശത്ത് തകര്‍ച്ചയ്‌ക്കിടയിലും ബംഗ്ലാദേശിനെ രക്ഷിച്ചത്. ഷാക്കിബ് 46 പന്തില്‍ 64* റണ്‍സുമായി പുറത്താവാതെ നിന്നു. 

കിംഗ്‌സ്‌ടൗണില്‍ മോശം തുടക്കമാണ് ബംഗ്ലാദേശിന് കിട്ടിയത്. ഓരോ ഓവറുകളുടെ ഇടയില്‍ ക്യാപ്റ്റന്‍ നജ്‌മുല്‍ ഹൊസൈന്‍ ഷാന്‍റോയെയും, വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസിനെയും മടക്കി നെതര്‍ലന്‍ഡ്‌സ് സ്‌പിന്നര്‍ ആര്യന്‍ ദത്താണ് ബംഗ്ലാ കടുവകള്‍ക്ക് ഭീഷണിയായത്. ഓപ്പണര്‍ കൂടിയായ ഷാന്‍റോ മൂന്ന് പന്തുകളിലും വണ്‍ഡൗണ്‍ പ്ലെയര്‍ ലിറ്റണ്‍ രണ്ട് ബോളുകളിലും ഓരോ റണ്‍സ് വീതമേ നേടിയുള്ളൂ. ഇതോടെ തുടക്കം നിറംമങ്ങിയ 3.1 ഓവറില്‍ ബംഗ്ലാദേശ് 23-2 എന്ന നിലയിലായി. എന്നാല്‍ നാലാമനായിറങ്ങിയ ഷാക്കിബ് അല്‍ ഹസനൊപ്പം ഓപ്പണര്‍ തന്‍സീദ് ഹസന്‍ ബംഗ്ലാദേശിനെ പവര്‍പ്ലേയില്‍ 54 എന്ന റണ്‍സിലെത്തിച്ചു.  

Latest Videos

സിക‌്‌സറിന് ശ്രമിച്ച തന്‍സീദിനെ 9-ാം ഓവറില്‍ പേസര്‍ പോള്‍ വാന്‍ മീകെരന്‍ പറഞ്ഞയച്ചതോടെ ബംഗ്ലാദേശ് 71-3. മൂന്നാം വിക്കറ്റില്‍ 48 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ബംഗ്ലാ സ്കോര്‍ 76-3. 13-ാം ഓവറില്‍ തൗഹിദ് ഹൃദോയിയെ (15 പന്തില്‍ 9) ബൗള്‍ഡാക്കി സ്‌പിന്നര്‍ ടിം പ്രിങ്കിള്‍ അടുത്ത പ്രഹരം നല്‍കി. 14-ാം ഓവറില്‍ ഷാക്കിബ്, മഹമ്മദുള്ള സഖ്യം ബംഗ്ലാദേശിനെ 100 കടത്തി. 18-ാം ഓവറില്‍ പോളിനെ പറത്താന്‍ ശ്രമിച്ച് മഹമ്മദുള്ള (21 പന്തില്‍ 25) വീണു. അവസാന ഓവറില്‍ ബംഗ്ലാദേശിനെ ഷാക്കിബ് 150 കടത്തി. 46 പന്തില്‍ 64* റണ്‍സുമായി ഷാക്കിബ് അല്‍ ഹസനും, 7 പന്തില്‍ 14* റണ്‍സുമായി ജാക്കര്‍ അലിയും പുറത്താവാതെ നിന്നു. 

Read more: ട്വന്‍റി 20 ലോകകപ്പ്: സൂപ്പര്‍ എട്ടിന് മുമ്പ് ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!